അലൻ, താഹ പ്രശ്നത്തിൽ സിപിഎം നിലപാടുകൾ ചർച്ചയാവണം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് പോലീസ് 2019 നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ രണ്ടു വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്തത്. എന്നാൽ രണ്ടുപേരെയും പത്തുമാസക്കാലത്തോളം ജയിലിൽ പാർപ്പിച്ചശേഷവും കേസിൽ അവർക്കെതിരെ ചുമത്തിയ യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളെ ന്യായീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഹാജരാക്കാൻ കേന്ദ്ര-സംസ്ഥാന പൊലീസ് ഏജൻസികളുടെ അന്വേഷണത്തിൽ സാധ്യമായില്ല. രണ്ടു വിദ്യാർത്ഥികൾക്കും ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുക്കിയത് കേസിന്റെ ദുർബലമായ അവസ്ഥ തന്നെയാണ്.
രണ്ടുപേരും കോഴിക്കോട് നഗരത്തിൽ സജീവ സിപിഎം പ്രവർത്തകരായി അറിയപ്പെട്ടവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പന്തീരാങ്കാവ് പ്രദേശത്തു സിപിഎം ബൂത്ത് പ്രവർത്തനങ്ങളിൽ സജീവമായി അവർ പങ്കാളികളായിരുന്നു എന്നു പ്രാദേശിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇരുവരെയും കേരളാ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സിപിഎം പ്രാദേശിക പ്രവർത്തകർ മാത്രമല്ല, ജില്ലാ -സംസ്ഥാന തലങ്ങളിലെ പ്രധാന നേതാക്കളും പിന്തുണയുമായി അവരുടെ വീടുകളിൽ എത്തിയിരുന്നു. സിപിഎം പോളിറ്റ്ബ്യുറോ അംഗം എം എ ബേബി അടക്കം ചില മുതിർന്ന നേതാക്കളും കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി.
തുടക്കത്തിൽ ഇരുവരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് സമീപനം മാറ്റി. ഇരുവരും ചായകുടിക്കാൻ പോയതല്ല എന്ന പ്രയോഗത്തിലൂടെ അവരുടെ മാവോവാദി ബന്ധം അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. എന്നാൽ ആ സമയത്തും അവരുടെ മാവോവാദി ബന്ധം തെളിയിക്കുന്ന ഒരു കാര്യവും കണ്ടെത്താനോ കോടതിയിൽ ഹാജരാക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. ചില ലഘുലേഖകളും കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന മറുവാക്ക് തുടങ്ങിയ ചില മാസികകളുടെ കോപ്പികളുമാണ് പോലീസ് അവരിൽ നിന്നു കണ്ടെടുത്തത്.
ഒരാളെ മാപ്പുസാക്ഷിയാക്കി കേസിൽ മാവോവാദി ബന്ധം സ്ഥാപിച്ചടുക്കാനും ഇതിനിടയിൽ എൻഐഎ അധികൃതർ ശ്രമം നടത്തി. അതിനായി രണ്ടു സുഹൃത്തുക്കളും ഒരേജയിലിൽ ഒന്നിച്ചു കഴിയുന്നതു ഒഴിവാക്കാനും ജയിൽ മാറ്റാനും നീക്കങ്ങളുണ്ടായി. പക്ഷേ അലൻ ഷുഹൈബ് കോടതിയിൽ ഇതുസംബന്ധിച്ചു നൽകിയ മൊഴി അന്വേഷണ ഏജൻസിയുടെ അത്തരം നീക്കങ്ങൾക്കു തടയിട്ടു. എറണാകുളം ജയിലിൽ കേസിൽ മാപ്പുസാക്ഷിയാകാൻ ചിലർ തന്നെ നിർബന്ധിക്കുന്നതായും അതിനാൽ ജയിൽ മാറ്റണമെന്നും അലൻ പറഞ്ഞതോടെ, ഇരുവരെയും തൃശ്ശൂരിലെ ഹൈ സെക്യൂരിറ്റി ജയിലിലേക്കു കോടതി അവരെ മാറ്റുകയായിരുന്നു.
അതേസമയം, പൊതുസമൂഹത്തിൽ ഇരുവരെയും മാവോവാദികൾ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ ചില സിപിഎം നേതാക്കൾ തന്നെ നടത്തുകയുണ്ടായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അവരുടെ മേൽ മാവോവാദി ബന്ധത്തിനു പുറമെ ഇസ്ലാമിക തീവ്രവാദികളുമായുള്ള ബന്ധവും ചുമത്തുന്ന പ്രസ്താവന നടത്തി. താമരശ്ശേരിയിൽ ഒരു യോഗത്തിൽ നടത്തിയ പ്രസ്താവന പിന്നീട് അദ്ദേഹം മാതൃഭൂമി പത്രത്തിനു നൽകിയ ഒരു അഭിമുഖത്തിൽ ആവർത്തിച്ചു. കോഴിക്കോട്ടു നടന്ന ബുക്ക് ഫെസ്റ്റിവലിലെ ഒരു ചർച്ചയിൽ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ഇതേതരത്തിലുള്ള ആരോപണങ്ങൾ ആവർത്തിച്ചു.
ജില്ലയിലെ സിപിഎം പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ ഇതു വലിയ മനോവേദനയും പ്രത്യാഘാതവുമാണ് ഉണ്ടാക്കിയത്. അലൻ-താഹ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ മുതൽ നടത്തിയ വിവിധ പ്രതിഷേധ, പ്രക്ഷോഭ പരിപാടികളിൽ സിപിഎം, സിപിഐ തുടങ്ങിയ ഭരണകക്ഷികളിലെ നിരവധി പ്രവർത്തകരും ബുദ്ധിജീവികളും അനുഭാവികളും സജീവമായി പങ്കെടുത്തിരുന്നു. ബി ആർ പി ഭാസ്കർ പ്രസിഡണ്ടും ഡോ.ആസാദ് കൺവീനറുമായ സമിതിയിൽ ഡോ. പി കെ പോക്കർ, കെ അജിത തുടങ്ങി പൊതുക്കാര്യങ്ങളിൽ സിപിഎമ്മുമായി പല തലങ്ങളിൽ യോജിച്ചുനിന്ന നിരവധി പേർ സജീവമായി പ്രവർത്തിച്ചിരുന്നു. നേരത്തെ കോടതിയിൽ ഇരുവരും പറഞ്ഞത് തങ്ങൾ മാവോവാദികളല്ല, സിപിഎം അനുഭാവികളാണ് എന്നാണ്. ഇനിയിപ്പോൾ ഇരുവരും തിരിച്ചു നാട്ടിലെത്തുമ്പോൾ അവരെ എങ്ങനെയാണ് പാർട്ടി സ്വീകരിക്കുകയെന്ന കാര്യം കൗതുകത്തോടെയാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. തങ്ങളുടെ സ്വന്തം പ്രവർത്തകരെ പോലീസ് ഭാഷ്യത്തിനു മേലൊപ്പു ചാർത്താനായി മാത്രം മാവോവാദി നിരകളിലേക്കു തള്ളിവിട്ട ജില്ലയിലെ നേതാക്കൾ ഇരുവരെയും തിരിച്ചു സ്വീകരിക്കുമോ അതോ നേതാവിന്റെ പഴയൊരു പ്രഖ്യാത പ്രയോഗം ഓർമിപ്പിച്ചുകൊണ്ട് “മാവോവാദികൾ എന്നും മാവോവാദികൾ തന്നെ” എന്നു പ്രഖ്യാപിച്ചു മുൻ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് ഇനി കാണാനുള്ളത്.