സെക്രട്ടറിയറ്റ് തീപ്പിടുത്തം; ഗവർണർക്കു ഇന്നു പരാതി നൽകും
തിരുവനന്തപുരം : സെക്രട്ടറിയറ്റിൽ ഇന്നലെ വൈകിട്ടുണ്ടായ ദുരൂഹമായ തീപ്പിടുത്തം സംബന്ധിച്ചു സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നു ഗവർണർക്കു പരാതി നൽകും. ഇന്നലെ രാത്രി സെക്രട്ടറിയേറ്റ് സന്ദർശിച്ചശേഷം രാജ് ഭവനിൽ എത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറോട് തീപ്പിടുത്തം ബോധപൂർവം സൃഷ്ടിച്ചതാണെന്ന ഭീതി അറിയിച്ചിരുന്നു. ഇക്കാര്യം എഴുതി നൽകിയാൽ സർക്കാരിൽ നിന്ന് വിശദീകരണം തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായി പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ അറിയിച്ചു.
ഇന്നലെ വൈകിട്ട് സെക്രട്ടറിയറ്റിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ച പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപ്പിടുത്തം അസ്വാഭാവികമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്ഥലം എംഎൽഎ വി എസ് ശിവകുമാറിനെപ്പോലും അങ്ങോട്ട് പ്രവേശിക്കുന്നതിൽ നിന്നും പോലീസ് തടഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവടക്കം റോഡിലിരുന്നു മുദ്രാവാക്യം മുഴക്കിയശേഷമാണ് അകത്തു കടന്നു കാര്യങ്ങൾ അന്വേഷിക്കാൻ അവരെ അനുവദിച്ചത്. ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കം പലരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിയറ്റിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി സി ടി വി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടപ്പോൾ അതു ഇടിമിന്നലിൽ നശിച്ചുപോയതായി നേരത്തെ സർക്കാർ നിലപാട് എടുത്തിരുന്നു. പിന്നീട് ദൃശ്യങ്ങൾ നഷ്ടമായിട്ടില്ല എന്നു തിരുത്തി. എന്നാൽ പല സാങ്കേതിക കാരണങ്ങളും പറഞ്ഞു ദൃശ്യങ്ങൾ കൈമാറുന്നത് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിനിടയിലാണ് പ്രോട്ടോകോൾ ഓഫീസിൽ തീപ്പിടുത്തമുണ്ടായത്. സ്വർണക്കടത്തു കേസിലെ പ്രതികളും സർക്കാരിലെ പ്രമുഖരും വിമാനത്താവളത്തിലും യു എ ഇ കോൺസുലേറ്റിലും ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവ സൂക്ഷിക്കുന്ന പ്രോട്ടോകോൾ ഓഫീസിലാണ് തീപിടിത്തം എന്നതു ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.