കോവിഡ് രോഗികൾക്ക് സ്റ്റിറോയിഡ് ചികിത്സ ഫലപ്രദമെന്ന് ഗവേഷകർ
ന്യൂയോർക്ക് :അത്യാസന്ന നിലയിലുള്ള കോവിഡ് 19 രോഗികൾക്ക് സ്റ്റിറോയിഡ് ചികിത്സ നൽകുന്നതുവഴി മരണനിരക്കിൽ മൂന്നിലൊന്നു വരെ കുറവു വരുത്താൻ കഴിയുമെന്നു ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഇന്നലെയാണ് ഇതുസംബന്ധിച്ച ഗവേഷണ ഫലങ്ങൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ അവസ്ഥയിലുള്ള രോഗികൾക്ക് വ്യാപകമായി ലഭ്യമായ സ്റ്റിറോയിഡുകൾ നല്കുന്നത് സംബന്ധിച്ചു ലോകാരോഗ്യ സംഘടന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ന്യൂയോർക്ക്ടൈംസ് റിപ്പോർട്ട് ചെയ്തു.എന്നാൽ സ്റ്റിറോയ്ഡ് ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു മാത്രമാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയല്ലാത്ത കേസുകളിൽ അതു ഫലപ്രദമല്ല. മാത്രമല്ല, സ്റ്റിറോയിഡുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന മരുന്നുകളായതിനാൽ നിഷേധഫലം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
പ്രശസ്ത മെഡിക്കൽ ജേർണലായ ജാമയിലാണ് ഇതുസംബന്ധിച്ച അഞ്ചു അക്കാദമിക പഠനങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരി ച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 1700 രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങളാണ് പഠനങ്ങളിൽ നൽകിയിരിക്കുന്നത്.ജൂൺ മാസത്തിൽ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിലാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. മൂന്നുതരത്തിലുള്ള സ്റ്റിറോയിഡുകൾ പരീക്ഷണത്തിൽ ഉപയോഗിച്ചിരുന്നു. മൂന്നും ഫലപ്രദമാണെന്ന് പഠനത്തിൽ വ്യക്തമായി. കോവിഡ് ചികിത്സയിൽ വളരെ വലിയ പുരോഗതിയാണ് സ്റ്റിറോയിഡ് ചികിത്സയിലൂടെ സാധ്യമാകുന്നതെന്നു പഠനം പ്രസിദ്ധീകരിച്ച ജാമയുടെ എഡിറ്റർ ഡോ.ഹൊവാഡ് ബുക്നർ അവകാശപ്പെട്ടു. മരണനിരക്കിൽ കുത്തനെ കുറവു വരുത്താൻ അതുസഹായിക്കും. ഇനി കോവിഡ് ചികിത്സയിൽ കോർട്ടിക്കോ സ്റ്റീറോയിഡുകളാണ് പ്രധാനമായി ഉപയോഗിക്കുകയെന്നു ഗവേഷകർ പറഞ്ഞു . നിലവിൽ റെമഡിസിവിർ എന്ന മരുന്നാണ് ഇത്തരം രോഗികൾക്കു നൽകുന്നത്.