നിയമസഭ നാളെ: ഭരണമുന്നണിയുടെ നാവടങ്ങിപ്പോയത് എന്തുകൊണ്ട്?
തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഒരുദിവസത്തേക്കു തിങ്കളാഴ്ച സമ്മേളിക്കുമ്പോൾ ഈ മന്ത്രിസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്നത്. സഭയിലെ അംഗസംഖ്യ നോക്കിയാൽ അവർക്കു ശക്തമായ ഭൂരിപക്ഷമുണ്ട്; മുന്നണിയിൽ നിന്നു അപശബ്ദമൊന്നും പുറത്തുകേൾക്കാനുമില്ല. അതിനാൽ സർക്കാരിനു സാങ്കേതികമായി ഒരു ഭീഷണിയും നിലവിലില്ല.
എന്നാൽ അതു സഭയ്ക്കകത്തെ സാങ്കേതികമായ ഒരു സ്ഥിതിവിശേഷം മാത്രമാണെന്ന് പൊതുസമൂഹത്തിലെ അവസ്ഥ സൂചിപ്പിക്കുന്നു. പിണറായി വിജയൻ നയിക്കുന്ന സർക്കാരിനെതിരെ കോവിഡ് ഭീഷണി തുടങ്ങിയ മാർച്ച് ആദ്യവാരം മുതൽ ഉയർന്നുവന്ന ആരോപണങ്ങൾ ഓരോന്നും കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് സർക്കാരിനെ നയിച്ചത്. ഓരോ പ്രശ്നവും കെട്ടടങ്ങുന്നതിനു പകരം കാട്ടുതീ പടർന്നുപിടിക്കുന്ന പോലെ പുതിയ പ്രശ്നങ്ങളിലക്കും പുതിയ വിവാദങ്ങളിലേക്കും കത്തിപ്പടരുകയായിരുന്നു. ഏതാണ്ട് ഒരു ഡസനോളം ആരോപണങ്ങളാണു ആറു മാസത്തിനിടയിൽ ഈ സർക്കാരിനെതിരെ ഉയർന്നിരിക്കുന്നത്. അതിൽ ഒന്നിനു പോലും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന മറുപടി നല്കാൻ സർക്കാരിനോ ഭരണകക്ഷികൾക്കോ സാധ്യമായിട്ടുമില്ല. ആരോപണങ്ങൾ ഓരോന്നായി ഉയർന്നപ്പോൾ മുഖ്യമന്ത്രി തുടക്കത്തിൽ അവയെ അവഗണിച്ചുതള്ളാൻ ശ്രമം നടത്തി. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നു ബോധ്യമായപ്പോൾ അദ്ദേഹം ദൈനംദിന മാധ്യമസമ്മേളനങ്ങളിൽ പങ്കെടുത്തു തുടങ്ങി. അതിൽ അസുഖകരമായ വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി. ഏറ്റവും അവസാനം ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരുടെ നേരെ അങ്ങേയറ്റം രൂക്ഷമായ നിലയിൽ വ്യക്തിപരമായ കടന്നാക്രമണം നടത്തി. അതു പൊതുസമൂഹത്തിൽ കടുത്ത എതിർപ്പും വിമർശനവും ക്ഷണിച്ചു വരുത്തിയപ്പോൾ അദ്ദേഹം താൻ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചില്ല എന്നു വിശദീകരണം നടത്തി തലയൂരാൻ ശ്രമിച്ചു. പക്ഷേ ഇതെല്ലാം കണ്ടുനിന്ന നാട്ടുകാർ തന്റെ വാക്കുകൾ പഴയപോലെ സ്വീകരിക്കുന്നില്ല എന്നു തോന്നിയതിനാലാവാം കരിപ്പൂരിലെ കോവിഡ് ബാധിതരെ കണ്ടതിന്റെ മറവിൽ അദ്ദേഹം സ്വയം മാറിനിൽക്കാൻ തീരുമാനമെടുത്തു. ചുറ്റിലും അഗ്നി പടരുമ്പോൾ വാതിലും ജനലുമടച്ചു സ്വന്തം കൂടാരത്തിൽ പിടിച്ചുനിൽക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഇന്നത്തെ അവസ്ഥയെപ്പറ്റി തനിക്കു എന്താണ് പറയാനുള്ളത് എന്നു സഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കും എന്നു പ്രതീക്ഷിക്കുക. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ പൊതുസമൂഹം അംഗീകരിക്കുമോ, ഈ സർക്കാരിന്റെ മങ്ങിപ്പോയ പ്രതിച്ഛായ തുടച്ചുമിനുക്കി എടുക്കുന്നതിൽ അദ്ദേഹത്തിനു വിജയിക്കാൻ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനു നിഷേധാർത്ഥത്തിൽ മാത്രമേ ഇപ്പോൾ മറുപടി പറയാനാവുകയുള്ളു.
ജനകീയകോടതിയിൽ ഈ സർക്കാർ പരാജയപ്പെടുകയാണ് എന്നു നിഗമനത്തിൽ എത്തുന്നതിനു എന്താണ് കാരണം? അതു വിശദീകരിക്കുമ്പോൾ രണ്ടു കാര്യങ്ങൾ പരിശോധിക്കുക. ഒന്ന്, പൊതുസമൂഹത്തിൽ നടന്നുവരുന്ന ചർച്ചകളിൽ സ്വയം പ്രതിരോധത്തിനായി പ്രസക്തമായ വാദമുഖങ്ങൾ ഉന്നയിക്കുന്നതിൽ ഭരണപക്ഷം വിജയിക്കുന്നുണ്ടോ? രണ്ട്, ഇന്നത്തെ കലുഷമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയും വിശ്വാസവും നൽകുന്ന എന്തെങ്കിലും ഭരണനടപടികൾ എടുക്കുന്നതിൽ ഈ സർക്കാർ വിജയിക്കുന്നുണ്ടോ?
ആദ്യത്തെ ചോദ്യമെടുക്കുക. പൊതുസമൂഹത്തിൽ ചർച്ചകൾ പലതരത്തിൽ നടക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലും പൊതുമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അത്തരം ചർച്ചകൾ നടക്കുന്നുണ്ട്. അതിൽ പ്രതിപക്ഷവും പൊതുസമൂഹത്തിലെ വിമർശകരും പ്രസക്തമായ പല പ്രശ്നങ്ങളും ഉന്നയിക്കുന്നുമുണ്ട്. അതിനു ഉത്തരം പറയാതെ പലപ്പോഴും മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന തന്ത്രമാണ് തുടക്കം മുതലേ സിപിഎം പ്രതിനിധികൾ പയറ്റിയത്. മാധ്യമങ്ങളെ സംബന്ധിച്ച വിമർശനങ്ങളിൽ അസ്വാഭാവികതയൊന്നുമില്ല. അവ സ്വകാര്യസ്ഥാപനങ്ങളാണ്; അവയ്ക്കു തങ്ങളുടേതായ തത്‌പര്യങ്ങൾ ഉണ്ടാവുമെന്നും വ്യക്തമാണ്. പക്ഷേ പ്രശ്‍നം, അതു എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു എന്നതാണ്. വിമർശനാത്മകമായ മാധ്യമ അന്തരീക്ഷത്തിലാണ് മുൻകാലത്തും ഇടതുപക്ഷ നേതാക്കൾ പ്രവർത്തിച്ചത്. ബൂർഷ്വ കക്ഷികളുടെ നേതാക്കളും അത്തരം വിമർശനങ്ങളിൽ നിന്നു മുക്തരായിരുന്നില്ല. എന്നാൽ തങ്ങളുടെ വാദമുഖങ്ങൾ ഫലപ്രദമായി ഉന്നയിക്കാനും സ്വയംപ്രതിരോധം ഉയർത്താനും പൊതുസമൂഹ മര്യാദകൾ പാലിക്കാനും അവർക്കൊക്കെ കഴിയുകയുണ്ടായി. ഇപ്പോഴത്തെ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ കഴിവുകേട് മാത്രമാണ് വെളിവാക്കുന്നത്.
എന്താണ് ഇന്നത്തെ അവസ്ഥ? സർക്കാരിനെ പ്രതിരോധിക്കാൻ സിപിഎം നേതൃത്വത്തിൽ തന്നെ ചിന്താശീലരും പക്വമതികളുമായ നേതാക്കൾ മടി കാണിക്കുന്നു എന്നു വ്യക്തമാണ്. ഒന്നാംനിര നേതാക്കൾ ചർച്ചകളിൽ നിന്ന് പിൻവാങ്ങിയിട്ടു നാളേറെയായി. രണ്ടാംനിര നേതാക്കളും ഇപ്പോൾ രംഗം വിട്ട മട്ടാണ്. ചാനൽ ചർച്ചകളിൽ വിളയാടുന്നത് പുതിയൊരു സംഘം വക്താക്കളാണ്. അവരുടെ രീതികൾ വിമർശകരെ വ്യക്തിപരമായി ആക്ഷേപിച്ചു തടിയൂരുക എന്നതു മാത്രമാണ്. യുദ്ധതന്ത്രത്തിൽ സ്‌കോർച്ഡ് എർത് പോളിസി എന്നൊരു നയമുണ്ട്. ഒരുതരം പത്തൊമ്പതാമത്തെ അടവ്. നെപ്പോളിയൻ മോസ്കോ കീഴടക്കാൻ വന്നപ്പോൾ സാർ ചക്രവർത്തിയുടെ പട്ടാള മേധാവികൾ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണിത്. പിൻവാങ്ങുക; പോകുന്ന വഴിയിൽ എല്ലാം ചുട്ടുകരിയ്ക്കുക. ശത്രുവിനെ അകത്തേക്കു വരാൻ പ്രേരിപ്പിക്കുക. തകർന്നു തരിപ്പണമായ യുദ്ധഭൂമിയിൽ അവർക്കു തിരിച്ചുപോകാൻ സാധ്യമല്ലാത്ത അവസ്ഥയുണ്ടാക്കുക.
നെപ്പോളിയൻ ആക്രമണകാലത്തു റഷ്യയിൽ അതു ഫലപ്രദമായിരുന്നു. ഫ്രഞ്ചു പട്ടാളം നല്ല കാലാവസ്ഥയിലാണ് മുന്നേറ്റം നടത്തിയത്. പക്ഷേ വൈകാതെ മഞ്ഞുകാലം വന്നു. തകർന്ന നാട്ടിലൂടെ പിന്മാറ്റം അസാധ്യമായി. തണുപ്പിനോടു യുദ്ധം ചെയ്തു അവർ തോറ്റമ്പി. പക്ഷേ ഇതു മഞ്ഞുകാല റഷ്യയല്ല. പിണറായി വിജയൻ സാർ ചക്രവർത്തിയുമല്ല. ടോൾസ്റ്റോയി യുദ്ധവും സമാധാനവും എന്ന ലോകോത്തര നോവലിൽ കൊണ്ടാടിയ ജനറൽ കുട്ടൂസോവിനെപ്പോലുള്ള സേനാനായകരും അദ്ദേഹത്തിനില്ല.
രാഷ്ട്രീയമായും ബൗദ്ധികമായും തരിപ്പണമായ ഒരു ഭരണനിരയെയാണ് കേരളം ഇപ്പോൾ ദർശിക്കുന്നത്. സ്പ്രിങ്ക്ലെർ വിവാദം വന്നപ്പോൾ സർക്കാരിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ഇറക്കിയത് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെത്തന്നെ ആയിരുന്നു. അതു ഏറ്റവും വലിയ തന്ത്രപരമായ പാളിച്ചയായിരുന്നു എന്നു പിന്നീടുള്ള സംഭവങ്ങൾ വെളിവാക്കി. പിണറായിയുടെ ആവനാഴിയിൽ ഇപ്പോൾ സ്വയരക്ഷക്കായി കാര്യമായ ആയുധങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. അദ്ദേഹത്തെ പ്രതിരോധിക്കാൻ അടിയൻ ലച്ചിപ്പോം എന്നു പറഞ്ഞു ചാടിവീഴാൻ ഒരു ചാവേറും തയ്യാറാവുന്നതായി കാണുന്നുമില്ല.
രണ്ടാമത്തെ പ്രതിരോധ സാധ്യത സർക്കാരിന്റെ ഭരണനേട്ടങ്ങൾ പരിചയാക്കി ഉപയോഗിക്കുക എന്നതാണ്. ആദ്യവർഷങ്ങളിൽ ശക്തമായ ചില നേട്ടങ്ങൾ സർക്കാരിനു ഉണ്ടായിരുന്നു താനും. പക്ഷേ അതൊന്നും ഇന്നത്തെ അവസ്ഥയിൽ സർക്കാരിനെ സഹായിക്കുകയില്ല. കാരണം അതിന്റെയെല്ലാം തിളക്കം കെടുത്തിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇന്നു സമൂഹ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിൽ വലിയ പുരോഗതി കാണിച്ചു തുടങ്ങിയ ഈ സന്ദർഭത്തിൽ അക്കാര്യത്തിൽ പോലും കീഴോട്ടാണ് കേരളത്തിന്റെ ഗതി.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലിവർപൂൾ സർവകലാശാല നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ കേരളത്തിനു പാഠമാകേണ്ടതാണ്. ലോകത്തെ 190 രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനം പഠനവിധേയമാക്കിയ അവർ കണ്ടതു ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായ പ്രകടനം കാഴ്‌ച വെച്ചതു സ്ത്രീകൾ നയിക്കുന്ന ഭരണകൂടങ്ങളാണ് എന്നാണ്. അത്തരം 19 സർക്കാരുകളാണ് ഇപ്പോൾ ലോകത്തുള്ളത്. എല്ലാവരുടെയും റെക്കോർഡ് താരതമ്യേന മെച്ചമാണ്. നമുക്കും ഒരു വനിതയെ തന്നെയാണ് ആരോഗ്യമന്ത്രിയായി ലഭിച്ചത്. അവർ നേരത്തെ കഴിവു തെളിയിച്ച വ്യക്തിയുമാണ്. എന്നിട്ടും ഇപ്പോൾ എന്തുപറ്റി? അതിനു ഉത്തരം കാണാൻ ഇപ്പോൾ അപ്രത്യക്ഷമായ കോവിഡ് കാല പത്രസമ്മേളനങ്ങൾ ശ്രദ്ധിച്ചാൽ മതി. മുഖ്യമന്ത്രിക്കു അകമ്പടി സേവിക്കുക എന്നതു മാത്രമാണ് ഈ സർക്കാരിൽ സഹമന്ത്രിമാരുടെ ചുമതല എന്നു ആർക്കും ബോധ്യമാകും. അപ്പോൾ ഉയരുന്ന ഒരു ചോദ്യം എന്തിനു നമുക്കൊരു മന്ത്രിസഭ എന്നതാണ്. എല്ലാകാര്യവും മുഖ്യമന്ത്രിയും ഉപദേശകരും നേരിട്ടു കൈകാര്യം ചെയ്യുമ്പോൾ പാർലമെന്ററി സമ്പ്രദായത്തിലെ കൂട്ടുത്തരവാദിത്വവും അധികാര വികേന്ദ്രീകരണവും അപ്രസക്തമാകുന്നു. കേരളം അങ്ങനെയൊരു ദുരന്തകാലത്തേക്കു നടന്നടുത്തപ്പോൾ മുഖ്യ ഭരണകക്ഷിയോ അതിന്റെ നേതൃത്വമോ അതു തടയാൻ ഒരു നടപടിയും എടുത്തില്ല എന്നതിന്റെ പ്രത്യാഘാതമാണ് ഇന്നു സംസ്ഥാനം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നു കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്ന യഥാർത്ഥ ഭീഷണി പ്രതിപക്ഷത്തു നിന്നല്ല. മറിച്ചു തങ്ങളുടെ തങ്ങളുടെ ഭരണപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഭരണ നേതൃത്വവും ഭരണകക്ഷി നേതൃത്വങ്ങളും തന്നെയാണ് അതിന്റെ പ്രധാന ഉത്തരവാദി.