പാർലമെൻറ്: ചോദ്യോത്തരം ഒഴിവാക്കാനുള്ള നീക്കം തെറ്റെന്നു മുൻ ഉപരാഷ്ട്രപതി

ന്യൂഡൽഹി: സെപ്റ്റംബർ 14നു ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരം ഒഴിവാക്കുമെന്ന് സർക്കാർ തീരുമാനിച്ചതു പാർലമെന്ററി  ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന സംവിധാനങ്ങളെ അട്ടിമറിക്കുന്നതാണെന്നു മുൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ഹാമിദ് അൻസാരി.

ഇന്നു ദി ഹിന്ദു പത്രത്തിൽ  എഴുതിയ മുഖലേഖനത്തിലാണ് ഇത്തവണ ചോദ്യോത്തര സമയം ഉപേക്ഷിക്കാനുള്ള നീക്കത്തെ അദ്ദേഹം ശക്തിയായി വിമർശിക്കുന്നത്. പാർലമെന്ററി സമ്പ്രദായത്തിൽ സർക്കാരിനെ കർശനമായ പരിശോധനക്കു വിധേയമാക്കാനുള്ള നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ  സമ്പ്രദായത്തിന്റെ നിലനിൽപിന് അത് അത്യന്താപേക്ഷിതമാണ്. അതു ഒഴിവാക്കാനുള്ള നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവുകയില്ല. ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഉപചോദ്യങ്ങൾ എഴുതിനൽകി പിറ്റേന്നു അതിനു മറുപടി ലഭ്യമാക്കുന്ന രീതിയെങ്കിലും ആലോചിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സഭയിലെ ഒരു മണിക്കൂർ ചോദ്യോത്തരം  ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കോവിഡ് കാലത്തെ അസാധാരണ സാഹചര്യമാണ്‌ അതിനു കാരണമായി പറയുന്നത്. നേരിട്ടു  മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കി പകരം എഴുതി നൽകുന്ന ഉത്തരങ്ങൾ മാത്രമുള്ള ചോദ്യങ്ങൾ അനുവദിക്കാനാണ് നീക്കം. മിക്ക  പ്രതിപക്ഷ പാർട്ടികളും അതിനോടു വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ചോദ്യങ്ങളിൽ നിന്നു ഒളിച്ചോടുകയാണെന്നു തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ ചൂണ്ടിക്കാട്ടി. മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളും നീക്കത്തെ അപലപിച്ചു .

Leave a Reply