കോവിഡ് ബാധ വീണ്ടും; ന്യുസിലാൻഡ് തിരഞ്ഞെടുപ്പ് മാറ്റി
ഓക്‌ലാൻഡ്: മൂന്നു മാസമായി കോവിഡ് കേസുകൾ പൂർണമായും ഇല്ലാതാക്കിയ ന്യുസിലാണ്ടിൽ കഴിഞ്ഞയാഴ്ച വീണ്ടും ഏതാനും കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടുത്തമാസം നടക്കാനിരുന്ന ദേശീയ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കോവിഡ് പ്രതിരോധത്തിന് പൂർണശ്രദ്ധ നല്കുന്നതിനായി തിരഞ്ഞെടുപ്പ് ഒരു മാസം മാറ്റിവെക്കുകയാണെന്നു പ്രധാനമന്ത്രി ജസിന്ത ആർഡൺ ഇന്നലെ അറിയിച്ചു. സെപ്റ്റംബറിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഇനി ഒക്ടോബറിൽ നടക്കും.
അതേസമയം, നവംബറിൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാർക്ക് തപാൽ വഴി വോട്ടു ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തള്ളി. തപാൽ വകുപ്പിന് കൂടുതൽ ഫണ്ട് നൽകാനുള്ള നീക്കങ്ങളും പ്രസിഡണ്ട് തടഞ്ഞു. തൽഫലമായി തപാൽ വോട്ടുകൾ വൻതോതിൽ വൈകിയേക്കുമെന്നുള്ള ഭീതി വ്യാപകമായി. ട്രംപ് തപാൽ വോട്ടുകളെ ശക്തമായി എതിർക്കുകയാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമത്തിനു അതു കാരണമാകും എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഡെമോക്രറ്റുകൾ ആ വാദം തള്ളി .തിരഞ്ഞെടുപ്പു അട്ടിമറിക്കാനായാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ തപാൽ വകുപ്പിന് കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ നടപടികൾക്കായി അമേരിക്കൻ കോൺഗ്രസ്സിന്റെ യോഗം വിളിച്ചു ചേർക്കാൻ ഡെമോക്രാറ്റിക് കക്ഷി നേതാവായ സ്‌പീക്കർ നാൻസി പെലോസി തീരുമാനിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തപാൽ വകുപ്പിനെ നിർവീര്യമാകാനുള്ള പ്രസിഡണ്ടിന്റെ നീക്കങ്ങളെ തടയാനാണ് കോൺഗ്രസ്സിൽ ഭൂരിപക്ഷ പിന്തുണയുള്ള ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
നവമ്പർ മൂന്നിന് നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവൻഷൻ ഇന്നലെ ഓൺലൈനായി ആരംഭിച്ചു. നാലു ദിവസമായി നടക്കുന്ന കൺവൻഷൻ പൂർണമായും ഓൺലൈനിലായിരിക്കും. ആദ്യ ദിവസം മുൻ പ്രഥമ വനിത മിഷേൽ ഒബാമ, ഡെമോക്രറ്റിക് നേതാവ് പ്രഫ. ബെർണി സാൻഡേർസ് എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തിയത്. ട്രംപിനെതിരെ പാർട്ടിയിലെ എല്ലാ വിഭാഗവും ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് കൺവെൻഷനിൽ കാണുന്നതെന്ന് പ്രധാന മാധ്യമങ്ങൾ പറയുന്നു.