ബെലാറസ് തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ; അടിച്ചമർത്തുമെന്നു ലുകാഷെങ്കോ
മിൻസ്‌ക്: ബെലാറസിൽ ആഗസ്റ്റ് ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ബോധ്യമായതിനാൽ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കുകയില്ല എന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. ഇന്നലെ മൂന്നുമണിക്കൂർ നീണ്ട കൌൺസിൽ യോഗത്തിനുശേഷം ഇ യു പ്രസിഡണ്ട് ചാൾസ് മിഷേൽ ആണ് തീരുമാനം പുറത്തുവിട്ടത്.
അതേസമയം തലസ്ഥാനമായ മിൻസ്കിലും മറ്റു നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ പോലീസ്, സൈനിക വിഭാഗങ്ങൾക്ക് ബെലാറസ് പ്രസിഡണ്ട് അലക്‌സാണ്ടർ ലുകാഷെങ്കോ ഉത്തരവു നൽകി. കഴിഞ്ഞ ദിവസം ആറായിരത്തിലേറെ പ്രക്ഷോഭകരെ സർക്കാർ വിമോചിപ്പിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയനും അയൽരാജ്യങ്ങളും പ്രക്ഷോഭത്തിന് പിന്തുണ നല്കാൻ തയ്യാറായ സാഹചര്യത്തിലാണ് കൂടുതൽ കർശനമായ അടിച്ചമർത്തൽ നടപടികൾക്ക് സർക്കാർ തീരുമാനിച്ചത്. മുൻ സർക്കാരിന്റെ കാലാവധി കഴിഞ്ഞതിനാൽ പ്രസിഡണ്ട് ലുകാഷെങ്കോ പുതിയ ഒരു മന്ത്രിസഭയെ ഇന്നലെ നിയമിച്ചു. പ്രധാനമന്ത്രി റൊമാൻ ഗോലോവ്‌ചെങ്കോ, ആഭ്യന്തരമന്ത്രി യൂറി കരയേവ് തുടങ്ങിയ പ്രമുഖരെ പദവികളിൽ നിലനിർത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു അട്ടിമറിയിലും പ്രക്ഷോഭകർക്കെതിരെ നടന്ന അക്രമങ്ങളിലും ഉത്തരവാദികളായ ബെലാറസ് സർക്കാരിലെ പ്രമുഖർക്കെതിരെ ഉപരോധ നടപടികൾ സ്വീകരിക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അവരുടെ വിദേശത്തെ സമ്പത്തു മരവിപ്പിക്കാനും വിദേശയാത്രകൾ തടയാനും ഈ തീരുമാനം കാരണമാകും. അതേസമയം ലുകാഷെങ്കോവിന്റെ പ്രസിഡണ്ട് പദവിയെ ചോദ്യം ചെയ്യാൻ ഇ യു സമ്മേളനം തയ്യാറായില്ല. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കാനുള്ള സാധ്യതകൾ മുൻനിർത്തിയാണ് ഇ യു നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു. അതേസമയം, അയൽരാജ്യമായ ലിത്വനിയയിൽ കഴിയുന്ന പ്രതിപക്ഷ പ്രസിഡണ്ട് സ്ഥാനാർഥി സ്വെറ്റ്ലാന ടൈഖാനോവ്സ്കയ തന്റെ നേതൃത്വത്തിൽ ഭരണമാറ്റത്തിനു വഴിയൊരുക്കാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ മേൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പു വേണം എന്ന് അവർ ടെലിവിഷൻ പ്രക്ഷേപണത്തിൽ ആവശ്യപ്പെട്ടു. പത്തുദിവസമായി ബെലാറസിൽ നടക്കുന്ന സമരത്തിൽ തൊഴിലാളികളും സർക്കാർ ടിവിയിലെ ജീവനക്കാരും അടക്കം നിരവധി പുതിയ വിഭാഗങ്ങൾ അണിനിരക്കാൻ ആരംഭിച്ചത് ലുകാഷെങ്കോവിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുന്ന സംഭവമാണെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടി