പ്രസിഡന്റിന്റെ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് ട്രംപ്  അന്തരിച്ചതായി ന്യൂയോർക്ക് ടൈംസ് ഇന്നുരാവിലെ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിനു 72 വയസായിരുന്നു.

ന്യൂയോർക്കിൽ ഏതാനും ദിവസമായി ആശുപത്രിയിൽ കഴിയുകയായിരുന്ന റോബർട്ട് ട്രംപിനെ ഒരുദിവസം മുമ്പ് വെള്ളിയാഴ്ച പ്രസിഡണ്ട് ട്രംപ് സന്ദർശിച്ചിരുന്നു. തന്റെ സഹോദരൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ് എന്നു ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ എന്താണ് രോഗവിവരങ്ങൾ എന്നു  വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

ട്രംപ് കുടുംബത്തിന്റെ വ്യവസായ സ്ഥാപനമായ ട്രംപ് ഓർഗനൈസേഷന്റെ വൈസ് പ്രസിഡണ്ട് ആയിരുന്നു പ്രസിഡന്റിന്റെ ഇളയ സഹോദരനായ റോബർട്ട് ട്രംപ്. തന്റെ സഹോദരന്റെ മകൾ മേരി ട്രംപ് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകം പുറത്തിറങ്ങുന്നത് തടയാനായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ കോടതി പുസ്തകം  പുറത്തിറങ്ങുന്നത് തടയാൻ വിസമ്മതിക്കുകയായിരുന്നു. 

Leave a Reply