കോവിഡ് പ്രതിരോധം: വനിതാനേതാക്കൾ മികവുകാട്ടി
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ ലോകരാജ്യങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടതും ഫലപ്രദവുമായ നേതൃത്വം കാഴ്ച വെച്ചത് വനിതകൾ നയിക്കുന്ന രാജ്യങ്ങളാണെന്നു ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
സർവകലാശാലയുടെ സാമ്പത്തിക പഠനവിഭാഗവും ദാവോസിലെ ലോക സാമ്പത്തിക ഫോറവും സംയുക്തമായി നടത്തിയ പഠനത്തിൽ മൊത്തം 194 രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അനുഭവങ്ങളാണ് പരിശോധിച്ചത്. അതിൽ 19 രാജ്യങ്ങളെ നയിക്കുന്നത് വനിതകളാണ്. കോവിഡ് മരണനിരക്ക് കുറക്കുന്നതിലും ഫലപ്രദമായ പ്രതിരോധ നടപടികൾ സമയോചിതമായി സ്വീകരിക്കുന്നതിലും വനിതാനേതാക്കൾ പുരുഷന്മാരേക്കാൾ കൂടുതൽ മെച്ചമായ പ്രവർത്തനം നടത്തിയെന്ന് പഠനത്തിൽ കണ്ടതായി പഠനത്തിനു നേതൃത്വം നൽകിയ സുപ്രിയാ ഗരിക്കിപ്പതിയും ഉമാ കമ്പംപതിയും മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ നേതാക്കളുടെ ഇക്കാര്യത്തിലുള്ള പ്രവർത്തന മികവു സംബന്ധിച്ചു നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പല ലോകമാധ്യമങ്ങളും ഇതു ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആദ്യമായാണ് ഒരു അക്കാദമിക പഠനത്തിൽ ഇക്കാര്യം ശാസ്ത്രീയമായി വെളിപ്പെടുന്നത്.
ലിവർപൂൾ സർവകലാശാലയുടെ പഠനത്തിൽ ന്യുസിലാൻഡ്, ജർമ്മനി, ബംഗ്ലാദേശ് തുടങ്ങിയ വനിതകൾ നയിക്കുന്ന രാജ്യങ്ങളെ അതേ തരം സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും ജനസംഖ്യയുമുള്ള പുരുഷ നിയന്ത്രിതമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ജെസിന്താ ആർഡൺ നയിക്കുന്ന ന്യുസിലണ്ടിനെ അയർലാൻഡുമായും ആൻജെല മെർക്കലിന്റെ ജർമനിയെ ബ്രിട്ടനുമായും ബീഗം ഹസീന ഷേയ്ക്ക് നയിക്കുന്ന ബംഗ്ലാദേശിനെ പാകിസ്ഥാനുമായുമാണ് താരതമ്യം ചെയ്തത്. അമേരിക്ക ,ബ്രസീൽ, ഇന്ത്യ തുടങ്ങിയ പുരുഷ നിയന്ത്രിത രാജ്യങ്ങളിലെ ഗുരുതരമായ മരണനിരക്കും മറ്റും ഒഴിവാക്കി നടത്തിയ പരിശോധനയിലും പൊതുവിൽ വനിതാനേതാക്കളുടെ വിജയം കാണപ്പെട്ടു. മരണനിരക്ക് കുറയ്ക്കുന്നതിലും മറ്റു പ്രതിരോധ പ്രവർത്തനങ്ങളിലും അവർ വളരെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. പൂട്ടിയിടൽ തീരുമാനം ഏറ്റവും നേരത്തെ എടുത്തു നടപ്പാക്കിയതിനാൽ അവർക്കു താരതമ്യേന കൂടുതൽ വേഗത്തിൽ പ്രതിസന്ധിയിൽ നിന്നു പുറത്തു കടക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും പറ്റിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.