കഫീൽ ഖാൻ രാജസ്ഥാനിലേക്ക്; യുപിയിൽ സുരക്ഷയില്ലെന്നു കുടുംബം

ലഖ്‌നൗ:  ഉത്തർപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു കഴിഞ്ഞദിവസം ജയിൽ വിമോചിതനായ ഡോ.കഫീൽ ഖാൻ സുരക്ഷാ കാരണങ്ങളാൽ സംസ്ഥാനത്തു നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു.

ചൊവ്വാഴ്ച്ച   രാത്രിയാണ് കഫീൽ ഖാൻ വിമോചിതനായത്. തുടർന്നു അദ്ദേഹത്തെ കുടുംബം രാജസ്ഥാനിലേക്കു മാറ്റി. യുപിയിൽ അദ്ദേഹത്തിനു ഭീഷണിയുണ്ടെന്ന് കുടുംബ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

2017ൽ ഗോരഖ്‌പൂരിലെ സർക്കാർ ബിആർടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ കൂട്ട മരണവുമായി  ബന്ധപ്പെട്ട വിവാദത്തിൽ സത്യം  തുറന്നു പറഞ്ഞതാണ് തനിക്കെതിരെ ആദിത്യനാഥ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കു പിന്നിലെന്നു ജയിൽ വിമോചിതനായ കഫീൽ ഖാൻ  മാധ്യമങ്ങളോടു പറഞ്ഞു. ആവശ്യമായ  ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എഴുപതിലേറെ കുട്ടികൾ മരിച്ചത് വിവാദമായിരുന്നു. അവിടെ ശിശുരോഗ വിഭാഗത്തിൽ പ്രവർത്തിച്ച കഫീൽ ഖാൻ കുട്ടികളെ രക്ഷിക്കാനായി സ്വന്തംചിലവിൽ  ഓക്സിജൻ എത്തിച്ച സംഭവം സർക്കാരിനു നാണക്കേടുണ്ടാക്കി. ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്നതിൽ സർക്കാർ  ഏജൻസികൾ പരാജയപ്പെട്ടതാണ് പ്രശ്നത്തിന്  കാരണം എന്നു കഫീൽ ഖാൻ ആരോപിച്ചിരുന്നു. അതേത്തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാണ് സർക്കാർ നീക്കം നടത്തിയത്.

എന്നാൽ വിഷയത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ” ഞാനല്ല ദുരന്തത്തിനു ഉത്തരവാദി എന്നു കണ്ടെത്തിയ സാഹചര്യത്തിൽ ആരാണ് യഥാർഥത്തിൽ കുട്ടികളുടെ മരണത്തിനു ഉത്തരവാദി എന്നു ചോദിച്ചതാണ്“ തനിക്കെതിരെ സർക്കാർ നീങ്ങാൻ കാരണമായത് എന്നു അദ്ദേഹം ആരോപിച്ചു. എന്തു സമ്മർദ്ദങ്ങളും ഭീഷണിയും വന്നാലും താൻ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.  തന്നെ വ്യാജ ഏറ്റുമുട്ടലിൽ വധിക്കാൻ നേരത്തെ നീക്കമുണ്ടായിരുന്ന സാഹചര്യത്തിൽ തൽകാലം ഉത്തർപ്രദേശ് സംസ്ഥാനത്തു നിന്നു മാറിനിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

Leave a Reply