ഇന്ത്യാ -ചൈനാ വിദേശകാര്യമന്ത്രിതല ചർച്ചയിൽ മഞ്ഞുരുകൽ സാധ്യത കുറവെന്നു നിരീക്ഷണം

ന്യൂഡൽഹി: ചൈനാ അതിർത്തിയിൽ  നാല്പത്തഞ്ചു കൊല്ലത്തിനിടയിൽ ആദ്യമായി വെടിയൊച്ച കേട്ടത് കഴിഞ്ഞ  ദിവസമാണ്. കിഴക്കൻ ലഡാക്കിൽ പാങ്കോങ് തടാകക്കരയിൽ ഇരുസൈന്യങ്ങളും നേരത്തെയുള്ള പൊസിഷനുകളിൽ നിന്നു മാറി കൂടുതൽ മേൽകൈ നേടാനുള്ള ശ്രമങ്ങൾക്കിടയിലാണ് ചൈനീസ് സൈനികർ വെടിയുതിർത്തത്. എന്നാൽ ആദ്യം ആകാശത്തേക്ക് വെടിവെച്ചത് ഇന്ത്യയാണെന്ന് ചൈനീസ്   അധികൃതർ ആരോപിക്കുന്നുണ്ട്. ഒരു കാര്യം  വ്യക്തമാണ്: കഴിഞ്ഞ ആഴ്ച സെപ്റ്റംബർ അഞ്ചിന് മോസ്‌കോയിൽ ഇന്ത്യൻ  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനയുടെ മന്ത്രി വീ ഫെങ്‌ഹേയുമായി നടത്തിയ നേരിട്ടുള്ള ചർച്ചക്ക് ശേഷം അതിർത്തിയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഇരുരാജ്യങ്ങളും പ്രദേശത്തു കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുകയുമാണ്.

പ്രതിരോധ  മന്ത്രിമാരുടെ ചർച്ചകൾക്കു ശേഷം അതിർത്തിയിൽ കൂടുതൽ സംഘർഷങ്ങൾ ഉയർന്ന അന്തരീക്ഷത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും മോസ്‌കോയിൽ ചർച്ച നടത്തുന്നത്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനാണ് ഇരുമന്ത്രിമാരും റഷ്യൻ തലസ്ഥാനത്തു എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രിമാർ  സമ്മേളിച്ചതും ഇതിന്റെ ഭാഗമായി തന്നെയായിരുന്നു. അന്നു ചൈനീസ് പ്രതിരോധ മന്ത്രിയുടെ ക്ഷണം അനുസരിച്ചാണ് രാജ്‌നാഥ് സിങ് അദ്ദേഹവുമായി ഉഭയകക്ഷി ചർച്ച നടത്തിയത്. അതിർത്തി പ്രശ്നത്തിൽ പരിഹാരം   കാണാനായി വീണ്ടും ചർച്ചകൾ തുടരണമെന്നു അന്നു രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായതായി പിന്നീട് ഇരുരാജ്യങ്ങളും അറിയിക്കുകയുണ്ടായി.

തുടർ ചർച്ചകളിൽ ഏറ്റവും പ്രധാനമാണ് ഇന്നു നടക്കുന്ന വിദേശകാര്യ മന്ത്രിതല ചർച്ചകൾ എന്നു വിവിധ  അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം,അതിർത്തിയിൽ സംഘർഷം പുകയുന്ന അവസ്ഥയിൽ അതിനു താൽക്കാലികമായെങ്കിലും  പരിഹാരം കാണാതെ മന്ത്രിതല ചർച്ചയിൽ പുരോഗതി ഉണ്ടാകാനിടയില്ലെന്നും വിലയിരുത്തപ്പെടുന്നു. മോസ്കോയിലേക്കു പുറപ്പെടും മുമ്പ് ജയ്‌ശങ്കർ പറഞ്ഞത് ചൈനയുമായുള്ള അതിർത്തിയിലെ നിലവിലെ പ്രശ്നങ്ങൾ സങ്കീർണവും ആശങ്കാജനകവുമാണെന്നാണ്.  മുൻകാലത്തെ പോലെ അത്തരം പ്രശ്നങ്ങൾ മാറ്റിനിർത്തി ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമം വേണ്ടതെന്നു ജയ്‌ശങ്കർ ഈയിടെ പുറത്തിറക്കിയ അദ്ദേഹത്തിന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുകയുണ്ടായി.

എന്നാൽ ഇന്ത്യൻ ഭരണകൂടത്തിനകത്തു തന്നെ ഇക്കാര്യത്തിൽ  ഏകാഭിപ്രായമുള്ളതായി തോന്നുന്നില്ല.  ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തി ചൈനയുടെ ടിക്‌ടോക്,പബ്‌ജി അടക്കമുള്ള നൂറിലേറെ ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതും ചൈനീസ് കമ്പനികൾ ഇന്ത്യൻ

സാമ്പത്തിക മേഖലയിൽ നിക്ഷേപിക്കുന്നതും കരാറുകൾ എടുക്കുന്നതും തടയുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾ നിരുത്സാഹപ്പെടുത്താനുള്ള നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പ്രശ്നത്തിൽ ഇന്ത്യൻ  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ  ഇടപെടലുകളെ സംബന്ധിച്ചു ചൈന വിമർശനം ഉയർത്തിയത് ഈ പശ്ചാത്തലത്തിൽ കാണണം. എന്നാൽ ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ഇന്ത്യ പ്രതികരിച്ചു. 

അതേസമയം,  പ്രശ്നപരിഹാരത്തിന് വിവിധ അന്താരാഷ്ട്ര  തലങ്ങളിൽ കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. റഷ്യൻ അധികൃതരാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. അതിന്റെ  ഭാഗമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്നലെ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി മോസ്‌കോയിൽ ചർച്ച നടത്തി. വിവിധ വിഷയങ്ങളെ സംബന്ധിച്ചു  ഫലപ്രദമായ ചർച്ചയാണ് ലാവ്‌റോവുമായി നടന്നതെന്നു ജയ്‌ശങ്കർ പിന്നീട് ട്വീറ്റ്‌ ചെയ്യുകയുണ്ടായി .

Leave a Reply