സ്പീക്കറുടെ അവാസ്തവ പ്രസ്താവന: പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം :  തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറയാൻ മൂന്നേമുക്കാൽ മണിക്കുർ സമയമെടുത്ത മുഖ്യമന്ത്രിയെ ന്യായീകരിക്കാനായി സ്പീക്കർ ശിവരാമകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചു നടത്തിയ പ്രസ്താവന വിവാദമാവുന്നു .

ഉമ്മൻ ചാണ്ടി 2005ൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി നൽകാനായി അഞ്ചര മണിക്കൂർ സമയം എടുത്തുവെന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഇടപെടാൻ അതിനാൽ തനിക്കു സാധ്യമല്ലെന്നുമാണ് സ്പീക്കർ സഭയിൽ പറഞ്ഞത്.  സ്പീക്കറുടെ പരാമർശം സംബന്ധിച്ചു അപ്പോൾത്തന്നെ മാധ്യമ പ്രവർത്തകരും മുതിർന്ന ചില സാമാജികരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സഭയിലെ  അപ്പോഴത്തെ സംഘർഷാന്തരീക്ഷം കാരണം സ്പീക്കറുടെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ല എന്ന കാര്യം ഉന്നയിക്കപ്പെടുകയുണ്ടായില്ല.

എന്നാൽ  സ്പീക്കർ സഭയിലെ തന്റെ പെരുമാറ്റ രീതിയെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചതായാണ് കാണുന്നത്. സഭയിൽ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സ്പീക്കർക്കെതിരെ തങ്ങൾ നൽകിയ പ്രമേയം സാങ്കേതിക കാരണം പറഞ്ഞു തള്ളിയെങ്കിലും അതു അടുത്ത സഭാ സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാൻ തങ്ങൾക്കു കഴിയും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

 കഴിഞ്ഞ നാലുവർഷം സഭയുടെ നടത്തിപ്പിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സ്പീക്കറുമായി തങ്ങൾ പൂർണമായും സഹകരിക്കുകയായിരുന്നു എന്നു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സ്പീക്കറുടെ പ്രതികരണം നിർഭാഗ്യകരമാണ് എന്നാണ് അവരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി ബോധപൂർവം മറുപടി വലിച്ചു നീട്ടുകയും സഭയിൽ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളിൽ കൃത്യമായ മറുപടി നല്കാൻ വിസമ്മതിക്കുകയുമാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തെ  നിയന്ത്രിക്കാനോ പ്രസക്തമായ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനോ  സഭാധ്യക്ഷൻ തയ്യാറായില്ല. പ്രതിപക്ഷം പരാതി ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ  നേതാവിന്റെയും പ്രസംഗങ്ങളിൽ സാധാരണനിലയിൽ അധ്യക്ഷൻ ഇടപെടാറില്ല എന്നാണ് സ്പീക്കർ പറഞ്ഞത് . അക്കൂട്ടത്തിലാണ് ഉമ്മൻ ചാണ്ടി 2005ൽ അഞ്ചര മണിക്കൂർ മറുപടിക്കായി എടുത്തു എന്ന പ്രസ്താവനയും അദ്ദേഹം നടത്തിയത്.

പ്രതിപക്ഷം ഈ പ്രസ്താവനയെ ഗൗരവമായി എടുത്തു സ്പീക്കർക്കെതിരെ നടപടികളുമായി മുന്നോട്ടു പോകാനാണ്  നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കറുടെ പരാമർശം  വസ്തുതാവിരുദ്ധമാണെനും അതിനാൽ പിൻവലിച്ചു മുൻ മുഖ്യമന്ത്രിയോടു അദ്ദേഹം ഖേദം പ്രകടിപ്പിക്കണം എന്നുമാണ് അവരുടെ ആവശ്യം. തനിക്കെതിരെ സ്പീക്കർ  നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്നു ഇന്നലെ ഉമ്മൻ ചാണ്ടിയും ചൂണ്ടിക്കാട്ടി . അന്ന് താൻ എടുത്ത സമയം ഒരു മണിക്കൂർ 43 മിനിറ്റാണ്. അതിൽ വലിയ പങ്കു  പ്രതിപക്ഷത്തു നിന്നുള്ള ഇടപെടലിനു  മറുപടി പറയാനായാണ് ചെലവഴിച്ചത്. ഈ  വസ്തുതകളെല്ലാം സഭാ രേഖകളിലുണ്ട്. സ്പീക്കർക്ക് അതു  പരിശോധിക്കാൻ യാതൊരു പ്രയാസവുമില്ല. എന്നിട്ടും മുഖ്യമന്ത്രിയെ ന്യായീകരിക്കാനായി സത്യവിരുദ്ധമായ പ്രസ്താവന നടത്താനാണ്  സ്പീക്കർ സഭയിൽ തയ്യാറായത്. അതു  നിർഭാഗ്യകരമാണ്, അദ്ദേഹം പറഞ്ഞു.  

Leave a Reply