ബെലാറസിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് അയൽരാജ്യങ്ങൾ; സൈനിക പിന്തുണയുമായി പുടിൻ
മിൻസ്‌ക്: ആഗസ്റ്റ് ഒമ്പതിന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സർക്കാർ തട്ടിപ്പു നടത്തി എന്നു ആരോപിച്ച മുൻ സോവിയറ്റ് റിപ്പബ്ലിക് ബെലാറസിൽ അന്താരാഷ്ട്ര നിരീക്ഷണത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് അയൽരാജ്യങ്ങളായ ലറ്റ്‌വിയ, ലിത്വനിയ, എസ്റ്റോണിയ എന്നിവ ആവശ്യപ്പെട്ടു. സ്വതന്ത്ര തിരഞ്ഞെടുപ്പിന് ലുകാഷെങ്കോ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ അന്താരാഷ്ട്ര ഉപരോധം മാത്രമാണ് പരിഹാരം എന്നു മൂന്നു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ബെലാറസിൽ സൈനിക ഇടപെടലിന് നാറ്റോ സഖ്യരാഷ്ട്രങ്ങൾ തയ്യാറാവുകയാണെങ്കിൽ അതിനെ ചെറുക്കൻ റഷ്യ സൈനികമായി ഇടപെടുമെന്ന് പ്രസിഡണ്ട് വ്ലാദിമിർ പുടിൻ ഉറപ്പു നൽകിയതയായി ബെലാറസ് പ്രസിഡണ്ട് അലക്സാണ്ടർ ലുകാഷെങ്കോ പ്രസ്താവിച്ചു. അയൽരാജ്യങ്ങളായ പോളണ്ടിലും ലിത്വനിയയിലും നടക്കുന്ന നാറ്റോ സൈനിക നീക്കങ്ങൾ ഉത്കണ്ഠജനകമാണെന്നും അദ്ദേഹം പറഞ്ഞു.
36 വർഷമായി ബെലാറസ് പ്രസിഡണ്ട് പദവിയിൽ ഇരിക്കുന്ന ലുകാഷെങ്കോ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിച്ചു അധികാരത്തിൽ തുടരുകയാണ് എന്നു പ്രതിപക്ഷം ആരോപിക്കുന്നു. വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കടുത്ത ജനകീയ പ്രതിഷേധം നേരിട്ടുവന്ന ലുകാഷെങ്കോ മൊത്തം വോട്ടിന്റെ 80.1 ശതമാനം നേടി വീണ്ടും വിജയിച്ചുവെന്നാണ്. പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന ടിഖനോവ്സ്കയ 10.12 ശതമാനം വോട്ടു മാത്രമാണ് നേടിയതെന്നും കമ്മീഷൻ അവകാശപ്പെട്ടു. അതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ കൂട്ടമായി പ്രക്ഷോഭത്തിന് ഇറങ്ങിയത്. 6500ൽ അധികം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പലരെയും പീഡനത്തിന് ഇരയാക്കിയതായി ഇന്നലെ വിട്ടയക്കപ്പെട്ട പ്രക്ഷോഭകർ ആരോപിച്ചു. പോലീസ് നടപടികളിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഇരുന്നൂറിൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ബെലാറസിലെ പ്രധാന ഉദ്യോഗസ്ഥർക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഇന്നലെയാണ് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് നീതിപൂർവകമായിരുന്നില്ല എന്നു യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി. അതിനെ പ്രതിരോധിക്കാനായാണ് പ്രസിഡണ്ട് ലുകാഷെങ്കോ റഷ്യയുടെ സഹായം തേടിയത്. ക്രിമിയയിലെ റഷ്യൻ ഇടപെടലിനു ശേഷം മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ബെലാറസും റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ വേദിയാവുകയാണെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചു ഞായറാഴ്‌ച മുതൽ രാജ്യത്തു പ്രക്ഷോഭം നടക്കുകയാണ്. സമാധാനപരമായ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അയൽരാജ്യമായ ലിത്വനിയയിൽ അഭയം പ്രാപിച്ച പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന ടിക്കണോവ്സ്കയ ആരോപിച്ചു. ഭരണകൂടം അക്രമം ഉപേക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.