മാർട്ടിൻ ലൂതർ മാർച്ചിന്റെ വാർഷികം; അമേരിക്കയിൽ കറുത്തവരുടെ മഹാപ്രകടനം

വാഷിംഗ്ടൺ: 1963ൽ മാർട്ടിൻലൂഥർ കിംഗ് ജൂനിയറിന്റെ നേതൃത്വത്തിൽ വാഷിങ്ങ്ടണിലേക്കു  നടന്ന ചരിത്രപ്രധാനമായ മഹാജാഥയുടെ അമ്പത്തിഏഴാം വാർഷികത്തിൽ ഇന്നലെ ആയിരക്കണക്കിന് കറുത്തവർഗ്ഗക്കാർ അതേ വേദിയിൽ അണിനിരന്നു. അമേരിക്കയിൽ കറുത്തവർക്കെതിരെ കഴിഞ്ഞ മാസങ്ങളിലുണ്ടായ നിരവധി  ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ അണിനിരന്ന പ്രകടനം എബ്രഹാം ലിങ്കൻറെ പ്രതിമക്കു മുന്നിലുള്ള മൈതാനിയിലാണ് സമ്മേളിച്ചത്. പോലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക,  പൗരവകാശങ്ങളും തുല്യതയും ഉറപ്പുവരുത്തുക, വോട്ടവകാശം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമ്മേളനവേദിയിൽ മുഴങ്ങിയത്.

സമ്മേളനത്തിൽ പ്രധാന പ്രസംഗം നടത്തിയ  മാർട്ടിൻ ലൂതറിന്റെ മകൻ മാർട്ടിൻ ലൂതർ കിംഗ് മൂന്നാമൻ പോലീസ് ഭീകരതയ്ക്ക് അന്ത്യം കുറിക്കണമെന്നു ആവശ്യപ്പെട്ടു.  നിങ്ങളുടെ കാൽമുട്ട് ഞങ്ങളുടെ കഴുത്തിൽ നിന്നു എടുത്തുമാറ്റുക, ഇനി ഈ അക്രമങ്ങൾ പൊറുക്കാൻ ഞങ്ങൾ  തയ്യാറല്ല — അദ്ദേഹം പ്രഖ്യാപിച്ചു. ജൂൺ മാസത്തിൽ പോലീസ് കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ചുകൊന്ന ജോർജ് ഫ്‌ലോയിഡിന്റെ ദുരന്തത്തെ മുൻനിർത്തി “നിങ്ങളുടെ കാൽമുട്ട് ഞങ്ങളുടെ മുതുകിൽനിന്നു എടുത്തുമാറ്റൂ “ എന്ന മുദ്രാവാക്യമാണ് സമ്മേളനത്തിൽ പ്രധാനമായും മുഴങ്ങിയത്. 

കഴിഞ്ഞയാഴ്ച പോലീസിന്റെ എഴു വെടിയേറ്റു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ജേക്കബ്‌ ബ്ലേക്കിന്റെ സഹോദരിയും പിതാവും സമ്മേളനത്തിൽ സംസാരിച്ചു. ജൂൺ മാസത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്‌ലോയിഡിന്റെ കുടുംബവും അത്തരം ഭീകരതകൾക്കു ഇരയായ മറ്റു നിരവധി കുടുംബങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.  മാർട്ടിൻ ലൂതറിന്റെ മകനും പേരക്കുട്ടി യോലാൻഡാ കിങ്ങും മറ്റു പ്രമുഖരും തിങ്ങിനിറഞ്ഞ സഭയെ അഭിസംബോധന ചെയ്തു.ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമലാ ഹാരിസ് വിഡിയോ വഴി സമ്മേളനത്തിൽ സംസാരിച്ചു.സംഘാടകനായ പ്രമുഖ  മനുഷ്യാവകാശ പ്രവർത്തകൻ റവ. അൽ  ഷാർപ്റ്റൻ സമ്മേളനത്തെ നയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. 

Leave a Reply