ബ്രെക്സിറ്റ് ചർച്ച: ഒത്തുതീർപ്പു സാധ്യത കുറവെന്നു നിരീക്ഷകർ

ലണ്ടൻ: ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വഴി പിരിയുന്നതിന്റെ ഭാഗമായുള്ള അന്തിമ കരാറിനു രൂപം കൊടുക്കാനുള്ള ചർച്ചകൾ ബ്രസൽസിൽ ആരംഭിച്ചു. ഒക്ടോബർ 15 വരെ നിശ്ചയിച്ച ചർച്ചകളിൽ നിലവിലെ ഭിന്നതകൾക്കു പരിഹാരമായില്ലെങ്കിൽ ബ്രിട്ടൻ കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകും. ഒരു തലമുറക്കാലം  യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടൻ പുറത്തുപോകുന്നതോടെ പരസ്പരമുള്ള വാണിജ്യ-യാത്രാ ബന്ധങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ  നിലവിൽ വരും.  കരാർ ഇല്ലെങ്കിൽ അടുത്ത ജനുവരി ഒന്നു മുതൽ ഉയർന്ന ചുങ്കവും യാത്രാനിയന്ത്രണങ്ങളും പ്രാബല്യത്തിലാവും.

യൂറോപ്യൻ യൂണിയനുമായി പ്രധാനമായി രണ്ടു വിഷയങ്ങളിലാണ് തർക്കങ്ങൾ നിലനിൽക്കുന്നതെന്ന്ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്  റാബ് ഇന്നലെ ബിബിസിയുടെ ആൻഡ്രൂ മാർ പരിപാടിയിൽ വ്യക്തമാക്കി. ഇ യു പ്രദേശത്തെ കടലുകളിൽ ബ്രിട്ടീഷ് മൽസ്യബന്ധന കപ്പലുകളുടെ പ്രവേശനം, ആഭ്യന്തരരംഗത്തു വിവിധ ഉല്പാദന മേഖലകളിൽ സർക്കാർ  സഹായം സംബന്ധിച്ച കാര്യങ്ങളിൽ ബ്രിട്ടനു പൂർണമായ അധികാരം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ഇപ്പോൾ വഴിമുട്ടി നിൽക്കുന്നത്. രണ്ടു വിഷയങ്ങളിലും തങ്ങളുടെ  നിലപാട് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചില്ലെങ്കിൽ തങ്ങൾ ചർച്ചയിൽ നിന്നു പുറത്തു പോകുമെന്നു വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

 ചർച്ചകളിൽ ഇ യു സംഘം  കടുംപിടുത്തം പിടിക്കുകയാണെങ്കിൽ വിട്ടുപോരുമെന്നു ബ്രിട്ടീഷ്‌ സംഘത്തെ നയിക്കുന്ന മുഖ്യ പ്രതിനിധി ഡേവിഡ് ഫ്രോസ്റ്റും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കു ഒറ്റയ്ക്ക് നിൽക്കുന്നതിൽ ഭയമില്ല. യൂറോപ്യൻ യൂണിയനിൽ നിന്നു  പുറത്തുവന്നാലും മറ്റു രാജ്യങ്ങളുമായി മെച്ചപ്പെട്ട ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാൻ ബ്രിട്ടന് കഴിയും. താൽകാലിക പ്രശ്നങ്ങൾ നേരിടാനുള്ള ശേഷി ബ്രിട്ടനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇ യു സംഘത്തെ നയിക്കുന്ന ഫ്രഞ്ചുകാരനായ മിഷേൽ ബർനിയെർ പറയുന്നത് ബ്രിട്ടന് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കാൻ സാധ്യമല്ലെന്നാണ്. യൂണിയനിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കുന്നത് ഫ്രാൻസും ജർമനിയുമാണ്. ബ്രിട്ടന് അമിതമായ ആനുകൂല്യങ്ങൾ നൽകിയാൽ കൂടുതൽ രാജ്യങ്ങൾ ബ്രിട്ടന്റെ വഴി പിന്തുടരുകയും  എഴുപതുകൾ മുതൽ ആരംഭിച്ച യൂറോപ്യൻ ഐക്യത്തിനു അതു തുരങ്കം വെക്കുകയും ചെയ്യുമെന്നു അവർ ഭയപ്പെടുന്നു. ഇറ്റലി, ഗ്രീസ് അടക്കമുള്ള രാജ്യങ്ങൾ നേരത്തെ ഇ യു നേതൃത്വം   തങ്ങളോട്  കടുത്ത നിലപാട് എടുത്തു എന്ന പരാതി ഉന്നയിക്കുന്നുമുണ്ട്.

ചൊവ്വാഴ്ച ആരംഭിക്കുന്ന  ചർച്ചകളിൽ വിവിധ ഗ്രൂപ്പുകളിലായി 50 വീതം പ്രതിനിധികളാണ് പങ്കെടുക്കുക. പ്രഥമ ഘട്ട  ചർച്ചകൾക്കു ശേഷം വിവിധ ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന ചർച്ചകളിലാണ് വിശദാംശങ്ങൾ തീരുമാനിക്കുക. ഒക്ടോബർ 15നകം അതു അവസാനിപ്പിക്കണമെന്നാണ് നിലവിലെ തീരുമാനമെങ്കിലും നവംബർ വരെയെങ്കിലും  ചർച്ച നീളുമെന്ന് ഇ യു  പ്രതിനിധികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ  ചർച്ച നീട്ടിക്കൊണ്ടുപോകാൻ ബ്രിട്ടനു സാധ്യമല്ലെന്നും നിശ്ചിത സമയത്തിനകം ഒത്തുതീർപ്പില്ലെങ്കിൽ തങ്ങൾ വിട്ടുപോരുമെന്നും കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. നാലുവർഷം മുമ്പ് 2016 ജൂണിൽ നടന്ന ഒരു ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയനിൽ നിന്നു  വിട്ടുപോരണം എന്നു ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. അതേത്തുടർന്നുണ്ടായ വിവാദങ്ങളിൽ രണ്ടു പ്രധാനമന്ത്രിമാരുടെ രാജിയും ഒരു പൊതുതിരഞ്ഞെടുപ്പും ബ്രിട്ടനിൽ നടക്കുകയുണ്ടായി. ബ്രെക്സിറ്റ്‌ നിലപാടുകാരനായ ബോറിസ് ജോൺസൺ  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻവിജയമാണ് നേടിയത്. അതോടെയാണ് വിട്ടുപോരാനുള്ള ചർച്ചകൾ കൂടുതൽ ശക്തമായി  മുന്നോട്ടുനീങ്ങിയത്. 

Leave a Reply