കോവിഡ് പ്രതിരോധം താളംതെറ്റി; നാടിനെ രക്ഷിക്കാൻ ഒന്നിച്ചിറങ്ങാൻ സമയമായി

കേരളത്തിൽ കോവിഡ് മഹാമാരി എല്ലാ പ്രതിരോധങ്ങളെയും കടന്നു മുന്നേറുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധ 1500 കവിഞ്ഞു. അടുത്ത മാസം അതു 10,000 മുതൽ 20,000 വരെ കുതിച്ചുയരുമെന്നു ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജ തുറന്നുപറഞ്ഞു. അതിനാൽ സമൂഹം ജാഗ്രതയോടെ ഒന്നിച്ചുനിൽക്കണം എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.    

ആരോഗ്യമന്ത്രി ഇതിനുമുമ്പ് കേരളത്തിലെ ജനങ്ങളോട് സംസാരിച്ചത് എപ്പോഴാണ്? ഓർക്കാൻ കഴിയുന്നില്ല. ദിനംപ്രതി മുഖ്യമന്ത്രി നടത്തുന്ന ദർബാറിൽ അവരുടെ സാന്നിധ്യം കാണാറുണ്ട്. പഴയകാല സിനിമകളിൽ രാജാപാർട്ട് വേഷത്തിനു അകമ്പടി സേവിക്കുന്ന ഒരുപറ്റം നടീ നടന്മാർ പതിവുണ്ടായിരുന്നു.  അവർക്ക് കാര്യമായ ഡയലോഗില്ല. മുഖം എപ്പോഴെങ്കിലും ഒന്നു മിന്നിമറഞ്ഞു സ്‌ക്രീനിൽ പ്രത്യക്ഷമാകും. അത്രതന്നെ.  അതുതന്നെ ജീവിതസൗഭാഗ്യം എന്നതു അന്നത്തെ അവസ്ഥ. പക്ഷേ ഇതു ജനാധിപത്യ കാലമാണ്. നാടുവാഴി ഭരണമല്ല ഇവിടെ നിലവിലുള്ളത്. അതിനാൽ ആരോഗ്യമന്ത്രിയുടെ ചുമതല ആർക്കെങ്കിലും അകമ്പടി സേവിക്കലല്ല എന്നു മന്ത്രിയും സർക്കാരും തിരിച്ചറിയാൻ സമയം വൈകി. കേരളത്തിൽ കോവിഡ് പ്രതിരോധത്തിന് ആർക്കാണ് ചുമതല ? ഇതു ഒരു ആരോഗ്യപ്രശ്നമാണ്. അതിനാൽ ആരോഗ്യവകുപ്പ് മുന്നിൽ നിന്നു പ്രവർത്തിക്കണം. പക്ഷേ ആരോഗ്യമന്ത്രി എന്തുചെയ്യുന്നു എന്ന് ആർക്കും ഒരു പിടിയുമില്ല. ഇന്നലെ മുഖ്യമന്ത്രി പെട്ടിമുടിയിൽ പോയ സന്ദർഭത്തിൽ അവർക്ക് ചില പ്രധാന വിഷയങ്ങൾ പറയാൻ അവസരം കിട്ടി. 

അവരുടെ വാക്കുകൾ കേരളം ശ്രദ്ധിക്കണം. 

കാരണം ഇനി വായൊന്നു തുറക്കാൻ ആരോഗ്യമന്ത്രിക്കു എന്ന് അവസരം കിട്ടുമെന്ന് അറിയില്ല. ആളുകൾ മരിക്കുകയാണ്, കേരളം തകരുകയാണ്. കോവിഡ് പ്രതിരോധ നടപടികൾ പോലീസ് നിയന്ത്രണത്തിലാണ്. കേരളത്തിൽ നാലുവർഷമായി ജനകീയ ഭരണമല്ല, പോലീസ് രാജ് ആണ് നടമാടുന്നത്. അതിനാൽ കേരളത്തെ പടച്ച തമ്പുരാൻ രക്ഷിക്കട്ടെ.   

എന്തുകൊണ്ട് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ഇന്നത്തെ നിർണായക  സന്ദർഭത്തിൽ കളത്തിനു പുറത്തായിപ്പോയി? മന്ത്രി കഴിവുകെട്ട ആളായതുകൊണ്ടോ? കേരളത്തിൽ സാമാന്യബോധമുള്ള ആരും അങ്ങനെ പറയില്ല. പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നു ശൈലജ ടീച്ചർക്ക് അറിയാം. അത് നിപ്പയുടെ താണ്ഡവകാലത്തു അവർ തെളിയിച്ചതാണ്. കോവിഡ് പ്രശ്നത്തിന്റെ ആദ്യനാളുകളിലും അവരുടെ നേതൃപരമായ പങ്കാളിത്തം ഉണ്ടായിരുന്നു. അതിനാൽ ഇപ്പോൾ നമ്മുടെ മന്ത്രിക്കു എന്തുപറ്റി എന്നു അന്വേഷിക്കണം. അവർക്കു ഭരണ നിർവഹണത്തിൽ പങ്കാളിത്തമില്ല എന്നാണോ? എങ്കിൽ എന്തുകൊണ്ട്?    യഥാർത്ഥപ്രശ്‍നം ജനാധിപത്യ ഭരണ രീതിയിലെ മര്യാദകൾ നമുക്കു നഷ്ടപ്പെട്ടു പോയതാണ്. ഭരണത്തിൽ കൂട്ടായ ഉത്തരവാദിത്വം പ്രധാനമാണ്. എല്ലാവരുടെയും സ്ഥാനവും പങ്കും  അംഗീകരിക്കണം. അതിനു ഭരണ നേതൃത്വം തയ്യാറാകുന്നില്ല എങ്കിൽ അതിന്റെ വില കൊടുക്കേണ്ടി വരിക നാട്ടിലെ ജനങ്ങളാണ്.    

കോവിഡ് കാലത്തു പലനാട്ടിലും ഭരണാധികാരികൾ ദിനംപ്രതി മാധ്യമങ്ങളെ കണ്ടിരുന്നു. അമേരിക്കയിൽ ട്രംപ് അതു തന്റെ പ്രതിച്ഛായ വർദ്ധനവിന് അവസരമായി കണ്ടു. ആരോഗ്യരംഗത്തു എല്ലാ സൗകര്യങ്ങളും തികഞ്ഞ ആ നാടു കുട്ടിച്ചോറായി. രാഷ്ട്രീയം പറഞ്ഞു സമയം കളഞ്ഞു മരണം രണ്ടു ലക്ഷമായി. അമ്പതു ലക്ഷം പേർ രോഗികളായി. മറുഭാഗത്തു ന്യുസിലാൻഡ് പ്രധാനമന്ത്രി കോവിഡ് പ്രതിരോധത്തിൽ ഊന്നി. ആരോഗ്യ പ്രവർത്തകരെ മുന്നിൽനിർത്തി. ആ നാട് പ്രതിസന്ധി തരണം ചെയ്തു. ബ്രിട്ടനിൽ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും മാറിമാറി മാധ്യമങ്ങളെ കണ്ടു. ശാസ്ത്ര-ആരോഗ്യ വകുപ്പ് ഉന്നതരും അതിൽ പങ്കെടുത്തു. ഓരോരുത്തരും തങ്ങളുടെ ചുമതല നിറവേറ്റി. ഒരു അവസരത്തിൽ രോഗ വ്യാപനത്തിൽ ഭയാനകസ്ഥിതിയിൽ ആയിരുന്നു ആ രാജ്യം. ഇപ്പോൾ അവർ പ്രതിസന്ധി പിന്നിട്ടു.  അവരിപ്പോൾ വിദ്യാലയങ്ങൾ തുറക്കുകയാണ്. അതോടെ രക്ഷിതാക്കൾക്കും സ്വന്തം ജോലിയിലേക്ക് മടങ്ങാനാകും.   

അപ്പോൾ നമുക്ക് മുന്നിൽ രണ്ടു മാതൃകയുണ്ട്‌. ഒന്ന്   ട്രംപിന്റെ മാതൃക. അവനവൻ തന്നെ എല്ലാം എന്ന ചിന്തയാണ് അതിൽ പ്രധാനം. രണ്ടാമത്തെ മാതൃക ന്യുസിലാണ്ടിലെ ജസീന്ത ആർഡൺ  കാണിച്ച മാതൃകയാണ്. അവർ ആ നാടിനെ പ്രതിസന്ധിയിൽ നിന്ന് പുറത്തേക്കു നയിച്ചു. ഇന്ന് ലോകത്തെ ഏറ്റവും ആരാധ്യയായ നേതാവ് എന്ന പദവിയിലാണ് അവർ. രണ്ടാം സ്ഥാനത്തു നിൽക്കുന്നത് ജർമനിയെ നയിച്ച ആംഗല മെർക്കലാണ്. രണ്ടുപേരും സ്ത്രീകൾ. നമുക്കും ഈ പ്രതിസന്ധിയിൽ ആശ്വാസവും ആത്മവിശ്വാസവും പകരാൻ ശേഷിയുള്ള വനിതകൾ ഭരണത്തിൽ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ട്രംപിനെയാണ് നമ്മൾ മാതൃകയാക്കുന്നത്‌. അവിടെ അദ്ദേഹത്തിന്റെ ജനപിന്തുണ കുത്തനെ ഇടിയുകയാണ് എന്നു അഭിപ്രായ സർവേകൾ പറയുന്നു. ഇവിടെ സോഷ്യൽ മീഡിയയിലെ ചിലരുടെ വിക്രയങ്ങളെ കുറിച്ചു ആരോ ചോദിച്ചപ്പോൾ പതിനാറു മിനിറ്റ് നീണ്ട പ്രഭാഷണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയിൽ നിന്നു കേട്ടത്. അതേസമയം ആശുപത്രികൾ നിറഞ്ഞു കവിയുന്നു, പൊരുതിത്തളർന്ന ഡോക്‌ടർമാർ മാനസിക വിഭ്രാന്തിയുടെ   അവസ്ഥയിൽ എത്തുന്നു. എന്തുചെയ്യും എന്നറിയാതെ കുടുംബങ്ങൾ ഇരുട്ടിൽ തപ്പുന്നു. വിദ്യാലയങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികൾ നെടുവീർപ്പിടുന്നു. 

റോമാനഗരം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചു. നമ്മുടെ മുഖ്യമന്ത്രിക്കു വൈകിട്ടത്തെ കച്ചേരിക്ക് ഒരു വീണ കൂടി ഏർപ്പെടുത്തിയാൽ സംഗതി കലക്കും. 

Leave a Reply