പൊതുമേഖലാ ബാങ്കുകൾ വീണ്ടും കടക്കെണിയുടെ വക്കിലെന്നു മൂഡീസ്

മുംബൈ: നിഷ്ക്രിയ ആസ്തി വർധന കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ പൊതുമേഖലാ  ബാങ്കുകളുടെ മൂലധന ശാക്തീകരണത്തിന് കേന്ദ്ര സർക്കാർ ബജറ്റിനു ശേഷം ഒന്നരലക്ഷം കോടി രൂപയിലേറെ നൽകിയെങ്കിലും ബാങ്കുകൾ വീണ്ടും കടക്കെണിയിലേക്കു നീങ്ങുകയാണെന്നു അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് മുന്നറിയിപ്പു നൽകി.

പുതിയ പ്രതിസന്ധിക്കു കാരണമായത് കോവിഡ് അടച്ചിടൽ കാരണമുള്ള പ്രശ്നങ്ങളാണ്. ബാങ്കുകളുടെ  വായ്പകളിൽ തിരിച്ചടവ് മുടങ്ങിയതും ബാങ്കുവായ്പ വഴി മൂലധന സംഭരണം നടത്തിയ ചെറുകിട -ഇടത്തരം സ്ഥാപനങ്ങളിൽ പലതും തകർന്നതുമാണ് പൊതുമേഖലാ ബാങ്കുകളെ വീണ്ടും പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ വീണ്ടും  കുതിച്ചുയരുകയാണെന്നും ലാഭസാധ്യതയിൽ വലിയ കുറവാണു ഇതിലൂടെ സംഭവിക്കുന്നതെന്നും മൂഡീസ് ഇന്നലെ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.

നിലവിലെ സ്ഥിതിയിൽ ഇത്തരം നിഷ്ക്രിയ ആസ്തികൾ ഉണ്ടാക്കുന്ന പ്രതിസന്ധി നേരിടാൻ അടുത്ത രണ്ടു വർഷങ്ങളിൽ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾക്ക് 1.9  ലക്ഷം കോടി മുതൽ 2.1 ലക്ഷം കോടി രൂപ വരെ അധിക മൂലധനം ആവശ്യമായി വരുമെന്നു മൂഡീസ് കണക്കുകൂട്ടുന്നു. അതിനു പ്രധാനമായും സർക്കാർ സഹായം തന്നെയാണ് ബാങ്കുകൾ ആശ്രയിക്കുക എന്നും അവരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായതു ഏതാനും മാസം മുമ്പ്  ബാങ്കുകളുടെ മൂലധനശേഷി വർധിപ്പിക്കാനായി സർക്കാർ നടത്തിയ 1.5 ലക്ഷം കോടിയുടെ നിക്ഷേപം വൈകാതെ അപ്രത്യക്ഷമാവും. മാർച്ച് മാസത്തിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്ഘടന പിന്നാക്കംപോകുമെന്നും അതിന്റെ പ്രത്യാഘാതങ്ങളാണ് ബാങ്കുകളെയും കടക്കെണിയിലേക്കു തള്ളിവിടുകയെന്നും റിപ്പോർട്ട് പറയുന്നു.

 വായ്പാ തിരിച്ചടവിൽ റിസർവ് ബാങ്ക് നൽകിയ മൊറൊട്ടോറിയം അടക്കമുള്ള ഇളവുകൾ കാരണം തിരിച്ചടവിൽ വന്നിരിക്കുന്ന വീഴ്ചകൾ ബാങ്കുകളുടെ ബ്വാലൻസ് ഷീറ്റിൽ പെട്ടെന്നു പ്രതിഫലിക്കാൻ ഇടയില്ല. എന്നാൽ വായ്പയെടുത്ത സ്ഥാപനങ്ങളുടെ തകർച്ച അവയുടെ വായ്പപാ തിരിച്ചടവിനെ ബാധിക്കും. അതു അടുത്ത രണ്ടു  വർഷത്തിനിടയിൽ ബാങ്കുകളുടെ കണക്കുകളിൽ ഗുരുതരമായ  പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നു മൂഡീസ് പറയുന്നു. അത്തരം പ്രതിസന്ധിയിൽ സർക്കാർ ബാങ്കുകളുടെ മൂലധനശേഷി വീണ്ടും വർധിപ്പിക്കാൻ നടപടി എടുക്കുന്നില്ലെങ്കിൽ ഭാവിയിൽ ചെറുകിട-ഇടത്തരം ഉല്പാദകർക്കു വായ്പ ലഭ്യമല്ലാതാവുന്ന അവസ്ഥയുണ്ടാകും. അതു സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കു രാജ്യത്തെ നയിക്കുകയും ചെയ്യും.  

Leave a Reply