കേരളത്തിൽ കോവിഡ് പ്രതിദിനം 2000 കടന്നു; പ്രതിരോധ നടപടികളിൽ ഉത്കണ്ഠ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗബാധയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നു പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ബുധനാഴ്ച  പുറത്തുവിട്ട കണക്കുകൾ പ്രകാരം രോഗബാധിതർ ഇന്നുമാത്രം 2333 പേരാണ്.

പ്രധാനമായും  തെക്കൻ ജില്ലകളിലാണ് രോഗവ്യാപ്തി ശക്തമായി തുടരുന്നതായി കാണുന്നത്. സർക്കാർ കണക്കുകൾ പ്രകാരം  തിരുവനന്തപുരം (540), മലപ്പുറം (322), ആലപ്പുഴ (253), എറണാകുളം (230), കോട്ടയം (203),കാസർഗോഡ് (174), കണ്ണൂർ (126) എന്നിങ്ങനെയാണ് നൂറിലേറെയുള്ള രോഗവ്യാപന കണക്കുകൾ.

കേരളത്തിൽ  സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതും രോഗപ്രതിരോധത്തിൽ സർക്കാർ അനുവർത്തിച്ചുവന്ന സമീപനം സംബന്ധിച്ചു പൊതുസമൂഹത്തിലും വൈദ്യസമൂഹത്തിൽ പോലും ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളും ഉയർത്തിയിട്ടുണ്ട്.  രോഗബാധ കണ്ടെത്തി അവരെ  മാറ്റിനിറുത്തുന്നതിനു  ആവശ്യമായ വിധം പരിശോധനാ സംവിധാനം വേണ്ടവിധം ശക്തമാക്കുന്നതിൽ സംസ്ഥാനം തുടക്കം മുതലേ അലംഭാവം കാണിച്ചു എന്നാണ് ഉയർന്നുവരുന്ന വിമർശനം. മറ്റു പല സംസ്ഥാനങ്ങളും രോഗബാധ കുതിച്ചുയരാൻ തുടങ്ങിയപ്പോൾ  വൻതോതിൽ പരിശോധനാ സംവിധാനവും ശക്തമാക്കി. ഡൽഹി പോലെ ഒരു അവസരത്തിൽ രോഗബാധ അനിയന്ത്രിതമായിരുന്ന പല സംസ്ഥാനങ്ങളിലും വിപുലമായ  പരിശോധനയും തുടർനടപടികളും രോഗവ്യാപനത്തെ പിടിച്ചു നിർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു എന്നാണ് വിലയിരുത്തൽ.

ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രോഗവ്യാപന നിരക്കു സംബന്ധിച്ചു അതാതു ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരങ്ങളും ഈ കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദിനംപ്രതിയുള്ള സ്ഥിതിഗതികൾ സംബന്ധിച്ചു ഹിന്ദു പത്രം ദിനംപ്രതി നൽകുന്ന കോവിഡ് ട്രാക്കർ ഗ്രാഫിക്സ് നൽകുന്ന സൂചനയും ഇതാണ്. അതിൽ രോഗബാധ കുതിച്ചുയരുന്ന സംസ്ഥാനങ്ങൾ ചുവപ്പിലും വലിയ മാറ്റമില്ലാതെ പിടിച്ചുനിർത്തുന്ന സംസ്ഥാനങ്ങൾ മഞ്ഞയിലും രോഗബാധ കുറഞ്ഞുവരുന്ന സംസ്ഥാനങ്ങൾ പച്ചയിലുമാണ് കാണിക്കുന്നത്.ഇന്നലത്തെ സ്ഥിതി സംബന്ധിച്ചു ഇന്നു പത്രം നൽകിയ ഗ്രാഫിക്സ് പ്രകാരം ചുവപ്പിൽ കാണുന്നത് മഹാരാഷ്ട്ര (11,119), കർണാടകം (7665), തമിഴ്നാട് (5709), പശ്ചിമ ബംഗാൾ (3175), ഒറീസ (2239), കേരളം (1758), പഞ്ചാബ് (1705) എന്നിവയാണ്.  ഈ സംസ്ഥാനങ്ങളിൽ രോഗം കൂടുതൽ വ്യാപിക്കുകയാണ്.

എന്നാൽ രോഗബാധ വലിയ വർധനയില്ലാതെ പിടിച്ചുനിർത്തിയ സംസ്ഥാനം ഇന്നലത്തെ കണക്കുപ്രകാരം  ഉത്തർപ്രദേശാണ് ( 4336). സംസ്ഥാനത്തിന്റെ വലിപ്പവും ജനസംഖ്യയും കണക്കിലെടുത്താൽ ഉത്തർപ്രദേശിന്റെ നേട്ടം പ്രധാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏതാനും ആഴ്ചകൾക്കു  മുമ്പുവരെ കടുത്ത രോഗവ്യാപനത്തിന്റെ പിടിയിലായിരുന്നു ഈ സംസ്ഥാനം.

 രോഗവ്യാപനം തടയുന്നതിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയതായി കാണുന്ന സംസ്ഥാനങ്ങൾ ആന്ധ്ര പ്രദേശ് (9652), ബീഹാർ (3257), തെലുങ്കാന (1682), ഡൽഹി (1374) എന്നിവയാണ്. നേരത്തെ കടുത്ത രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളാണ് ഇവയെല്ലാം. പ്രധാനമായും വിപുലമായ ടെസ്റ്റിംഗും  മറ്റു നടപടികളുമാണ്  സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിൽ അവരെ സഹായിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലായത്തിലെ വിദഗ്ധർ പറയുന്നു. \കേരളത്തിന്റെ  കാര്യത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത് അടുത്ത ആഴ്ചകളിൽ രോഗവ്യാപനം വീണ്ടും കുതിച്ചുയരുമെന്നും സെപ്റ്റംബറിൽ അതു 10,000ത്തിനും 20,000ത്തിനും ഇടയിൽ എത്തുമെന്നുമാണ്. ദേശീയതലത്തിൽ രോഗവ്യാപനം തടയുന്നതിൽ പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളും കാണിക്കുന്ന ആശാവഹമായ  പ്രവണത തുടരുകയാണെങ്കിൽ രോഗബാധയിലും പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകളിലും ഇന്ത്യയിൽ തന്നെ കേരളം ഒന്നാമത്തെ സ്ഥാനത്തു എത്തിയേക്കും എന്ന  ഭയാനകവും വേദനാജനകവുമായ അവസ്ഥയെയാണ് നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത്. ആരോഗ്യപാലനത്തിൽ ലോകത്തിനു മാതൃകയെന്നു കൊണ്ടാടപ്പെട്ട സംസ്ഥാനം എങ്ങോട്ടാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നതിനു കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായ സൂചന നൽകുന്നുണ്ട്

Leave a Reply