ലൈഫ് മിഷൻ വീടുകളുടെ നിർമാണത്തിൽ സർക്കാർ അന്വേഷണം വേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ നിർമാണ പ്രവർത്തനവുമായി  ബന്ധപ്പെട്ട  ആരോപണങ്ങളിൽ സർക്കാർ അന്വേഷണം ഉണ്ടാവുകയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചു.

സംസ്ഥാനത്തു  കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 34 ഹൈടെക് സ്കൂൾ കെട്ടിടങ്ങളുടെ ഉത്ഘാടനം ഇന്ന് ഓൺലൈൻ സമ്മേളനത്തിൽ നിർവഹിക്കുന്ന അവസരത്തിലാണ് മുഖ്യമന്ത്രി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചു പരാമർശിച്ചത്. ഈ പദ്ധതിയിൽ രണ്ടേകാൽ ലക്ഷത്തോളം വീടുകൾ നിർമിച്ചു  ഭവനരഹിതർക്കു കൈമാറിയിട്ടുണ്ട്. വിപ്ലവകരമായ മാറ്റമാണ് സമൂഹത്തിൽ അതു കൊണ്ടുവന്നിരിക്കുന്നത്.  അതിനെതിരെ വ്യാപകമായ നുണ പ്രചാരണങ്ങളാണ് ഇപ്പോൾ ചില   മാധ്യമങ്ങൾ അഴിച്ചുവിട്ടിരിക്കുന്നത്.  ലൈഫ് മിഷനിൽ വീടു വെച്ചുനൽകിയ പ്രമുഖ മാധ്യമസ്ഥാപനവും ഇപ്പോൾ അതേ പദ്ധതിക്കെതിരെ വ്യാജ പ്രചാരണങ്ങളിൽ ഏർപ്പെടുകയാണ്.

ലൈഫ് മിഷൻ  പദ്ധതി പ്രകാരം സർക്കാർ ലഭ്യമാക്കുന്ന ഭൂമിയിൽ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റു ഏജൻസികളുടെയും സഹായത്തോടെയാണ് വീടുകൾ നിർമിച്ചു നൽകുന്നത്.  അതിൽ പണം മുടക്കുന്ന ഏജൻസികൾ തന്നെയാണ് ബന്ധപ്പെട്ട പ്രവൃത്തിയുടെ കരാറുകാരെ കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും. അവർക്കിടയിലെ സാമ്പത്തിക ഇടപാടുകളെ  സംബന്ധിച്ചോ മറ്റു തർക്കങ്ങളെ സംബന്ധിച്ചോ സർക്കാർ പരിഗണിക്കേണ്ട കാര്യമില്ല. സമയത്തിനു  നിര്മാണപ്രവർത്തനങ്ങൾ ഗുണനിലവാരത്തോടെ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുന്ന കാര്യം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ചുമതല. ലൈഫ് മിഷനിൽ അതിലൂടെ  ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടം ഉറപ്പാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ത്രിശൂർ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന വീടുകളുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ദുബൈയിലെ റെഡ് ക്രസൻറ്റ് സംഘടന 20 കോടി രൂപ മുതൽമുടക്കിൽ പദ്ധതിക്കായി കെട്ടിടം നിർമിച്ചു നൽകാമെന്നു സർക്കാരുമായി നേരത്തെ കരാറിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധത്തിലാണ് ഇതിന്റെ  കരാർ ഒപ്പിട്ടത്. എന്നാൽ പദ്ധതിക്കായി ലഭ്യമായ പണത്തിൽ 9.5 കോടി രൂപയോളം പലരും തട്ടിയെടുത്തതായി ആരോപണമുണ്ട്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷ് ഇതിൽ നിന്നും തനിക്കു പണം കിട്ടിയതായി മൊഴി കൊടുത്തതിനെ തുടർന്ന് പദ്ധതിക്കായി  യുഎഇയിൽ നിന്നും പണം വന്നതു സംബന്ധിച്ചു വിവിധ കേന്ദ്ര  സർക്കാർ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.  ഇക്കാര്യത്തിൽ സംസ്ഥാനത്തു നടന്ന അഴിമതി സംബന്ധിച്ചു വിജിലൻസ് അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നാണ് മുഖ്യമന്ത്രി അന്നു പറഞ്ഞത്.

എന്നാൽ ഒരു  മാസമായിട്ടും ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണത്തിന് നടപടിയില്ല എന്ന് ചില ദൃശ്യമാധ്യമങ്ങൾ ഇന്നു വാർത്ത നൽകിയിരുന്നു. അതു ചുണ്ടിക്കാണിച്ചുകൊണ്ടാണ് ലൈഫ് മിഷനിൽ പണം മുടക്കുന്നവരും അവരുടെ കരാറുകാരും തമ്മിലുള്ള കാര്യങ്ങൾ അന്വേഷണ വിഷയമല്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

Leave a Reply