അലൻ-താഹ കേസ് : ഇരുവര്‍ക്കും ജാമ്യം

 

കൊച്ചി: നിരോധിത മാവോവാദി സംഘടനയുടെ പ്രവർത്തകർ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പട്ട കോഴിക്കോട്ടെ വിദ്യാർത്ഥികൾ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് കർശന വ്യവസ്ഥകളോട് എൻഐഎ കോടതി ജാമ്യം അനുവദിച്ചു.   കഴിഞ്ഞ നവംബർ ഒന്നിനു കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്‌ത രണ്ടു വിദ്യാർത്ഥികളുടെയും പേരിൽ യുഎപിഎ പ്രകാരം  കേസ് ചാർജ്‌ ചെയ്തതിനെ തുടർന്നു ദേശീയ അന്വേഷണ ഏജൻസിയാണ് കേസിൽ അന്വേഷണം നടത്തിയത്. 

മൂന്നു പ്രധാന വ്യവസ്ഥകളാണ് ജാമ്യത്തിനായി നിർദേശിച്ചിരിക്കുന്നത്.ഒരുലക്ഷം രൂപ കെട്ടിവെക്കണം,  പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം ,മാതാപിതാക്കളിൽ ഒരാൾ ജാമ്യം നൽകണം എന്നാണ് കോടതിയുടെ നിർദേശം .ഓരോ ആഴ്ചയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കുകയും വേണം.

കേസിൽ പത്തുമാസം  കഴിഞ്ഞിട്ടും കുറ്റപത്രം നല്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് ഏതാനും പേരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തെളിവുകൾ ഒന്നും വിദ്യാർത്ഥികൾക്കെതിരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുകയുണ്ടായി .

 തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി കേന്ദ്രത്തിൽ നിയമ വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. താഹ ഫസൽ  കോഴിക്കോട്ടു ജേർണലിസം വിദ്യാർത്ഥിയും. ഇരുവരും നാട്ടിൽ സിപിഎമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്നവരാണ്. അതിനാൽ   മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ഇരുവരെയും അറസ്റ്റ് ചെയ്തത് എൽഡിഎഫ്  സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു. സാംസ്‌കാരിക പ്രവർത്തകരും പൊതുപ്രവർത്തകരും അറസ്റ്റിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നു. കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ നിലനിൽക്കുന്നില്ല എന്ന സാഹചര്യത്തിൽ കേസ് വീണ്ടും കേരളാ പോലീസിനെ തിരിച്ചു ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു  കത്തെഴുതിയിരുന്നു. എന്നാൽ അതു അംഗീകരിക്കപ്പെട്ടില്ല. 

Leave a Reply