റഷ്യൻ വാക്സിൻ സുരക്ഷിതം; സഹകരിക്കുമെന്ന് ഇന്ത്യ
ന്യുഡൽഹി: കോവിഡ് 19 വൈറസിനെതിരെ റഷ്യൻ ഗവേഷകർ വികസിപ്പിച്ച സ്പുട്നിക് 5 എന്ന പേരിലുള്ള വാക്‌സിൻ ആഗോളതലത്തിൽ വലിയ വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. മരുന്നു ഗവേഷണത്തിൽ അനിവാര്യമായ പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള കരുതൽ നടപടികൾ പലതും ഒഴിവാക്കിയാണ് റഷ്യ മറ്റു രാജ്യങ്ങളുടെ മുന്നിലെത്തിയതെന്നും അതിനാൽ വാക്‌സിൻ ഭാവിയിൽ മാരകമായ പാർശ്വ ഫലങ്ങൾ ഉണ്ടാക്കാമെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നു. എന്നാൽ വാക്‌സിൻ വികസിപ്പിച്ച കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് കിറിൽ ദിമിത്രിയെവ് ഇത്തരം ആരോപണങ്ങൾ നിഷേധിക്കുകയാണ്. ദി ഹിന്ദു പത്രത്തിന് ഇന്നലെ അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറയുന്നത് റഷ്യയുടെ വാക്‌സിൻ പൂർണ സുരക്ഷിതമാണെന്നും അതിന്റെ നിർമാണത്തിലും ആഗോള വിപണനത്തിലും ഇന്ത്യയുമായി സഹകരിക്കാൻ അവർ തയ്യാറാണെന്നുമാണ്.
റഷ്യയുടെ വാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്‌സിൻ പദ്ധതികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ റഷ്യൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം അതു രാജ്യത്തു പ്രയോഗിക്കുന്നതിനു ആഗസ്റ്റ് 11നു അനുമതി നൽകി. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ മന്ത്രിസഭാ യോഗത്തിലാണ് അതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. പുട്ടിന്റെ മകൾ അടക്കം നിരവധിപേർക്ക് ഇതിനകം വാക്‌സിൻ നൽകിയിട്ടുണ്ട്. തങ്ങളുടെ പരീക്ഷണ ഘട്ടത്തിൽ റഷ്യയിലും പുറത്തുമുള്ള ആയിരക്കണക്കിന് വളണ്ടിയർമാർക്കു വാക്‌സിൻ നൽകിയതായും 21 ദിവസത്തിനകം അവർ പ്രതിരോധശേഷി കൈവരിച്ചതായും ദിമിത്രിയെവ് അവകാശപ്പെടുന്നു. വാക്‌സിൻ രണ്ടാം ഡോസ് നൽകുന്നതോടെ അവർക്കു ദീർഘകാല പ്രതിരോധശേഷി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു .
റഷ്യയിൽ ഗവേഷകർക്ക് ഈ വാക്‌സിൻ പരീക്ഷണത്തിൽ മുന്നിലെത്താൻ സാധിച്ചതിനു പ്രധാനകാരണം മെർസ് എന്നപേരിൽ അറിയപ്പെടുന്ന മിഡിലീസ്റ്റ് ശ്വാസകോശ രോഗം സംബന്ധിച്ചു അവർ നേരത്തെ നടത്തിക്കൊണ്ടിരുന്ന ഗവേഷണം വളരെ മുന്നിലെത്തിയിരുന്നു എന്നതാണ്. കോവിഡ് 19 വൈറസ് നേരത്തെ പ്രത്യക്ഷപ്പെട്ട മെർസ് വൈറസിനു സമാനമാണ്. അതിനാൽ അതിനെ പ്രതിരോധിക്കാനാവശ്യമായ ഘടകങ്ങൾ പെട്ടെന്നു കണ്ടെത്തി മരുന്ന് വികസിപ്പിച്ചെടുക്കാൻ റഷ്യയിലെ ഗവേഷകർക്കു സാധ്യമായി. മരുന്നിന്റെ ഫലപ്രപ്തി സംബന്ധിച്ചും പാർശ്വഫലങ്ങൾ സംബന്ധിച്ചും തങ്ങൾക്കു കൃത്യമായ ബോധ്യമുണ്ട്. അതിനാൽ ഇന്ത്യയടക്കം പല രാജ്യങ്ങളും ത ങ്ങളുടെ വാക്‌സിനിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങൾക്കു അതു എളുപ്പത്തിൽ ലഭ്യമാക്കാൻ തങ്ങൾ തയ്യാറാണ്.
ഇന്ത്യയിൽ മരുന്ന് ഗവേഷണത്തിലും നിർമാണത്തിലും വലിയ മുന്നേറ്റങ്ങൾ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ആവശ്യത്തിന് മരുന്ന് നിർമിക്കാൻ ഇന്ത്യൻ കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.