മാലിയിൽ പട്ടാള അട്ടിമറി; അറസ്റ്റിലായ പ്രസിഡണ്ട് രാജി പ്രഖ്യാപിച്ചു

കയ്‌റോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇന്നലെ  രാത്രിയുണ്ടായ പട്ടാള അട്ടിമറിയെ തുടർന്നു പ്രസിഡണ്ട് ഇബ്രാഹിം ബൂബക്കർ കീത്ത രാജി വെക്കുകയാണെന്നു ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ചു. ചെവ്വാഴ്ച രാത്രി  ഒരു വിഭാഗം പട്ടാളക്കാർ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലെത്തി അദ്ദേഹത്തെ തടവിലാക്കിയിരുന്നു. പ്രധാനമന്ത്രി ബുബു ചിസ്സെയും തടവിലാണെന്നു ബിബിസിഅൽ ജസീറ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമ ആഫ്രിക്കയിലെ സഹേൽ പ്രദേശത്തെ വിവിധ വംശീയ വിഭാഗങ്ങളുടെ തർക്കങ്ങളുടെ വേദിയാണ് മാലി.  അവിടെ സർക്കാരിന്റെ അഴിമതിയിലും  രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളും പ്രതിഷേധിച്ചു ജനങ്ങൾ ഒരാഴ്ചയിൽ ഏറെയായി പ്രക്ഷോഭത്തിലായിരുന്നു. അതിനിടയിലാണ് ഇന്നലെ വൈകിട്ടു പട്ടാളത്തിൽ ഒരു വിഭാഗം സമരക്കാരുമായി യോജിച്ചു തെരുവിൽ ഇറങ്ങിയത്. അവർ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തോക്കുചൂണ്ടി കീഴടക്കുകയായിരുന്നു എന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട്  ചെയ്തു.

സംഭവത്തിനു തൊട്ടു പിന്നാലെ അട്ടിമറിക്കാർ ആയുധം വെച്ചു കീഴടങ്ങണം എന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടതായ വാർത്ത പുറത്തുവന്നുവെങ്കിലും ബുധനാഴ്ച രാവിലെ താൻ രാജി വെക്കുകയാണ് എന്ന പ്രഖ്യാപനം പുറത്തുവന്നു. ഒരു രാത്രി നീണ്ട തടങ്കലിന്റെ ഒടുവിൽ വളരെ ക്ഷീണിതനായി കാണപ്പെട്ട പ്രസിഡണ്ട് കീത്ത ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്‌ ഒരു മുഖാവരണം ധരിച്ചു കൊണ്ടാണ്. രാജ്യത്തു രക്തച്ചൊരിച്ചിലിലിനു തനിക്കു താല്പര്യം ഇല്ലെന്നും അതിനാൽ ഇന്നുമുതൽ ചുമതലകളിൽ നിന്നു ഒഴിയുകയാണെന്നും കീത്ത പ്രക്ഷേപണത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വ്യക്തമല്ല.

Leave a Reply