ഇന്ത്യാ -ചൈനാ തർക്കത്തിൽ മോസ്കോയിൽ ഉന്നതതല ചർച്ചകൾ ആരംഭിച്ചു
മോസ്‌കോ: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ നാലുമാസമായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ചു ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ ഇന്നലെ മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി.
മോസ്കോവിൽ ഇന്നലെ ആരംഭിച്ച ഷാങ്‌ഹായ് സഹകരണ സംഘടനയുടെ യോഗത്തിനിടയിലാണ് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനയുടെ വീ ഫെങ്‌ഹെയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നത്. ഇന്ത്യൻ സമയം രാത്രി 9.30നു ആരംഭിച്ച ചർച്ചകൾ സംബന്ധിച്ചു ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ചൈനീസ് അധികൃതരിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് ചർച്ചകൾക്കു ഇന്ത്യ തയ്യാറായതെന്നു ഡൽഹിയിൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മെയ് മാസത്തിൽ ലഡാക്കിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മൂർച്ഛിച്ചിരുന്നു. അതേത്തുടർന്ന് സൈനിക തലത്തിൽ ചർച്ചകൾ പലവട്ടം നടന്നെങ്കിലും പ്രശ്‍നം പരിഹരിക്കുന്നതിൽ ഇതുവരെ വിജയം ഉണ്ടായിട്ടില്ല. ഇന്നലെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം എം നരവനെ ലഡാക്കിലെ സംഘർഷ മേഖലകൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. അതിർത്തിയിൽ സംഘർഷാവസ്ഥയുണ്ടെന്നും അതു ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ,സംഘർഷമേഖലകളിൽ ഇരുരാജ്യങ്ങളും കൂടുതൽ സൈനിക സജ്ജീകരണം നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രത്യേക സൈനിക വിഭാഗത്തിൽ പെട്ട ഒരു സൈനികൻ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കൊല്ലപ്പെട്ടതായി എഎഫ്പി വാർത്താ ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പക്ഷേ നേരിട്ടുള്ള ഏറ്റുമുട്ടലിലല്ല സൈനികന്റെ മരണം എന്നു ഏജൻസികൾ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
അതിർത്തി സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റു ബന്ധങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ലഡാക്കിൽ സന്ദർശനം നടത്തി സൈനികരെ അഭിസംബോധന ചെയ്ത ശേഷം ചൈനക്കെതിരെ ഇന്ത്യൻ അധികൃതർ കൂടുതൽ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വർധിച്ചു വരുന്ന ചൈനീസ് മൂലധന നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രധാനമായും നടക്കുന്നത്. സാമ്പത്തിക വളർച്ചക്ക് ഇത്തരം നിക്ഷേപങ്ങൾ ഗുണം ചെയ്യുമെങ്കിലും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ബന്ധങ്ങൾ പാടില്ല എന്നാണ് സർക്കാർ പറയുന്നത്. തന്ത്രപ്രധാനമായ മേഖലകളിൽ ചൈനീസ് നിക്ഷേപം നേരത്തെ തന്നെ നിയന്ത്രണത്തിനു വിധേയമായിരുന്നു. എന്നാൽ വാണിജ്യം അടക്കം മറ്റു രംഗങ്ങളിലും നിയന്ത്രണം വരുന്നതിന്റെ ലക്ഷണമാണ് രണ്ടു തവണയായി പ്രഖ്യാപിക്കപ്പെട്ട ആപ്പ് നിരോധനങ്ങൾ. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ചൈനീസ് ആപ്പുകൾക്കാണ് നിയന്ത്രണം വന്നത്. ഇതു പല ചൈനീസ് കമ്പനികളുടെയും ബിസിനസിനെ ഗുരുതരമായി ബാധിക്കും. കാരണം ചൈനയെ സംബന്ധിച്ചു ഏഷ്യയിലെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അവിടെ വ്യാപാര നിയന്ത്രണം വരുന്നത് ഇരുരാജ്യങ്ങൾക്കും ഭാവി വികസനത്തിൽ കടുത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്കയുമായി വാണിജ്യ തർക്കങ്ങൾ രൂക്ഷമായി നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ചൈന ബദൽ വിപണികൾ തേടുന്ന അവസരമാണിത്. അതിനാൽ ഇന്ത്യ പോലെ അതിവിപുലമായ ഒരു വികസ്വര വിപണിയിലെ പങ്കാളിത്തം നഷ്ടപ്പെടുന്നത് ചൈനയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യയ്ക്കും ചൈനീസ് നിക്ഷേപ – വിപണി നഷ്ടം പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ഉഭയകക്ഷി വ്യാപാരത്തിൽ ചൈനീസ് കമ്പനികൾക്കാണ് ഇപ്പോൾ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നത്. അതിനാൽ കൂടുതൽ നഷ്ടവും അവർക്കാണ് തൽകാലം ഉണ്ടാവാനിടയുള്ളത്.
ഈ സാഹചര്യങ്ങളാണ് പുതിയ ചർച്ചകൾക്കു വേണ്ടിയുള്ള ചൈനീസ് നീക്കങ്ങൾക്കു കാരണമെന്നു നിരീക്ഷിക്കപ്പെടുന്നു. വരും ദിവസങ്ങളിൽ മോസ്‌കോയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും ഈയാഴ്ച മോസ്‌കോയിൽ എത്തുന്നുണ്ട്. സപ്തംബർ പത്തിനു അതേവേദിയിൽ അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെയ് മാസത്തിനുശേഷം ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ എന്നിവർ ചൈനീസ് അധികൃതരുമായി ഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. സംഘർഷം ഉടലെടുത്തശേഷം ഇരുരാജ്യങ്ങളുടെയും ഉന്നത രാഷ്ട്രീയ നേതൃത്വം നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നതു ഇതാദ്യമായാണ്. റഷ്യൻ സർക്കാരിന്റെ ഉന്നതരാണ് ചർച്ചകൾക്കു വേദിയൊരുക്കാനായി ഇരുരാജ്യങ്ങളുമായി നേരത്തെ ബന്ധം പുലർത്തിവന്നത്.