നാലുമണിക്കൂർ പ്രസംഗം; ഓർമയിൽ നിൽക്കുന്ന ഒരു വാചകം പോലുമില്ല

തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസ  പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി നാലുമണിക്കൂറോളം നീണ്ടുനിന്നു. എന്നാൽ ഇന്നലെ നടന്ന സഭാ നടപടികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ തന്റെ മന്ത്രിസഭയെ പ്രതിരോധിച്ചു കൊണ്ടു മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ഒരു വാചകം പോലും ഓർമയിൽ നിൽക്കുന്നതായി അനുഭവപ്പെടുന്നില്ല.

അഞ്ചുവർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ മന്ത്രിസഭ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‍നം അതിന്റെ പ്രതിച്ഛായയ്ക്കു സംഭവിച്ച മങ്ങലാണ്. കണ്ണാടിയിൽ  നോക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് പിന്നിൽ ഉയർന്നു നിൽക്കുന്നത് ഒരു ഉപജാപക സംഘത്തിന്റെ ചിത്രങ്ങളാണ്. പ്രതിപക്ഷത്തിന്റെ പ്രമേയം അവതരിപ്പിച്ചു കൊണ്ടു വി ഡി  സതീശൻ അതു ചൂണ്ടിക്കാട്ടിയത് മനസ്സിൽ തറയ്ക്കുന്ന ചില വാചകങ്ങൾ അസ്ത്രം പോലെ പ്രയോഗിച്ചു കൊണ്ടാണ്. “ ആടിയുലയുന്ന കപ്പൽ പോലെയാണ് ഈ മന്ത്രിസഭ. കപ്പിത്താന് അതിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. കാരണം പ്രശ്നങ്ങൾ കുടിയിരിക്കുന്നതു കപ്പിത്താന്റെ കാബിനിൽ തന്നെയാണ്‌.”

 ചുരുങ്ങിയ സമയത്തിൽ കൃത്യമായ ഗൃഹപാഠത്തോടെ എങ്ങനെ വാക്കുകളും ആശയങ്ങളും പ്രയോഗിക്കണം എന്നതിനു സമീപകാലത്തെ ഏറ്റവും നല്ല മാതൃകയാണ് ഇന്നലെ നിയമസഭയിൽ  സതീശൻ കാഴ്ച വെച്ചത്. അതിനെ വെല്ലാൻ  അതേ തരത്തിലുള്ള യുക്തിഭദ്രതയും ആശയപ്പൊരുത്തവും വാചക ചാതുര്യവും പ്രകടിപ്പിക്കുന്ന ഒരു മറുപടി  പ്രതിപക്ഷനിരയിൽ നിന്നു ഉയർന്നില്ല എന്നത് അത്ഭുതകരമാണ്. സാമൂഹിക  മാധ്യമങ്ങളിൽ കൊണ്ടാടപ്പെട്ട എം സ്വരാജിന്റെ പ്രസംഗം ഒരുപക്ഷേ അറിയപ്പെടുക, അതിൽ അദ്ദേഹം പ്രകടിപ്പിച്ച മറയില്ലാത്ത പിണറായി ഭക്തി ഒന്നുകൊണ്ടു മാത്രമായിരിക്കും. അതിനപ്പുറം കൃത്യമായ  ഒരു രാഷ്ട്രീയ പോർമുഖം ഇടതുപക്ഷത്തിന് വേണ്ടി വെട്ടിത്തുറക്കാൻ അംഗങ്ങൾക്ക് കഴിഞ്ഞതായി തോന്നുന്നില്ല. ഒരുകാലത്തു പടക്കംപൊട്ടും പോലുള്ള ആശയപ്രയോഗങ്ങൾക്കു കേരള രാഷ്ട്രീയത്തിൽ ഖ്യാതി നേടിയ പ്രസ്ഥാനമാണ്  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിന്റെ നേതാക്കൾ സഭയിലും  പുറത്തും നടത്തിയ പ്രസംഗങ്ങൾ പലതും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനമനസ്സിൽ തങ്ങിനിൽക്കുന്നു. പക്ഷേ അത്തരം വാക്കുകൾ ചാട്ടുളി പോലെ  പുറത്തുവന്നത് അനുഭവതീക്ഷ്ണമായ രാഷ്ട്രീയ പോർമുഖങ്ങളിൽ നിന്നു വന്ന നേതാക്കളിൽ നിന്നാണ്. അവർ വാക്കുകൾ പ്രയോഗിച്ചത് അനുഭവങ്ങളുടെ ആവനാഴിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. അതേ പ്രസ്ഥാനം ഇന്നു  എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ സൂചന കൂടിയായി സഭയിലെ ഭരണകക്ഷി അംഗങ്ങളുടെ ഇന്നലത്തെ പ്രകടനം.

അതിൽ ഏറ്റവും വലിയ ദുരന്തമായതു  മുഖ്യമന്ത്രിയുടെ  പ്രസംഗം തന്നെയാണ്. തന്റെ എതിരാളികളെ നിർഭയമായി നേരിട്ട് സർക്കാരിനെ പ്രതിരോധിക്കുന്ന ശക്തനായ ഒരു  രാഷ്ട്രീയ നേതാവിനെയാണ് കേരളം ഇന്നലെ ഉറ്റുനോക്കിയത്. പകരം  ലക്ഷക്കണക്കിനു  മലയാളികൾ കണ്ടതോ? പിആർഡി റിലീസുകൾ   വായിച്ചുതള്ളുന്ന പഴയകാലത്തെ ദൂരദർശൻ വാർത്താവായനക്കാരുടെ ദുർബലമായ ഒരു അനുകരണത്തെ. അദ്ദേഹം നീട്ടിയും  പരത്തിയും ഒരുപാടു നേരം സംസാരിച്ചു.  നേട്ടങ്ങളെക്കുറിച്ചു കണക്കുകൾ ഒരുപാടു വായിച്ചുതള്ളി. പക്ഷേ പ്രസംഗം നനഞ്ഞ കോഴിയുടെ കൂകൽ പോലെ ആയതോടെ ആളുകൾ  ടിവിയുടെ മുന്നിൽ നിന്ന് ബോറടിച്ചു എണീറ്റുപോകുന്ന കാഴ്ചയാണ് കണ്ടത്. പ്രസംഗത്തിന്റെ അവസാന  നിമിഷങ്ങളിലാണ് പിണറായിയുടെ യാഥാർത്ഥ സ്വരൂപത്തിന്റെ ഒരു മിന്നലാട്ടമെങ്കിലും പ്രത്യക്ഷമായത്. അതിനും അദ്ദേഹം  നന്ദി പറയേണ്ടതു പ്രതിപക്ഷത്തോടാണ്. കാരണം അവർ കൂട്ടമായി  സീറ്റുവിട്ടിറങ്ങിയ സമയത്താണ് അല്പമെങ്കിലും തീക്ഷ്‌ണ രാഷ്ട്രീയസ്വരം പിണറായിയിൽ നിന്നു ഉയർന്നുവന്നത്. “ഇനി പുറത്തു ജനങ്ങൾക്കിടയിൽ നമുക്കു കാണാം” എന്നു പ്രഖ്യാപിച്ചു അദ്ദേഹം കൈകൾ മുന്നോട്ടുയർത്തി. പക്ഷേ അതൊരു നൈസർഗികമായ പ്രഖ്യാപനമായി പ്രേക്ഷകർക്ക് അനുഭവപ്പെടാനിടയില്ല. കാരണം  ആരോ പറഞ്ഞു പഠിപ്പിച്ച പോലെ അത്രമേൽ കൃത്രിമമായിരുന്നു ആ രംഗം. റിഹേഴ്സൽ പൂർത്തിയാകാതെ വേദിയിൽ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പ്രതീതി.

യശശ്ശരീരനായ  ഇ കെ നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തെ ചില പ്രസംഗങ്ങൾ ഓർമയിൽ വരുന്നു. പ്രായം അല്പം കടന്നകാലത്തു മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ വേദി മറന്ന മട്ടിലാണ് എന്ന ആക്ഷേപം  വന്നപ്പോൾ  അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും എഴുതി തയ്യാറാക്കി നൽകാൻ പ്രസ്സ് സെക്രട്ടറി പ്രഭാവർമയെ പാർട്ടി ശട്ടം കെട്ടി. അക്കാലത്തു കോഴിക്കോട്ടു വന്ന നായനാർ പതിവുപോലെ നർമത്തിൽ ചാലിച്ചു തന്റെ പ്രസംഗം അടിച്ചു വിട്ടു. പ്രസംഗം തീരാറായപ്പോഴാണ് കീശയിൽ കിടക്കുന്ന ഔദ്യോഗിക പ്രസംഗത്തിന്റെ കാര്യം നായനാർക്കു ഓർമ വന്നത്.  തന്റെ പ്രസംഗം കഴിഞ്ഞശേഷം അദ്ദേഹം പറഞ്ഞു, ”ഇനി ആ തമ്പുരാൻകുട്ടി എന്തോ എഴുതി തന്നിട്ടുണ്ട്. നിക്കട്ടെ, അതെന്താണെന്നു നോക്കാം“ എന്നു പറഞ്ഞു  കീശയിൽ ഭദ്രമായി മടക്കിവെച്ച  കടലാസ്സെടുത്തു വിശദമായി തുറന്നു നായനാർ വായന തുടങ്ങി. ഔദ്യോഗിക പ്രസംഗം വായിച്ചില്ലെങ്കിൽ പാർട്ടിയിൽ വിമർശനം വരും. അതിനാൽ നായനാർ ആ  ചുമതലയും ഭംഗിയായി നിറവേറ്റി.  പക്ഷേ  നായനാരെ ഇന്നും ജനങ്ങൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ നൈസർഗികമായ വാഗ്ധോരണിയും കൂരമ്പുപോലുള്ള പ്രയോഗങ്ങളും അസാധാരണമായ നർമ്മബോധവും കാരണമാണ്. പിആർഡി പ്രസംഗം വായിക്കാനുള്ള സർക്കാർ ഉദ്യോഗസ്ഥനായിട്ടല്ല ജനങ്ങൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തു ഇരുത്തിയത് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അത്തരമൊരു സ്വകീയമായ പ്രതിച്ഛായ തനിക്കുവേണ്ടി സൃഷ്ടിക്കാനുള്ള അസുലഭമായ ഒരു സന്ദർഭമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കൈവന്നത്.  പക്ഷേ അതിന്റെ ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും അദ്ദേഹം ഓർത്തില്ല എന്നതു നിർഭാഗ്യകരമാണ്.  അദ്ദേഹം യാഥാർത്ഥത്തിൽ നിരാശപ്പെടുത്തിയത് ഈ മന്ത്രിസഭയുടെ  രൂപീകരണത്തിനായി അത്യധ്വാനം ചെയ്ത സാധാരണക്കാരായ ഇടതുപക്ഷ പ്രവർത്തകരെയാണ്. ആരുടെയോ നിർദേശങ്ങൾക്കനുസരിച്ചു മരപ്പാവയെപ്പോലെ വേദിയിൽ നിൽക്കുന്ന ഒരു പിആർഡി  പ്രസംഗകനെയല്ല ,കരുത്തനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് അവർ നിയമസഭാ വേദിയിൽ ഇന്നലെ പ്രതീക്ഷിച്ചത്. പക്ഷേ പിണറായി അവരെ നിരാശപ്പെടുത്തി.  തനിക്കുനേരേ ഉയർന്ന ആരോപണങ്ങളെ ഓരോന്നും കൃത്യമായി എണ്ണിയെണ്ണിപ്പറഞ്ഞു നേരിടാൻ അദ്ദേഹം തയ്യാറാവാതിരുന്നത് എന്തുകൊണ്ടായിരിക്കും?  ആ ചോദ്യം ജനമനസ്സിൽ അവശേഷിപ്പിച്ചു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി സഭാവേദി വിട്ടിറങ്ങിയത്

Leave a Reply