ബെലാറസിൽ വീണ്ടും വൻ പ്രക്ഷോഭം; പ്രസിഡണ്ട് രാജി വെക്കണമെന്ന് പ്രക്ഷോഭകർ

മിൻസ്‌ക്: ഒരു മാസം മുമ്പു നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ  അട്ടിമറി നടന്നു എന്നാരോപിച്ചു ഇന്നു ഞായറാഴ്ച വീണ്ടും ജനങ്ങൾ തലസ്ഥാന നഗരിയിൽ റാലി നടത്തി. ഒരു മാസമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ  കടുത്ത മർദന നടപടികളിലൂടെയാണ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഭരണകൂടം നേരിടുന്നത്. എന്നാൽ  ഭരണകൂട ഭീഷണിയെ വകവെക്കാതെയാണ് ഇന്നും ജനങ്ങൾ തെരുവിലിറങ്ങിയത്.

ആഗസ്റ്റ് മാസത്തിൽ  നടന്ന തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിലേറെ വോട്ടു നേടിക്കൊണ്ടു പ്രസിഡണ്ട് ലുകാഷെങ്കോ അഞ്ചാം തവണയും വിജയിച്ചെന്ന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപനത്തോടെയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. 1996 മുതൽ ലുകാഷെങ്കോയാണ്  അധികാരത്തിൽ ഇരിക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ  പുട്ടിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. പ്രക്ഷോഭത്തെ നേരിടാൻ  വേണ്ടിവന്നാൽ റഷ്യൻ പോലീസിനെ അയക്കുമെന്ന് പുടിൻ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കുകയുണ്ടായി .

പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ലുകാഷെങ്കോയെ എതിർത്ത പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന ടിഖനോവ്സ്കയ രാജ്യം വിട്ടു അയൽരാജ്യമായ ലിത്വനിയയിലാണ് ഇപ്പോൾ കഴിയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് രാജ്യം വിട്ടതെന്നു അവർ അറിയിച്ചിരുന്നു. ഇന്നലെ മറ്റൊരു പ്രമുഖ പ്രതിപക്ഷ നേതാവ് ഓൾഗ കൊവാൽക്കോവയും ബെലാറസിൽ നിന്നു  ബഹിഷ്കൃതയായി. കഴിഞ്ഞമാസം അവസാനം  അറസ്റ്റിലായ അവരെ  അധികൃതർ കഴിഞ്ഞ ദിവസം രാത്രിയിൽ അതിർത്തിയിൽ   കൊണ്ടുപോയി ഇറക്കുകയായിരുന്നുവത്രെ.  കൊവാൽക്കോവയെ  തിരിച്ചറിഞ്ഞ ഒരു ബസ്  ഡ്രൈവർ അവരെ പോളണ്ട് അതിർത്തി കടക്കാൻ സഹായിച്ചു.  ഇന്നലെ പോളണ്ടിൽ മാധ്യമങ്ങളെ കണ്ട കൊവാൽക്കോവ താൻ ഉടൻ രാജ്യം വിട്ടില്ലെങ്കിൽ ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുമെന്നു അധികൃതർ ഭീഷണിപ്പെടുത്തിയതിനാൽ രാജ്യം വിടാൻ തീരുമാനിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തി.

ബെലാറസിൽ പ്രതിപക്ഷ പ്രവർത്തകരോടും  നേതാക്കളോടും സർക്കാർ അനുവർത്തിക്കുന്ന അടിച്ചമർത്തൽ നയങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യൂറോപ്യൻ യൂണിയനും ശക്തമായി പ്രതിഷേധിച്ചു. ഇത്തരം അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉപരോധനടപടികൾ സ്വീകരിക്കും എന്നും യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. 

Leave a Reply