ബൈഡൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു; പോരാട്ടം ഇരുട്ടും വെളിച്ചവും തമ്മിലെന്ന്

ന്യൂയോർക്ക്:  അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നാലുദിവസമായി നടക്കുന്ന ഡെമോക്രാറ്റിക്‌ പാർട്ടി കൺവൻഷനിൽ ജോ ബൈഡൻ സ്ഥാനാർത്ഥിത്വം സ്വീകരിച്ചു. തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി നടന്ന പാർട്ടി കൺവൻഷനിൽ മുൻ പ്രസിഡണ്ടുമാരായ ബരാക് ഒബാമ, ബിൽ  ക്ലിന്റൺ എന്നിവരും പാർട്ടിയിലെ മറ്റു പ്രമുഖ നേതാക്കളും മുൻ വൈസ് പ്രസിഡണ്ട് ബൈഡനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥിത്വം സ്വീകരിച്ചു  ബൈഡൻ നടത്തിയ പ്രസംഗത്തിൽ നവമ്പറിൽ നടക്കുന്ന തിരഞ്ഞെടുപ്പു അമേരിക്കയെ ഇരുട്ടിൽ നിന്നും ഭീതിയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും വിമോചിപ്പിക്കാനുള്ള അവസരമാണെന്നു വോട്ടർമാരെ ഓർമിപ്പിച്ചു. അമേരിക്ക പിന്നാക്കം പോയ നാളുകളാണ് കഴിഞ്ഞ നാലുവർഷങ്ങളിൽ കണ്ടത്‌.  രാജ്യത്തെ ജനങ്ങളെക്കുറിച്ചല്ല, തന്നെക്കുറിച്ചു മാത്രമാണ് തന്റെ എതിരാളി ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്നത്തെ മലീമസമായ അന്തരീക്ഷത്തിൽ നിന്നു പുറത്തുവരേണ്ട   സമയമായിരിക്കുന്നു. ഇരുട്ടിൽ നിന്നു  വെളിച്ചത്തിലേക്ക്‌, സംശയത്തിൽ നിന്നു പ്രതീക്ഷയിലേക്കു രാജ്യത്തെ ജനങ്ങളെ നയിക്കുകയെന്നതായിരിക്കും പ്രസിഡണ്ട് എന്ന നിലയിൽ തന്റെ   പ്രധാന ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

ഡിലവേർ സംസ്ഥാനത്തെ വിൽമിങ്ങ്ടണിൽ ഒരു ഹാളിലാണ് ബൈഡൻ സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണം ഔദ്യോഗിക പാർട്ടി പ്രതിനിധികൾ ഓൺലൈനിൽ കരഘോഷങ്ങളോടെ സ്വീകരിച്ചു.  വിവിധ ചാനലുകളിലും സാമൂഹിക മാധ്യമ പ്ലാറ്റുഫോമുകളിലും പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു. നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, 74,  അഭിപായ വോട്ടെടുപ്പിൽ വളരെ പിന്നിലാണ്. ഇനിയും 75  ദിവസങ്ങൾ തിരഞ്ഞെടുപ്പിനു ബാക്കിയുണ്ടെങ്കിലും 77 കാരനായ ബൈഡൻ മുൻകൈ നിലനിർത്തുമെന്നാണ് നിരീക്ഷകർ പൊതുവിൽ അഭിപ്രായപ്പെടുന്നത്

Leave a Reply