വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
വെഞ്ഞാറമൂട് : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് .മുഖ്യ പ്രതി സജിത്ത് അടക്കം നാല് പേര്‍ പോലീസ് പിടിയിലാണ്. എന്നാല്‍ പ്രതികള്‍ക്ക് കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ലെന്നും ഗൂണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഞായറാഴ്ച രാത്രി മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ഇരുവരെയും തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു .
കോൺഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്ന് കോടിയേരി പറഞ്ഞു.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.