മലബാർ കലാപം: ചരിത്രം വളച്ചൊടിക്കാൻ സംഘപരിവാര ശ്രമം

1921ലെ മലബാർ കലാപത്തിലെ പ്രമുഖ നേതാക്കൾ വാരിയംകുന്നത്തു കുഞ്ഞമ്മദ് ഹാജിയെയും ആലി മുസലിയാരെയും ഇന്ത്യൻ സാതന്ത്ര്യസമര പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ പേരുകൾ രേഖപ്പെടുത്തുന്ന ഡിക്ഷണറി ഓഫ് മാർട്ടിയേഴ്സ് ഓഫ് ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന ഗ്രന്ഥ പാരമ്പരയിൽ നിന്നു ഒഴിവാക്കാൻ അതിന്റെ പ്രസിദ്ധീകരണത്തിനു ചുക്കാൻ പിടിച്ച ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ തീരുമാനിച്ചിരിക്കുന്നു.

സാംസ്‌കാരിക മന്ത്രാലയം വിവിധ വാള്യങ്ങളായി പുറത്തിറക്കുന്ന പുസ്തകത്തിന്റെ പുനപ്പരിശോധനക്കായി ഐസിഎച്ച്ആർ  ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കുരുക്ഷേത്ര സർവകലാശാലയിലെ രാഘവേന്ദ്ര തൻവർ, ഗോരഖ്പുർ  ദീനദയാൽ ഉപാധ്യായ സർവകലാശാലയിലെ ഹിമാൻഷു കുമാർ, ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡണ്ടും കോട്ടയം സിഎംഎസ് കോളേജ് മുൻ ചരിത്രാധ്യാപകനുമായ സി ഐ ഐസക് എന്നിവരാണ് സമിതി അംഗങ്ങൾ. പുസ്തകത്തിൽ  ദേശീയസമരത്തിലെ രക്തസാക്ഷികൾ എന്നു പരിചയപ്പെടുത്തുന്നവരുടെ ലിസ്റ്റ് വീണ്ടും  പരിശോധിക്കാനാണ്  സംഘപരിവാര അനുഭാവികൾ മാത്രം അംഗങ്ങളായ ഈ മൂന്നംഗ സംഘത്തെ നിയോഗിച്ചത്. അവരുടെ കണ്ടെത്തൽ എന്തായിരിക്കും എന്നതിനെക്കുറിച്ചു മലബാർ കലാപത്തെക്കുറിച്ചു പഠിച്ച ഗവേഷകർക്കിടയിൽ സംശയമില്ല. മലബാർ കലാപത്തെ ഹിന്ദുവിരുദ്ധ ലഹള എന്നാണ് സംഘപരിവാരം  ദീർഘകാലമായി ചിത്രീകരിക്കുന്നത്.

ആലി മുസലിയാർ ബ്രിട്ടീഷ്‌സേനകളുടെ മുന്നിൽ കീഴടങ്ങിയ ശേഷം  സേലം ജയിലിലാണ് തൂക്കിലേറ്റപ്പെട്ടത്. നിലമ്പൂരിനടുത്തു ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടലിനുശേഷം കീഴടങ്ങിയ കുഞ്ഞമ്മദ് ഹാജിയെയും അനുയായികളെയും മലപ്പുറത്തു എംഎസ്പി ക്യാമ്പിനടുത്തു കോട്ടക്കുന്നിൽ വിചാരണ ചെയ്തു വെടിവെച്ചു കൊല്ലുകയായിരുന്നു. വിചാരണ സംബന്ധിച്ച വിശദമായ രേഖകൾ ബ്രിട്ടീഷ് സർക്കാർ നിലനിർത്തിയിട്ടുണ്ട്. 

മലബാർ കലാപത്തെക്കുറിച്ചു സമകാലികരായ നിരവധിയാളുകൾ ഓർമകളും അഭിപ്രായങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കോൺഗ്രസ്സ് നേതാവ് കെ പി മാധവൻനായരുടെ മലബാർ കലാപം,  സംഭവസമയത്തു മലബാർ ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആയിരുന്ന സി ഗോപാലൻ നായരുടെ  ദി മാപ്പിള റബല്യൻ,  അന്നത്തെ പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ വിശദമായ രേഖകൾ തുടങ്ങിയവ അതിൽ പെടുന്നു. ഈ  രേഖകളും മറ്റു തെളിവുകളും വിശദമായി  പരിശോധിച്ച ഡോ. കെഎൻപണിക്കർ, കോൺറാഡ് വുഡ്, ഡോ.എംഗംഗാധരൻ തുടങ്ങിയവരുടെ അക്കാദമിക പഠനങ്ങൾ കലാപത്തെ ബ്രിട്ടീഷ് വിരുദ്ധ കാർഷിക  കലാപമായാണ് വിവരിക്കുന്നത്.

സമകാല രാഷ്ട്രീയ നേതാക്കളും കലാപത്തെ സംബന്ധിച്ച വിശദമായ കുറിപ്പുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌.  അന്നത്തെ മലബാർ നേതാക്കളിൽ പ്രധാനിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആഹ്വാനവും താക്കീതും എന്ന ലഘുലേഖ, ദീർഘകാലം ജയിലിൽ കഴിഞ്ഞ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകൾ, കെ കോയട്ടി മൗലവിയുടെ  കലാപസ്മരണകൾ തുടങ്ങിയവ അതിൽ പെടുന്നു. കലാപം ദേശീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു എന്നു അവർ സാക്ഷ്യപ്പെടുത്തുന്നു.

മലബാറിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രധാനിയായിരുന്ന മൊയാരത്തു ശങ്കരൻ തന്റെ ആത്മകഥയിൽ മലബാർ കലാപത്തെ സംബന്ധിച്ചു വിശദമായി എഴുതിയിട്ടുണ്ട്. സംഭവം   നടക്കുമ്പോൾ വടകര- തലശ്ശേരി  പ്രദേശങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചുവന്നത്. മുസ്ലിംകൾക്കിടയിൽ അതുണ്ടാക്കിയ ആത്മസംഘർഷവും അക്രമം പൊട്ടിപ്പുറപ്പെടുന്നതു തടയാൻ താനടക്കമുള്ള പ്രവർത്തകർ നടത്തിയ ശ്രമങ്ങളും ഓർത്തെടുക്കുന്ന മൊയാരത്ത് കലാപത്തെക്കുറിച്ചു പറയുന്നത്  ശ്രദ്ധേയമാണ്:

“ഏതു നിലയിലും 1921 ലെ മലബാർ കാർഷിക വിപ്ലവമെന്നു  വിളിക്കപ്പടുവാൻ സർവഥാ അർഹമായ ആ സമരം മാപ്പിളലഹളയെന്നും ഹിന്ദു മുസ്ലിം ലഹളയെന്നും കല്പിച്ചവഹേളിക്കുന്നതു ഇരുപതാം നൂറ്റാണ്ടിലെ കേരള ചരിത്രത്തിന്റെ നേരെ പ്രവർത്തിച്ച ഏറ്റവും വലിയ അപരാധമാണ്.”

മൊയാരത്ത് ഇതു  രേഖപ്പെടുത്തിയത് 1932ലാണ്; അതായത് കലാപം കഴിഞ്ഞു ഒരു പതിറ്റാണ്ടിനു  ശേഷം. അന്നു സാമ്രാജ്യത്വ അനുകൂല ജന്മിമാരും  ബ്രിട്ടീഷ് അധികാരികളുമാണ് അത്തരം പ്രചാരണം നടത്തിയത്. ഇന്നു സ്വാതന്ത്ര്യം കിട്ടി ഏഴരപ്പതിറ്റാണ്ടിനു ശേഷം അതേ സാമ്രാജ്യത്വ-ജന്മിത്വ പ്രചാരവേലയുമായി സമൂഹത്തിൽ ചിലർ പ്രവർത്തിക്കുന്നുണ്ട് എന്നു ഇപ്പോഴത്തെ വിവാദം  സൂചിപ്പിക്കുന്നു. പശു  ചത്തിട്ടും  മോരിലെ പുളി പോയില്ല എന്നു പറഞ്ഞപോലെ സായിപ്പു കടൽകടന്ന് പോയിട്ടും സാമ്രാജ്യത്വ ദുർബോധനങ്ങളോടുള്ള ചിലരുടെ വിധേയത്വം മാറിയിട്ടില്ല എന്നുറപ്പ്. 

Leave a Reply