നവൽനിക്കെതിരെ നടന്നത് രാസായുധപ്രയോഗം; റഷ്യ വിശദീകരിക്കണമെന്ന് ജർമ്മനി
ബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി നോവിച്ചോക്ക് എന്ന മാരകമായ രാസവസ്തു കൊണ്ടുള്ള ആക്രമണത്തിന് വിധേയനായി എന്നു ജർമൻ സൈനിക ലാബറട്ടറിയിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയതായി ജർമൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം മോസ്കോയിലേക്കുള്ള യാത്രക്കിടയിൽ കഠിനമായ അസ്വസ്ഥത പ്രകടിപ്പിച്ച നവൽനിയെ ചികിത്സക്കായി ബെർലിനിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരാഴ്ചയിലേറെയായി അബോധാവസ്ഥയിൽ കഴിയുന്ന നവൽനിയുടെ ശരീരസ്രവങ്ങളിലും രക്തത്തിലും നടത്തിയ പരിശോധനയിലാണ് നോവിച്ചോക്കിന്റെ സാന്നിധ്യം സംശയരഹിതമായി കണ്ടെത്തിയതെന്ന് ജർമ്മനി വ്യക്തമാക്കി. സംഭവത്തിൽ റഷ്യൻ സർക്കാരിന്റെ വിശദീകരണം ആരാഞ്ഞതായും ജർമ്മനി പറഞ്ഞു. എന്നാൽ ജർമനിയിൽ നിന്നു ഇതുസംബന്ധിച്ച ഒരു വിവരവും റഷ്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് മോസ്കോയിൽ ടാസ് വാർത്താ ഏജൻസി പറഞ്ഞു.
റഷ്യയിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവും പ്രസിഡണ്ട് പുട്ടിന്റെ ശക്തനായ വിമർശകനുമാണ് 44കാരനായ നവൽനി. അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത് റഷ്യൻ സൈന്യത്തിന് മാത്രം ലഭ്യമായ വിഷവസ്തുവാണെന്നു കണ്ടെത്തിയതോടെ ആക്രമണത്തിനു പിന്നിൽ പുടിൻ തന്നെയാണെന്ന ആരോപണം ശക്തിപ്പെട്ടു. വിഷയത്തിൽ ശക്തമായ അന്താരാഷ്ട്ര നടപടികൾ സ്വീകരിക്കാൻ ജർമ്മനി ഐക്യരാഷ്ട്രസഭയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെടും എന്നു ബിബിസി റിപ്പോർട്ട് ചെയ്തു. പ്രശ്‍നം ജർമൻ ചാൻസിലർ ആൻജെല മെർക്കൽ മന്ത്രിസഭയിലെ അംഗങ്ങളുമായി ചർച്ച ചെയ്തു.
റഷ്യൻ സൈന്യം വികസിപ്പിച്ച ഒരു രാസവിഷമാണ് നോവിച്ചോക്. .സിരാവ്യൂഹത്തെയാണ് അതു ബാധിക്കുക. നേരത്തെയും ഇതേ മാരക വിഷം റഷ്യ അനഭിമതരായ ആളുകൾക്കെതിരെ പ്രയോഗിച്ചതായി ആരോപണമുണ്ട്. 2018ൽ റഷ്യൻ വിമതൻ സ്ക്രിപാലിനെ വകവരുത്താൻ അദ്ദേഹത്തിന്റെ ലണ്ടൻ വസതിയിലെ വാതിലിൽ നോവിച്ചോക് പുരട്ടിയിരുന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് സ്ക്രിപാൽ ആരോഗ്യം വീണ്ടെടുത്തത്. ബ്രിട്ടനിൽ നടന്ന ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ റഷ്യക്കെതിരെ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിക്കുകയും നിരവധി റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.