സത്യസന്ധരായ നേതാക്കളെ പരതി തൃണമൂൽ; അങ്ങോട്ടില്ലെന്നു സിപിഎം നേതാക്കൾ

കൊൽക്കത്ത: ഉത്തര ബംഗാളിലെ ആദിവാസി മേഖലകളിൽ കഴിഞ്ഞ വർഷം  കടുത്ത തിരിച്ചടിയേറ്റ ബംഗാളിലെ ഭരണകക്ഷി തൃണമൂൽ കോൺഗ്രസ്സ് സത്യസന്ധരും ജനകീയരുമായ നേതാക്കളെ തേടി അന്വേഷണം തുടങ്ങി. സിപിഎമ്മിലെ മുൻകാല  നേതാക്കളെയും ഇപ്പോൾ നിശ്ശബ്ദരായി ഇരിക്കുന്ന സാധാരണ പ്രവർത്തകരെയുമാണ് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകുന്ന പ്രശാന്ത് കിഷോറിന്റെ സംഘം ലക്ഷ്യമിടുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തര ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ മുൻ സിപിഎം എംഎൽഎ ലക്ഷ്മി കാന്ത റോയ്, നിലവിലുള്ള എംഎൽഎ   മമത റോയ് എന്നിവരെ പ്രശാന്ത് കിഷോർ നയിക്കുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ പാക്) എന്ന സന്നദ്ധ സംഘടന സമീപിച്ചതു സംബന്ധിച്ച  വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  ധുപഗുരി നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് ലക്ഷികാന്ത റോയ്. അദ്ദേഹം പ്രദേശത്തു  മണ്ണുകൊണ്ടു നിർമ്മിച്ച വീട്ടിൽ പരിമിത വിഭവങ്ങളുമായി കഴിഞ്ഞുകൂടുന്നയാളാണ്. മത്സ്യബന്ധനത്തിന് വല നെയ്തു കഴിഞ്ഞുകൂടിയ എഴുപതുകാരനായ ലക്ഷ്മി കാന്ത റോയിയെ ഏതാനും ദിവസം മുമ്പാണ് തൃണമൂൽ ഏജന്റുമാർ വീട്ടിൽ പോയി കണ്ടത്. തൃണമൂലിൽ  ചേരാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു.തന്റെ  ഇടതുപക്ഷ രാഷ്ട്രീയ  മൂല്യങ്ങൾ ഉപേക്ഷിക്കാൻ ഏതു പ്രതിസന്ധിയിലും താൻ തയ്യാറല്ല എന്നാണ്  അദ്ദേഹം തൃണമൂൽ സംഘത്തോടു പറഞ്ഞത്.

പ്രശാന്ത് കിഷോർ സംഘം പ്രാദേശിക എംഎൽഎ മമതാ റോയ്, മറ്റൊരു സിപിഎം നേതാവ് ബനമാലി റോയ് എന്നിവരെയും വാഗ്ദാനങ്ങളുമായി സമീപിച്ചതായി കൊൽക്കത്ത മാധ്യമങ്ങൾ പറഞ്ഞു. രണ്ടു പേരും അവരെ ചർച്ചകൂടാതെ തിരിച്ചയച്ചു.

തങ്ങളുടെ രാഷ്ട്രീയകാര്യ ഉപദേശകനായ പ്രശാന്ത് കിഷോറിന്റെ സംഘടനയിലെ ചിലർ ഉത്തര ബംഗാളിലെ പിന്നാക്ക പ്രദേശങ്ങളിൽ ജനപ്രീതിയുള്ള നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നു തൃണമൂൽ നേതാക്കൾ കൊൽക്കത്തയിൽ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രദേശത്തെ എട്ടു ലോകസഭാ മണ്ഡലങ്ങളിൽ ഏഴിലും വിജയം നേടിയത് ബിജെപിയാണ്. പ്രാദേശിക തൃണമൂൽ നേതാക്കളുടെ അഴിമതിയും ദുർനടപ്പുമാണ് അതിനു കാരണം. അതിനാൽ  ജനപ്രീതിയുള്ള നേതാക്കളെ   പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ സമ്മതിച്ചു.       

Leave a Reply