ഫേസ്ബുക്കിന് പിന്നാലെ വാട്ട്സാപ്പും: ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് അമേരിക്കൻ കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യയിലെ പൊതുജനാഭിപ്രായം നിയന്ത്രിക്കാൻ അമേരിക്കൻ സോഷ്യൽ മീഡിയ  കമ്പനി ഫേസ്ബുക്ക് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പ്രശസ്ത അന്താരാഷ്ട്ര മാധ്യമം വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ അതേ കമ്പനിയുടെ വാട്സ്ആപ്പ് സന്ദേശ ആപ്പും ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ബോധപൂർവം ഉപയോഗിക്കുന്നതായി ടൈം മാഗസിൻ ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടു സോഷ്യൽ മീഡിയ  പ്ലാറ്റുഫോമുകളാണ് ഫേസ്ബുക്കും വാട്സാപ്പും. രണ്ടു  കമ്പനിയും നിയന്ത്രിക്കുന്നത് അമേരിക്ക ആസ്ഥാനമായ മാർക്ക് സുക്കർബർഗിന്റെ മാതൃകമ്പനിയാണ്. ഫേസ്ബുക്കിനെതിരെയും അതിന്റെ ഫോൺ  അടിസ്ഥാനപ്പെടുത്തിയ വാട്സാപ്പ് സംവിധാനത്തിനെതിരെയും നേരത്തെയും പല രാജ്യങ്ങളിലും പരാതികൾ ഉയർന്നിരുന്നു. വംശീയ വിദ്വേഷവും വർഗീയ വെറുപ്പും പ്രചരിപ്പിക്കുന്ന പോസ്റ്റുകളും  സന്ദേശങ്ങളും സംബന്ധിച്ച  പരാതികൾ വന്നാലും ബിജെപിയുമായി ബന്ധപ്പെട്ടകേസുകളിൽ നടപടി എടുക്കാൻ കമ്പനി വിസമ്മതിക്കുന്നു എന്നാണ് രണ്ടു അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളും തങ്ങളുടെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതു  ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മാധ്യമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.  ഇന്ത്യയിൽ ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നു നിരവധി ആൾക്കൂട്ടക്കൊലകൾ നടന്നതായി റിപ്പോർട്ടുകൾ വരികയുണ്ടായി. അതേത്തുടർന്ന് ഒരേസമയം അഞ്ചു പേർക്കു മാത്രം സന്ദേശം അയക്കാൻ കഴിയുന്ന വിധത്തിൽ വാട്സാപ്പ് സംവിധാനത്തിൽ കമ്പനി ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ  കമ്പനിയുടെ സാമൂഹികമാധ്യമ  സന്ദേശങ്ങളുടെ സ്വഭാവം സംബന്ധിച്ച ആഭ്യന്തര നിയമങ്ങൾ ലംഘിക്കുന്ന അവസരത്തിലും ഇന്ത്യയിൽ നടപടി  ഉണ്ടാവുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. ബിജെപിയെ സഹായിക്കുന്ന ഇത്തരം നയങ്ങൾ കമ്പനിയുടെ ഇന്ത്യയിലെ മേധാവികൾ ബോധപൂർവം നടപ്പാക്കുകയാണെന്നും വാർത്തകളിൽ പറയുന്നു.

അതിനു ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വാട്സാപ്പ് അടിസ്ഥാനപ്പെടുത്തി ഒരു പേയ്മെന്റ് സംവിധാനം ഇന്ത്യയിൽ നടപ്പാക്കാൻ ഫേസ്ബുക്ക് കമ്പനിയുടെ നീക്കങ്ങളാണ്. ഇന്ത്യയിൽ ഇപ്പോൾ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ആൽഫബെറ്റ് കമ്പനിയുടെ  ഗൂഗിൾ പേ, റിലയൻസ് കമ്പനിയുടെ ഫോൺ പേ, ചൈനീസ് പിന്തുണയുള്ള പേ ടിഎം തുടങ്ങിയ കമ്പനികളാണ്. ഇന്ത്യയിലെ 40 കോടിയിലേറെ ഫോൺ  ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്. അവരെ ഒറ്റയടിക്ക്  തങ്ങളുടെ പുതിയ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമാക്കാമെന്നാണ് കമ്പനി കരുതുന്നത്. അതിനുള്ള  ലൈസൻസ് നൽകേണ്ടത് ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരാണ്. അതുകൊണ്ടാണ്  ബിജെപി, സംഘപരിവാർ വൃത്തങ്ങളിൽ നിന്നുള്ള വ്യാജവാർത്തകൾ, അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ തുടങ്ങിയവക്കെതിരെ നടപടി എടുക്കാൻ കമ്പനി മടിക്കുന്നതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ വീണ്ടും ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് സുക്കർബർഗിന് കത്തയച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നേരിട്ടു ഇടപെടുന്ന കമ്പനിയുടെ നടപടികളിൽ കത്തിൽ ഉത്കണ്ഠ  രേഖപ്പെടുത്തി. നേരത്തെ ആഗസ്റ്റ് 18നു വാൾസ്ട്രീറ്റ്  വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ് ഫേസ്ബുക്ക് കമ്പനിക്ക് കത്തയച്ചിരുന്നു. രണ്ടാഴ്ചക്കിടയിൽ ഇതു രണ്ടാമത്തെ തവണയാണ് അമേരിക്കൻ കമ്പനിയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി പ്രധാന പ്രതിപക്ഷ പാർട്ടി കത്തയക്കുന്നത്. വിഷയം  പരിശോധിക്കാൻ  സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും കമ്പനിയുടെ ചുമതലക്കാരെ വിചാരണക്കായി വിളിച്ചു വരുത്തണമെന്നും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

Leave a Reply