നവൽനിയെ ചികിത്സക്കായി ജർമനിക്കു കൊണ്ടുപോകാൻ വിമാനമെത്തി

മോസ്കോ: റഷ്യയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാവും പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ വിമർശകനുമായ അലക്സി നവൽനിയെ അടിയന്തിര ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുപോകാൻ എയർ ആംബുലൻസ് വിമാനം അദ്ദേഹം ചികിത്സയിൽ കഴിയുന്ന സൈബീരിയയിൽ എത്തി. എന്നാൽ അബോധാവസ്ഥയിൽ  വെന്റിലേറ്ററിൽ കഴിയുന്ന നവൽനിയെ വിദഗ്ധ ചികിസൽക്കായി വിട്ടയക്കാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയാണെന്നു കുടുംബവൃത്തങ്ങൾ ആരോപിച്ചു.

മോസ്കൊയിലേക്കുള്ള വിമാനത്തിൽ വിഷബാധ കാരണം ഗുരുതരാവസ്ഥയിൽ എത്തിയ നവൽനിയെ ഇന്നലെയാണ് സൈബീരിയയിലെ ഓംസ്ക്  നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ കയറും മുമ്പ് എയർപോർട്ടിൽ അദ്ദേഹം കഴിച്ച  കാപ്പിയിൽ വിഷം ചേർത്തതായാണ് അനുയായികളും കുടുംബവും വിശ്വസിക്കുന്നത്. യാത്രയിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച നവൽനിയെ വിമാനം ഓംസ്കിൽ ഇറക്കി ആശുപത്രിയിലേക്കു  മാറ്റുകയായിരുന്നു.

 പ്രതിപക്ഷ രാഷ്ട്രീയ നേതാവിന്റെ ചികിത്സയിൽ സർക്കാർ ഇടപെടുന്നതായും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാവുന്ന അവസ്ഥയാണെന്നും കുടുംബം പറയുന്നു. വിവരമറിഞ്ഞു മോസ്കൊയിൽ നിന്ന് ഓംസ്കിൽ എത്തിയ അദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രി അധികൃതർ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ലെന്നു ആരോപണമുണ്ട്. രോഗിയുടെ  അനുമതിയില്ലാതെ ആരെയും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ല എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പക്ഷേ  വിഷയം വിവാദമായതോടെ ഭാര്യക്കു അദ്ദേഹത്തെ കാണാൻ അനുമതി കിട്ടി.  ഇപ്പോൾ അതിഗുരുതരാവസ്ഥയിലുള്ള നവൽനിയെ ജർമനിയിലേക്ക് പോകാൻ അനുവദിക്കാത്തതു വഴി ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ജീവനെ അപകടപ്പെടുത്തുകയാണ് എന്ന് കുടുംബം ആരോപിച്ചു.

ജർമനിയിലെ ഒരു ചാരിറ്റബിൾ സംഘടനയാണ് നവൽനിയുടെ വിദേശ ചികിത്സക്കായി എയർ ആംബുലൻസ് അയച്ചത്. വിദഗ്ധ ഡോക്ടർമാരും വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ സൗകര്യങ്ങളും  വിമാനത്തിലുണ്ട്. ജർമ്മനി  അദ്ദേഹത്തിന്റെ ചികിത്സക്കായി എല്ലാ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചാൻസലർ ആൻജെല മെർക്കൽ പ്രസ്താവിച്ചു. നവൽനിയുടെ  ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് മോസ്കൊയിൽ റഷ്യൻ അധികാരികളും വ്യക്തമാക്കി.

പലതവണ ജയിൽ ശിക്ഷ അനുഭവിച്ച നവൽനി റഷ്യയിലെ ഏറ്റവും പ്രശസ്തനായ പ്രതിപക്ഷ നേതാവാണ്. ഒരു  വർഷം മുമ്പ് ജയിലിൽ അദ്ദേഹം സമാനമായ രീതിയിൽ വിഷബാധയേറ്റു ഗുരുതരമായ അവസ്ഥയിൽ എത്തിയിരുന്നു. റഷ്യൻ സർക്കാരിന്റെ ഏജന്റുമാർ അദ്ദേഹത്തിന്റെ ജീവൻ ഇല്ലാതാക്കാൻ പല തവണ ശ്രമം നടത്തിയതായി  അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വിഷബാധയ്ക്ക് പിന്നിലും രഹസ്യപ്പോലീസിന്ററെ കരങ്ങളാണു റഷ്യൻ പ്രതിപക്ഷം സംശയിക്കുന്നത്. 

Leave a Reply