കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക്; തിരഞ്ഞെടുപ്പ് ചുമതല അദ്ദേഹത്തിന്

മലപ്പുറം: അടുത്തമാസങ്ങളിൽ ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും  നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗ് പാർട്ടിയുടെ ചുമതല പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ഇന്നു പ്രഖ്യാപിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാകുമെന്നു വ്യക്തമായി. അദ്ദേഹത്തിന്റെ ദേശീയ ചുമതലകൾ ഇ ടി മുഹമ്മദ് ബഷീറിന് കൈമാറും. ലീഗ് ദേശീയ സമിതി യോഗത്തിലാണ് തീരുമാനം. 

പാർട്ടിയുടെ ദേശീയ  സെക്രട്ടറിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ  ഉപതെരഞ്ഞെടുപ്പിലൂടെ ഡൽഹിയിലേക്ക് കളം മാറ്റിയത്. ദേശീയതലത്തിൽ മുസ്ലിംലീഗിന്റെ സ്വാധീനം വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾക്കു മുൻകൈയെടുക്കും എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ഡെൽഹിയിൽ എത്തിയത്.

എന്നാൽ  പാർലമെന്ററി രംഗത്തും ദേശീയ രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനമുണ്ടാക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല.  2014ൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി  അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിച്ചതോടെ യുപിഎ മന്ത്രിസഭയിൽ അഹമ്മദിന്റെ പിൻഗാമിയായി മാറുക എന്ന ആഗ്രഹം അടുത്തൊന്നും നടക്കാനിടയില്ല എന്നു ബോധ്യമായിരുന്നു. അതേസമയം പാർലമെന്റിൽ  മുസ്ലിം വിഷയങ്ങളിൽ ഏറ്റവും ശക്തമായി  പ്രതികരിച്ചതും ദേശീയ മാധ്യമശ്രദ്ധ നേടിയതും എംഐഎം നേതാവ് ഒവൈസിയെപ്പോലുള്ള നേതാക്കളാണ്. ലീഗിൽ ഇ ടി മുഹമ്മദ്    ബഷീറാണ്  ദേശീയതലത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.  അതിനിടയിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വെങ്കയ്യ നായിഡുവിനെതിരെ വോട്ടു ചെയ്യാൻ അദ്ദേഹം പാർലമെന്റിൽ എത്തിയില്ല. ലീഗിന്റെ മൂന്നു പാർലമെന്റ് അംഗങ്ങളിൽ ബഷീർ മാത്രമാണ് അന്നു നായിഡുവിനെതിരെ വോട്ടു ചെയ്തത്. വിട്ടുനിന്ന കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുൽ വഹാബും അതു സംബന്ധിച്ച് പാർട്ടി അധ്യക്ഷന് വിശദീകരണം  നൽകേണ്ടിവന്നു. വിമാനം വൈകിയതിനാൽ സമയത്തിന് സഭയിൽ എത്താൻ കഴിഞ്ഞില്ല എന്നായിരുന്നു ഇരുവരുടെയും വിശദീകരണം.

സഭയിലെ ഹാജറിന്റെയും ദൈനംദിന സഭാ  നടപടികളിലെ ഇടപെടലിന്റേയും കാര്യത്തിലും അദ്ദേഹത്തിന്റെ റെക്കോർഡ് താരതമ്യേന മോശമാണെന്ന വിലയിരുത്തൽ നേരത്തേയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ കേരളത്തിലേക്കു തിരിച്ചു പ്രവർത്തനരംഗം മാറ്റാൻ കുഞ്ഞാലിക്കുട്ടി കുറച്ചുകാലമായി ശ്രമങ്ങൾ നടത്തിവരികയായിരുന്നു. പാർട്ടി നേതൃത്വം ഇപ്പോൾ അതു അംഗീകരിച്ചതായാണ്  അധ്യക്ഷൻ ഹൈദരലി തങ്ങളുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ അഭ്യർത്ഥനയും ലീഗ് അധ്യക്ഷന്റെ  തീരുമാനത്തിന് പിന്നിലുണ്ട് എന്നറിയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതുസംബന്ധിച്ച ഹൈദരലി തങ്ങളുമായി സംസാരിക്കുകയുണ്ടായി. അടുത്ത തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം യുഡിഎഫ് വിജയത്തിന് പ്രധാനമാണ് എന്നു ഇരുനേതാക്കളും ഹൈദരലി തങ്ങളോട് പറഞ്ഞതായാണ് അറിയുന്നത്. 

Leave a Reply