സ്വർണതട്ടിപ്പു കേസ്: കാസർകോട് മുസ്ലിംലീഗിൽ ഭിന്നിപ്പും തർക്കങ്ങളും

കോഴിക്കോട്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീൻറെ നേതൃത്വത്തിലുള്ള ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടിയതോടെ കാസർകോട്ടു ജില്ലയിലെ മുസ്ലിംലീഗ് നേതൃത്വത്തിലും അണികൾക്കിടയിലും ഭിന്നിപ്പും പ്രതിഷേധവും. മുസ്ലിം ലീഗ് ജില്ലാനേതാവും യുഡിഎഫ് ചെയർമാനുമായ ഖമറുദീനെ ഇക്കാര്യത്തിൽ വിശദീകരണം തേടാനായി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ഇന്നു പാണക്കാട്ടേക്കു വിളിപ്പിച്ചെങ്കിലും രണ്ടുഗ്രൂപ്പുകാരും സംഘടിച്ചു എത്തിയതോടെ ഔദ്യോഗികമായ ചർച്ചകൾ വേണ്ടെന്നു വച്ചു. ലീഗ്  സംസ്ഥാന നേതാക്കളുമായി കോഴിക്കോട് ലീഗ് ആസ്ഥാനത്തു വെച്ചു സംസാരിക്കാനാണ് പാർട്ടി അധ്യക്ഷൻ ഖമറുദീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഞ്ചേശ്വരം നിയമസഭാ  ഉപതിരഞ്ഞെടുപ്പിൽ ഏഴായിരത്തിൽ അധികം വോട്ടുകൾ നേടിക്കൊണ്ടാണ് ഖമറുദീൻ കഴിഞ്ഞ വർഷം നിയമസഭയിൽ എത്തിയത്. അദ്ദേഹം ചെയർമാനായ ഫാഷൻ  ഗോൾഡ് എന്ന സ്ഥാപനം ജില്ലയിലെ 800ൽ അധികം  നിക്ഷേപകരിൽ നിന്നായി 150 കോടി രൂപയിൽ അധികം നിക്ഷേപമായി സ്വീകരിച്ചിരുന്നു. എന്നാൽ ലാഭവീതമോ നിക്ഷേപമോ തിരിച്ചുനൽകാനാവാതെ സ്ഥാപനം ഒരുവർഷത്തിൽ ഏറെയായി പ്രതിസന്ധിയിലായിരുന്നു.  ഒരുവിഭാഗം  നിക്ഷേപകർ ഒന്നിച്ചു പണം പിൻവലിച്ചതാണ് പ്രതിസന്ധിക്കു കാരണമായതെന്ന് ഖമറുദീൻ അനുകൂലികൾ പറയുന്നു. അതേസമയം  നിക്ഷേപകരിൽ മഹാഭൂരിപക്ഷവും മുസ്ലിംലീഗ് അനുഭാവികൾ തന്നെയാണ്. പണം  കിട്ടാതെ വന്നപ്പോൾ അവരിൽ ഒരുവിഭാഗം കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഖമറുദീനെതിരെ  വഞ്ചനാക്കുറ്റത്തിന് ക്രിമിനൽ കേസും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

നിക്ഷേപകരുമായുള്ള ചർച്ചകളിൽ ഈ വർഷം അവസാനിക്കും മുമ്പ് പണം നല്കാൻ  കഴിയുമെന്നാണ് ഖമറുദീൻ ഉറപ്പു നൽകിയത്. മുസ്ലിംലീഗ് നേതാവ് പൂക്കോയതങ്ങൾ അടക്കമുള്ളവർ ആരംഭിച്ച കമ്പനിയുടെ ചെയർമാൻ സ്ഥാനം താൻ നിക്ഷേപകരുടെ നിർബന്ധം കാരണം ഏറ്റെടുക്കുകയായിരിന്നു എന്നും സ്ഥാപനത്തിന്റെ തകർച്ചയിൽ വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നുമാണ് ഖമറുദീൻ പറയുന്നത്. എന്നാൽ  മറുവിഭാഗം ഈ അവകാശവാദങ്ങൾ തള്ളുന്നു .കമ്പനി പ്രതിസന്ധിയിൽ ആയ ശേഷവും ഖമറുദീൻ നേരിട്ടു പലരെയും സമീപിച്ചു നിക്ഷേപം സ്വീകരിച്ചതായും തിരിച്ചുനല്കുന്നതു സംബന്ധിച്ചു നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും അവർ വാദിക്കുന്നു.

വിഷയത്തിൽ ഇരുഭാഗത്തും മുസ്ലിംലീഗ് പ്രവർത്തകരും അനുഭാവികളും തന്നെയാണ് എന്നതാണ് സംസ്ഥാന ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുന്നത്.  വിഷയം സിപിഎം അടക്കമുള്ള  മറ്റുകക്ഷികൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പരിഹാരം തേടി ഖമറുദീനെ പണക്കാട്ടേക്കു വിളിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ഉന്നതാധികാര യോഗം തീരുമാനിച്ചത്. എന്നാൽ ഇരുവിഭാഗവും ഇന്ന് രാവിലെത്തന്നെ പാണക്കാട്ടേക്ക് സംഘടിതമായി എത്തിയതോടെ യോഗം ഉപേക്ഷിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്. വിഷയത്തിൽ ഇനിയുള്ള ലീഗ് നിലപാടുകൾ ഒന്നുരണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്നു   നേതാക്കൾ പറയുന്നു. ലീഗിലെ തന്റെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ  പദവിയും നിയമസഭാ അംഗത്വവും രാജിവെക്കാൻ ഖമറുദീൻ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും അതു പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും എന്ന വിലയിരുത്തലാണ് സംസ്ഥാന പാർട്ടി നേതൃത്വത്തിനുള്ളത്.  

Leave a Reply