പ്രശാന്ത് ഭൂഷൺ കേസ് വീണ്ടും മാറ്റി; ശിക്ഷാ തീരുമാനം സെപ്റ്റംബർ പത്തിനകം

ന്യൂഡൽഹി :പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ അദ്ദേഹത്തിനുള്ള ശിക്ഷ നിർണയിക്കാനുള്ള വാദം ഇന്ന് പൂർത്തിയായി. മൂന്നു മണിക്കുർ നീണ്ട വാദത്തിനൊടുവിൽ ശിക്ഷ സംബന്ധിച്ച തീരുമാനം  സെപ്റ്റംബർ പത്തിലേക്ക് മാറ്റി.  കേസ് കേൾക്കുന്ന മൂന്നംഗ ബെഞ്ചിലെ അധ്യക്ഷൻ അരുൺ മിശ്ര വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.ശിക്ഷ ഒഴിവാക്കാൻ ആഗസ്റ്റ് 24നകം അദ്ദേഹം  നിരുപാധികം മാപ്പ് അപേക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. 25നു അക്കാര്യത്തിൽ  അന്തിമ വിധി പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

പക്ഷേ  മാപ്പപേക്ഷ നൽകാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല . തനിക്കു ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും അതു കോടതിയോടു ബഹുമാനമുള്ള അഭിഭാഷകൻ എന്നനിലയിൽ തന്റെ ചുമതലയാണെന്നും അദ്ദേഹം നിലപാടെടുത്തു .അതിന്റെ പേരിൽ എന്തു ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഭൂഷണെ ശിക്ഷിക്കുന്നതു നീതിയല്ലെന്നും വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നത് സുപ്രീം കോടതിയുടെ യശസ്സിന്‌ തന്നെ ആഘാതമാകും എന്നും പല അഭിഭാഷകരും മുൻ ന്യായാധിപന്മാരും നിലപാട് പരസ്യമാക്കി .അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സീനിയർ അഭിഭാഷകനെ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശിക്ഷിക്കാനുള്ള നീക്കത്തെ എതിർത്തു . ഇന്നു കോടതിയിൽ ഭൂഷണു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാജീവ് ധവാൻ ഈ കേസിൽ കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയാണെങ്കിൽ അദ്ദേഹം നീതിക്കു വേണ്ടി രക്തസാക്ഷിയായി എന്നു മാത്രമാണ് സമൂഹത്തിൽ മനസ്സിലാക്കപ്പെടുകയെന്നു ചൂണ്ടിക്കാട്ടി. പ്രശാന്ത് ഭൂഷൺ മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു . അതിനുശേഷമാണ് ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നത് അടുത്ത മാസത്തേക്ക്  നീട്ടി വെച്ചുകൊണ്ട്‌ കോടതി ഉത്തരവിട്ടത്. 

Leave a Reply