മാപ്പു പറയാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ

ന്യുഡൽഹി: കോടതിയലക്ഷ്യ കേസിൽ തന്നെ കുറ്റക്കാരനെന്നു കണ്ടെത്തിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാപ്പപേക്ഷിക്കാൻ താൻ തയ്യാറല്ല എന്നു സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്നു കോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷൺ രണ്ടു ട്വീറ്റുകൾ വഴി കോടതിയെ അപമാനിക്കുകയും കോടതിയലക്ഷ്യക്കുറ്റം ചെയ്യുകയും ഉണ്ടായി എന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഒരു മൂന്നംഗ ബെഞ്ച് വിധി നൽകിയിരുന്നു. ശിക്ഷ സംബന്ധിച്ച വാദം ഇന്നു സുപ്രീം കോടതിയിൽ ആരംഭിച്ച സന്ദർഭത്തിൽ നൽകിയ പ്രസ്താവനയിലാണ് താൻ മനസാക്ഷിക്ക് അനുസൃതമായാണ് പ്രവർത്തിച്ചതെന്നും അതിൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചത്. സുപ്രീം കോടതിയിലെ ചില മുതിർന്ന ജഡ്ജിമാരെ വിമർശിച്ചു പ്രശാന്ത് ഭൂഷൺ ഇറക്കിയ ചില ട്വീറ്റുകളുടെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുന്നത്. ഭൂഷൺ നേരത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് അരുൺ മിശ്ര തുടങ്ങിയവരെ വിമർശിച്ചാണ് ട്വീറ്റ് നൽകിയത്. എന്നാൽ തന്റെ ട്വീറ്റിൽ കുറ്റകരമായ എന്തെങ്കിലും അടങ്ങിയതായി അംഗീകരിക്കാൻ പ്രശാന്ത് ഭൂഷൺ ഇന്നു നൽകിയ പ്രസ്താവനയിൽ തയ്യറായില്ല. തന്റെ മനസ്സാക്ഷിക്കു അനുസൃതമായ മട്ടിലാണ് താൻ പെരുമാറിയത്. അതു ജനാധിപത്യ സമൂഹത്തിന്റെയും ശക്തവും സ്വതന്ത്രവുമായ നീതിപീഠത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടിയാണു എന്നു താൻ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ പേരിൽ എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതി നടപടികളിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ട്വീറ്റുകളിലെ വിമർശനത്തിന്റെ പേരിൽ സമുന്നതനായ ഒരു അഭിഭാഷകനെ ശിക്ഷിക്കാനുള്ള നീക്കം സുപ്രീം കോടതിയുടെ യശസ്സിന് കോട്ടം തട്ടിക്കുമെന്നു നിരവധി മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടു ഉയർന്ന ഭരണഘടനാ പ്രശ്നങ്ങൾ ഇപ്പോഴത്തെ മൂന്നംഗ ബെഞ്ചിന് പകരം ചുരുങ്ങിയത് അഞ്ചു അംഗങ്ങൾ ഉൾപ്പെടുന്ന ഭരണഘടനാ ബെഞ്ച് പരിശോധിക്കണം എന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസ് ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply