സെക്രട്ടറിയറ്റിലെ തീപ്പിടുത്തം; പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷവും ഏറ്റുമുട്ടലും

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തമെന്നു ആരോപിച്ചു പ്രതിപക്ഷത്തെ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത പ്രതിഷേധ  പരിപാടികളിൽ സംസ്ഥാനമെങ്ങും വൻ സംഘർഷം.

തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു പുറത്തു ബിജെപി, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്, എസ്ഡിപിഐ തുടങ്ങിയ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ പോലീസുമായി ദീർഘനേരം ഏറ്റുമുട്ടി.  ബാരിക്കേടുകൾ ലംഘിച്ചു മുന്നേറിയ പ്രവർത്തകർക്കെതിരെ പോലീസ് പലവട്ടം കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർക്കു  പരിക്കേറ്റു.

പോലീസും പ്രക്ഷോഭകരും തമ്മിൽ കൊല്ലം, എറണാകുളം,  കണ്ണൂർ തുടങ്ങി വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റുമുട്ടലുണ്ടായി .

സംസ്ഥാനത്തു ഇന്നു കരിദിനം ആചരിക്കണമെന്നു യുഡിഎഫും പ്രതിഷേധദിനം ആചരിക്കണമെന്നു ബിജെപിയും ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ സഹായത്തോടെ നടന്ന സ്വർണക്കള്ളക്കടത്തും  ലൈഫ് മിഷനിലെ അഴിമതിയും കാരണം  പ്രതിസന്ധിയിലായ സർക്കാർ രേഖകൾ നശിപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് സെക്രട്ടറിയറ്റിൽ നിർണായക രേഖകൾ സൂക്ഷിച്ച പ്രോട്ടോക്കോൾ ഓഫീസിൽ തീപ്പിടുത്തമുണ്ടായത് എന്നു വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു. സംഭവത്തെപ്പറ്റി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ അക്രമസംഭവങ്ങൾ കാണിക്കുന്നത് സംസ്ഥാനത്തു ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സെക്രട്ടറിയറ്റിൽ അതിക്രമിച്ചു കടന്നുകയറി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ  കർശനമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply