ഇസ്രായേൽ-യു എ ഇ കരാറിൽ അറബ് ലോകത്തു കടുത്ത എതിർപ്പ്

ദുബൈ: ഐക്യ  അറബ് എമിറേറ്സും (യു എ ഇ ) ഇസ്രയേലുമായി കഴിഞ്ഞദിവസം എത്തിച്ചേർന്ന നയതന്ത്രകരാർ ഫലസ്തീൻ ജനതയെ പിന്നിൽ നിന്ന് കുത്തുന്നതിനു തുല്യമാണെന്ന് വിവിധ ഫലസ്തീനി സംഘടനകളും ഇറാൻ, തുർക്കി തുടങ്ങിയ മുസ്ലിം രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഖത്തറും കരാറിനെ ശക്തമായി വിമർശിച്ചു. സൗദി അറേബ്യയുടെ സങ്കുചിത താല്പര്യങ്ങളാണ് അമേരിക്കയുടെ കാർമികത്വത്തിൽ രൂപം കൊണ്ട പുതിയ കരാറിനു പിന്നിലെന്ന് ഫലസ്തീൻ സംഘടനകൾ ആരോപിച്ചു.

 ഇസ്രയേലുമായി യു എ ഇ എത്തിച്ചേർന്ന കരാർ പ്രകാരം ഇരുരാജ്യങ്ങളും പൂർണ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുകയും അംബാസഡർമാരെ  പരസ്പരം നിയോഗിക്കുകയും ചെയ്യും. വാണിജ്യബന്ധങ്ങളും ഒന്നിച്ചുള്ള  വിവിധ സംരംഭങ്ങളും കെട്ടിപ്പടുക്കും. നേരത്തെ  ഈജിപ്‌ത്‌, ജോർദാൻ എന്നീ അറബ് രാജ്യങ്ങൾ മാത്രമാണ് ഇസ്രയേലുമായി ബന്ധങ്ങൾ സ്ഥാപിച്ചത്.  ഈജിപ്ത് പ്രസിഡണ്ട് അൽ സീസി കരാറിനെ സ്വാഗതം ചെയ്തു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ മുന്നേറ്റം എന്നാണ് വിശേഷിപ്പിച്ചത്. ഇരുരാജ്യ നേതാക്കളും കരാറിൽ ഒപ്പിടുന്നതിനായി വാഷിംഗ്ടണിൽ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഫലസതീൻ അതോറിറ്റിയും ഹമാസ് അടക്കമുള്ള  ഫലസ്തീൻ സംഘടനകളും  കരാറിനെ ശക്തമായി അപലപിച്ചു. കരാറിന്റെ ഭാഗമായി പടിഞ്ഞാറേകരയിലെ അധിനിവിഷ്ട പ്രദേശങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി പ്രഖ്യാപിക്കാനുള്ള നീക്കം നിർത്തിവെക്കും എന്ന പ്രഖ്യാപനത്തെ തമാശയായാണ് അവർ കാണുന്നത്. ഇസ്രായേൽ ഇപ്പോൾത്തന്നെ കയ്യേറി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളാണിത്. അതിനാൽ കരാറിലെ ഈ  പ്രഖ്യാപനത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു ഫലസ്തീൻ സംഘടനകൾ ചൂണ്ടിക്കാട്ടി.

Leave a Reply