ഫേസ്ബുക്ക് ബിജെപി ബന്ധം: സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന് കോൺഗ്രസ്സ്

ന്യൂദൽഹി: ബിജെപി, സംഘപരിവാർ  നേതാക്കളുടെ ഫേസ്ബുക്ക് വഴിയുള്ള വർഗീയപ്രചാരണത്തെ തടയുന്നതിൽ ആഗോള സോഷ്യൽ മീഡിയ സ്ഥാപനം ബോധപൂർവം വീഴ്ച വരുത്തിയ സംഭവം സംബന്ധിച്ചു സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ബിജെപി  നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ചു കമ്പനിയുടെ ആഭ്യന്തര അന്വേഷണസംഘം കണ്ടെത്തിയിട്ടും നടപടി എടുക്കുന്നത് ഒഴിവാക്കിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത് അമേരിക്കൻ മാധ്യമ സ്ഥാപനമായ വാൾ സ്ട്രീറ്റ് ജേർണൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോർട്ടിലാണ്.

ഇന്ത്യയിൽ ഫേസ്ബുക്ക് നടത്തുന്ന പ്രവർത്തനങ്ങൾ കമ്പനിയുടെ തന്നെ ആഭ്യന്തര നിയമങ്ങളെ അട്ടിമറിക്കുന്നതാണെന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വംശീയ വിദ്വേഷവും വർഗീയ പ്രചാരണവും ഉൾപ്പെടുന്ന പോസ്റ്റുകൾക്കെതിരെ  നടപടി എടുക്കണമെന്നാണ് കമ്പനിയുടെ ആഭ്യന്തര നിയമങ്ങൾ പറയുന്നത്. അത്തരം  വിഷയങ്ങൾ പരിശോധിക്കാനായി കമ്പനിക്കു പ്രത്യേക സംവിധാനവും നിലവിലുണ്ട്. എന്നാൽ ഇന്ത്യയിലെ പല ബിജെപി  നേതാക്കളും ഇത്തരം പോസ്റ്റുകൾ ഇട്ടതു ഒഴിവാക്കാനുള്ള പരിശോധനാ വിഭാഗത്തിന്റെ നിർദേശങ്ങളെ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രധാന ചുമതലക്കാരിൽ ഒരാളായ അംഖി ദാസ് ചെറുത്തുവെന്നും തുടർന്നു അത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും വാൾസ്ട്രീറ്റ്ജേർണൽ ചൂണ്ടിക്കാട്ടി. ബർമയിലെ റോഹിൻഗ്യൻ മുസ്ലിം അഭയാർത്ഥികളെ കീടങ്ങൾ എന്നു വിശേഷിപ്പിച്ചു അവരെ നശിപ്പിക്കണം എന്നു ആഹ്വാനം ചെയ്യുന്ന ബിജെപി നേതാവ് രാജ് സിംഗിന്റെ പോസ്റ്റ് വാർത്തയിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അതേപോലെ ദൽഹിയിൽ കപിൽ മിശ്ര എന്ന ബിജെപി നേതാവ് മുസ്ലിംകൾക്കെതിരെ അക്രമത്തിനു ആഹ്വാനം ചെയ്യുന്ന പോസ്റ്റിടുകയും അതിനായി അക്രമിസംഘത്തെ  സംഘടിപ്പിക്കാനായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തതായി പത്രം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് ആഭ്യന്തര അന്വേഷണസംഘം ഇത്തരം പോസ്റ്റുകൾ അതാതു അവസരത്തിൽ തന്നെ കണ്ടെത്തി നടപടികൾക്കായി ശുപാർശ ചെയ്തിരുന്നു. സാധാരണ നിലയിൽ ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുകയും വീണ്ടും  ആവർത്തിക്കുകയാണെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുകയുമാണ് ഫേസ്ബുക്ക് രീതി. എന്നാൽ ബിജെപി  നേതാക്കളുടെ  ഇത്തരം പോസ്റ്റുകൾക്കെതിരെ കമ്പനി നടപടി എടുത്തില്ല. അങ്ങനെ  ചെയ്താൽ കേന്ദ്രസർക്കാരുമായുള്ള കമ്പനിയുടെ ബന്ധങ്ങൾ വഷളാവുമെന്നും അതു ബിസിനസ്സിനെ ബാധിക്കുമെന്നുമാണ് ഫേസ്ബുക്ക് ഇന്ത്യയുടെ നയരൂപീകരണ സംഘത്തിന്റെ  ചീഫായ അംഖി ദാസ് വാദിച്ചത്. ഇന്ത്യയിൽ കമ്പനിയുടെ  താൽപര്യസംരക്ഷണത്തിന് ഭരണാധികാരികളുമായി ബന്ധം സ്ഥാപിക്കുന്ന ചുമതലയും അംഖി ദാസ് നിറവേറ്റുന്നു.

 തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം പോസ്റ്റുകൾ സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരിൽ നിന്നു വിശദീകരണം ആവശ്യപ്പെട്ട ശേഷം അതിൽ പലതും കമ്പനി നീക്കം ചെയ്തതായി വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ വളരെ പരസ്യമായ നിയമലംഘനങ്ങൾ നടന്നിട്ടും ഇന്ത്യൻ മാധ്യമങ്ങൾ ഇക്കാര്യം ഗൗരവത്തിൽ എടുക്കുകയോ അതു സംബന്ധിച്ച വാർത്തകൾ നൽകുകയോ ഉണ്ടായില്ല എന്നു വാൾസ്ട്രീറ്റ് വാർത്ത പുറത്തുവന്നശേഷം ചില ഓൺലൈൻ മാധ്യമങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടി. അതിനുകാരണം ഫേസ്ബുക്ക് കമ്പനി ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളുമായി ഉണ്ടാക്കിയ സാമ്പത്തിക  ഇടപാടുകളാണ്. പല മാധ്യമങ്ങളുടെയും പ്രധാന  വരുമാന മാർഗങ്ങളിലൊന്ന് ഫേസ്ബുക്ക് വഴിയുള്ള പരസ്യങ്ങളാണെന്നു അവർ ചൂണ്ടിക്കാട്ടി.

വാൾസ്ട്രീറ്റ് ജേർണൽ വാർത്ത  പുറത്തു വന്നതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ഫേസ്ബുക്കിനെ ബിജെപി -ആർഎസ്എസ് സംഘം സഹായിക്കുകയാണെന്നു മുൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ  ഇടപെടാനും ജനവിധി അട്ടിമറിക്കാനുമുള്ള നീക്കങ്ങളാണ് അമേരിക്കൻ സാമൂഹിക മാധ്യമ കമ്പനിയും ബിജെപി- ആർഎസ്എസ് നേതൃത്വവും ചേർന്ന് നടത്തുന്നതെന്ന്‌ കോൺഗ്രസ്സ് നേതാവ് അജയ് മാക്കൻ ആരോപിച്ചു. വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Leave a Reply