പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിന് തിരിച്ചടി; അന്വേഷണം സിബിഐക്കു തന്നെ
കൊച്ചി: കാസർകോട്ട് പെരിയയിലെ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു സ്ഥിരപ്പെടുത്തി. കേസിൽ സിബിഐ അന്വേഷണം തടയാനായി കേരള സർക്കാരാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.
സംഭവത്തിൽ സ്ഥലത്തെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. പ്രതികൾ പ്രാദേശിക സിപിഎം പ്രവർത്തകരാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും അതിനാൽ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ടു കുടുംബങ്ങൾ ഹൈകോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് അതു അംഗീകരിച്ചു. അതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. പെരിയ കേസിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി കേസ് അട്ടിമറിക്കാൻ കോടികൾ ചെലവാക്കിയ സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നു വ്യവസായമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഇ പി ജയരാജൻ അവകാശപ്പെട്ടു. മലബാർ പ്രദേശത്തു നേരത്തെ തലശേരി ഫസൽ വധം, കണ്ണൂർ അരിയിൽ ഷുക്കൂർ വധം തുടങ്ങിയ കേസുകൾ സിബിഐ അന്വേഷണത്തിലാണ് .രണ്ടു കേസുകളിലും ഉന്നത സിപിഎം നേതാക്കൾ പ്രതികളാണെന്ന് സിബിഐ കണ്ടെത്തുകയുണ്ടായി