ബസന്ത് നഗറിലെ അമ്പലത്തിൽ കമലാ ഹാരിസിനു വേണ്ടി ഉടച്ചത് 108 തേങ്ങകൾ

ന്യൂയോർക്ക്: കാലിഫോർണിയ അറ്റോർണിജനറൽ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌  സ്ഥാനാർത്ഥിയായി നിന്ന അവസരത്തിൽ വിജയം അകലെയാണെന്നു കമലാ ഹാരിസിന് ബോധ്യമുണ്ടായിരുന്നു. മദ്രാസിലെ അമ്മായിയെ വിളിച്ചു കമല ആവശ്യപ്പെട്ടത് ചെന്നൈ കടലോരത്തു ബസന്ത് നഗറിലെ അമ്പലത്തിൽ തനിക്കു വേണ്ടി മുട്ടറുക്കാൻ തേങ്ങ ഉടയ്ക്കണമെന്നാണ്.

 കമലയ്ക്കായി അന്നു 108 തേങ്ങകളാണ് ഗണപതി ക്ഷേത്രത്തിൽ ഉടച്ചതെന്നു അമ്മയുടെ ഇളയ  സഹോദരി സരളാ ഗോപാലൻ കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഓർമിച്ചു. മത്സരം കടുത്തതായിരുന്നുവെങ്കിലും  മുരുകന്റെ കൃപ കൊണ്ടു അന്നു കമലാ ഹാരിസ് വിജയായതായി അവർ പറഞ്ഞു.

നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട ഇന്ത്യൻ വംശജ കമലാ ഹാരിസിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ചു  ന്യൂയോർക്ക് ടൈംസ് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മദ്രാസ്സ് നഗരത്തിലെ അമ്മയുടെ കുടുംബവീടിനെക്കുറിച്ചും അവരുടെ ബന്ധുക്കളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ഒക്കെയുള്ള രസകരമായ വിവരങ്ങൾ ഉൾക്കൊള്ളുന്നത്.

കമലയുടെ അമ്മ ശ്യാമളാ ഗോപാലൻ അമ്പതുകളുടെ തുടക്കത്തിൽ പത്തൊമ്പതാം വയസ്സിലാണ് കാലിഫോർണിയ സർവകലാശാലയിൽ  വൈദ്യപഠനത്തിനായി എത്തിയത്. അവരുടെ പിതാവ് പി വി ഗോപാലൻ  ഇന്ത്യൻ സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്നു.  തമിഴ്നാട്ടിൽ ചെന്നൈക്കടുത്തുള്ള പൈങ്ങനാട് എന്ന ഗ്രാമത്തിൽ 1911ൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് സർക്കാരിൽ സ്റ്റെനോഗ്രാഫർ ആയാണ് ജീവിതം ആരംഭിച്ചത്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ അദ്ദേഹം ഡൽഹിയിലാണ് ജോലി ചെയ്തു വന്നത്. മൂത്തമകൾ ശ്യാമള അവിടെ ലേഡി ഇർവിങ് കോളേജിൽ ഹോംസയൻസ് കോഴ്സിനാണ് പഠിച്ചത്. പിന്നീട്‌ വീട്ടിൽ ആരോടും പറയാതെ ശ്യാമള ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ പിഎച്ച്ഡി ഡിഗ്രിക്കായി അപേക്ഷിച്ചു. ശ്യാമളക്കു അഡ്മിഷൻ കിട്ടിയപ്പോൾ പിതാവ്  സാമ്പത്തികമായി അതു താങ്ങാവുന്നതിലും വലിയ ബാധ്യതയായിട്ടും മകളെ അമേരിക്കയിലേക്കു അയക്കുകയായിരുന്നു എന്നു കമലയുടെ അമ്മാവൻ ബാലചന്ദ്രൻ ഓർമ്മിക്കുന്നു.

തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിദ്യാഭ്യാസത്തിനായി അമേരിക്ക പോലുള്ള എത്രയോ അകലെയുള്ള ഒരു നാട്ടിലേക്കു ഒറ്റയ്ക്ക് അയക്കുകയെന്നത് അന്നത്തെ കാലത്തു അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ തങ്ങളുടെ പിതാവ് നാലു പെൺമക്കളുടെയും വിദ്യാഭ്യാസത്തിനു പൂർണ പിന്തുണ നൽകിയതായി കമലയുടെ അമ്മായി സരളാ ഗോപാലൻ ഓർമ്മിക്കുന്നു.

അമേരിക്കയിൽ എത്തിയ ശ്യാമള അവിടെ പഠനത്തിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. അവർ  വിദ്യാർത്ഥിപ്രസ്ഥാനത്തിലും അറുപതുകളിൽ ഉയർന്നുവന്ന പൗരവകാശ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു. അക്കാലത്തു പരിചയപ്പെട്ട ജമൈക്കയിൽ നിന്നുള്ള കറുത്ത വർഗക്കാരനായ ഡൊണാൾഡ് ഹാരിസിനെയാണ് ശ്യാമള വിവാഹം കഴിച്ചത്. സാമ്പത്തിക ശാസ്ത്രഞ്ജനായ ഡൊണാൾഡ് പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനായി. അവർക്കു രണ്ടു പെണ്മക്കളുണ്ടായി — മൂത്തയാൾ കമല, രണ്ടാമത്തെയാൾ മായ. പിന്നീട് മാതാപിതാക്കൾ വേർപിരിഞ്ഞു. എന്നാൽ അമേരിക്കയിൽ കറുത്തവർഗക്കാർ എന്ന നിലയിലാണ് ശ്യാമളാ ഗോപാലൻ കുട്ടികളെ വളർത്തിയത്.

അതേസമയം, കുട്ടികളുടെ ഇന്ത്യൻ പാരമ്പര്യവും ഭക്ഷണരീതികളും അവരെ പരിചയപ്പെടുത്താൻ ‘അമ്മ നിരന്തരം ശ്രമം നടത്തിയിരുന്നു. ഇടക്കൊക്കെ നാട്ടിലെത്തുമ്പോൾ  ചെന്നൈയിലെ വീടിനടുത്തുള്ള ബീച്ചിൽ മുത്തച്ഛനൊത്തുള്ള പ്രഭാതസവാരിയും വീട്ടിലെ ഇഡലിയും ചമ്മന്തിയും സംബന്ധിച്ച ഓർമ്മകൾ കഴിഞ്ഞവർഷം പുറത്തിറക്കിയ ആത്മകഥയിൽ കമലാ ഹാരിസ് വിവരിക്കുന്നുണ്ട്.

കമലാ  ഹാരിസിന്റെ അമ്മ ശ്യാമളാ ഗോപാലൻ പതിനൊന്നു വർഷം മുമ്പാണ് കാലിഫോർണിയയിൽ അന്തരിച്ചത്.  മരിക്കും മുമ്പ് ജന്മനാട്ടിലേക്ക് തിരിച്ചു വരണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അതിനാൽ അമ്മയുടെ അസ്ഥി ഒഴുക്കാനായി കമലാ ഹാരിസ് വീണ്ടും ചെന്നൈയിലെ വീട്ടിൽ എത്തി. ബസന്ത്നഗറിലെ അമ്പലത്തിനടുത്ത് കടലിലാണ് അമ്മയുടെ അസ്ഥി അവർ  പൂജാവിധികളോടെ ഒഴുക്കിയതെന്നു കുടുംബാംഗങ്ങൾ ഓർമിച്ചു. അന്നാണ് കമലാ ഹാരിസ് അവസാനമായി ചെന്നൈയിൽ എത്തിയത്. ഇനി അമേരിക്കയുടെ   വൈസ് പ്രസിഡണ്ട് എന്ന നിലയിലും ഒരു പക്ഷേ ഭാവിയിൽ പ്രസിഡണ്ട് എന്ന നിലയിലും കമല വീണ്ടും വരുമെന്നു കുടുംബവും നാടും പ്രതീക്ഷിക്കുന്നു. 

Leave a Reply