കോവിഡ് രോഗബാധയിൽ ഇന്ത്യ 41 ലക്ഷം കടന്നു; ബ്രസീലിനെ കടത്തിവെട്ടി ലോകത്തു രണ്ടാമത്
ന്യൂഡൽഹി: കോവിഡ് രോഗബാധയിൽ ഇന്ത്യ മൊത്തം രോഗബാധിതരുടെ സംഖ്യയിൽ ലോകത്തു രണ്ടാമതു നിന്ന ബ്രസീലിനെ കടത്തിവെട്ടി അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 90,000ൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പട്ട ഇന്ത്യയിൽ മൊത്തം രോഗബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞതായി അന്താരാഷ്‌ട്ര ഏജൻസികൾ പറഞ്ഞു. എന്നാൽ രോഗബാധയുടെ നിരക്കു ഇതേനിലയിൽ തുടരുകയാണെങ്കിൽ ഏതാനും ദിവസത്തിനകം രോഗവ്യാപനത്തിൽ അമേരിക്കയെയും മറികടന്നു ലോകത്തെ ഏറ്റവും മോശമായ അവസ്ഥയിൽ ഇന്ത്യ എത്തുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
രോഗവ്യാപനത്തിൽ ഇന്ത്യ ഏറ്റവും മോശമായ അവസ്ഥയിലാണെങ്കിലും മരണനിരക്കിൽ മറ്റുരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. ലോകരാജ്യങ്ങളിൽ ദക്ഷിണ കൊറിയ മാത്രമാണ് ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിൽ കാണുന്നത്. രോഗമുക്തി നിരക്കിലും ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചമാണെന്നു കണക്കുകൾ പറയുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ 32.5 ലക്ഷം ആളുകൾ രോഗത്തിൽ നിന്നും വിമുക്തി നേടിയിട്ടുണ്ട്.
രോഗവ്യാപനത്തിൽ മാത്രമല്ല, അതിന്റെ ഫലമായുള്ള സാമ്പത്തിക തകർച്ചയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും മോശം അവസ്ഥയിലാണ് രാജ്യമെന്നു കഴിഞ്ഞയാഴ്ച പുറത്തുവന്ന കണക്കുകൾ കാണിക്കുന്നു. ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക പാദത്തിലെ തകർച്ച 24 ശതമാനമാണ്. ലോകത്തെ ഏറ്റവും വലിയ തിരിച്ചടി ഏറ്റ രാജ്യം ഇന്ത്യയാണെന്ന് ആഗോള കണക്കുകളിൽ വ്യക്തമാണ്. അതേസമയം ചൈന മൂന്നു ശതമാനത്തിൽ ഏറെ വളർച്ച ഏപ്രിൽ -ജൂൺ മാസങ്ങളിൽ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ രോഗവ്യാപന നിരക്കു ക്രമാതീതമായി കൂടുവാനും സാമ്പത്തിക തിരിച്ചടി ലോകത്തെ തന്നെ ഏറ്റവും മോശമായ നിലയിൽ എത്തിച്ചേരാനും പ്രധാന കാരണം കേന്ദ്രസർക്കാർ നയങ്ങളിലെ ഗുരുതരമായ വീഴ്ചയാണെന്ന് വിവിധ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. മാർച്ച് 24നു വെറും നാലുമണിക്കൂർ മുന്നറിയിപ്പു മാത്രം നൽകി രാജ്യം പൂർണമായും അടച്ചിട്ടു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് ഇന്നത്തെ അവസ്ഥയുടെ മുഖ്യ ഹേതുവെന്നു ന്യൂയോർക്ക് ടൈംസ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. അടച്ചിടൽ രണ്ടു തരം പ്രത്യാഘാതമുണ്ടാക്കി. ഒന്ന്,സാമ്പത്തിക പ്രവർത്തനങ്ങൾ ഒറ്റയടിക്കു സ്തംഭിപ്പിച്ചു. രണ്ട് ,തൊഴിൽ മേഖലയിൽ നിന്നും ഓർക്കാപ്പുറത്തു പുറത്തായ അസംഘടിത തൊഴിലാളികൾ ഭക്ഷണത്തിനും താമസത്തിനും വഴിയില്ലാതെ നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു കൂട്ടപ്പലായനം നടത്തിയതോടെ നേരത്തെ നഗരങ്ങളിൽ ഒതുങ്ങി നിന്ന രോഗവ്യാപനം ഗ്രാമങ്ങളിലെത്തി. അതോടെ അതു പൂർണമായും നിയന്ത്രണാതീതമായ അവസ്ഥയിലെത്തി. അതാണ് ഇപ്പോൾ ഇന്ത്യയിൽ കുതിച്ചുയരുന്ന രോഗനിരക്കിന്റെ പ്രഭവകേന്ദ്രമെന്നു ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നു.
സർക്കാരിന്റെ നയങ്ങളാണ് ഇന്നത്തെ പ്രതിസന്ധിക്കു പ്രധാന കാരണമെന്നു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. കൗശിക് ബസു, ഡോ.ജയതി ഘോഷ് എന്നിവരെ ഉദ്ധരിച്ചു കൊണ്ടു പത്രം പറയുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നു എളുപ്പത്തിൽ ഇന്ത്യ രക്ഷപ്പെടാനിടയില്ല. നിലവിൽ ലോകത്തെ അഞ്ചാമത്തെ പ്രമുഖ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. എന്നാൽ ആ അവസ്ഥയിൽ നിന്നും അധികം വൈകാതെ ഇന്ത്യ പിന്നോട്ടുപോകുമെന്നും ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ മറികടക്കുമെന്നും ചില സാമ്പത്തിക വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നോട്ടുനിരോധനവും കോവിഡ് പ്രതിരോധത്തിൽ ഉണ്ടായ പാളിച്ചകളും ഇന്ത്യയെ പതിറ്റാണ്ടുകൾ പിന്നിലേക്കു നയിക്കുമെന്നാണ് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നത്.