ബെലാറസ് സംഘർഷം പടരുന്നു; തിരഞ്ഞെടുപ്പ് അട്ടിമറിയിൽ പ്രതിഷേധം

മിൻസ്‌ക്: റഷ്യയുടെ അയൽരാജ്യമായ ബെലാറസിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചു ഞായറാഴ്ച്ച തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ രണ്ടു മരണം. പോലീസ് അതിക്രമങ്ങളിൽ ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായും നൂറുകണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് അലക്സാണ്ടർ ലുകാഷെങ്കോ 80 ശതമാനം വോട്ടുനേടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെയാണ്ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.1994 മുതൽ അധികാരത്തിൽ ഇരിക്കുന്ന ലുകാഷെൻകോവിന് എതിരെ ഇത്തവണ കടുത്ത ജനവികാരം നിലനിന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന ടിഖാനോ വ്സ്കയ വെറും പത്തുശതമാനം വോട്ടു മാത്രമാണ് നേടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് നീതിപൂർവകമല്ലെന്നു യൂറോപ്യൻ യൂണിയനും മറ്റു അന്താരാഷ്ട്ര സംഘടനകളും ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ സ്ഥാനാർഥി സ്വെറ്റ്ലാന പ്രതിപക്ഷ നേതാവും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ ഭർത്താവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് മത്സര രംഗത്തു ഇറങ്ങിയത്. ഒരു വീട്ടമ്മ എന്ന നിലയിലാണ് 37കാരിയായ അവർ ഇത്രയും കാലം കഴിഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച സ്വെറ്റ്ലാനയെ പോലീസ് എട്ടുമണിക്കൂറോളം തടവിൽ വെച്ചതായി ആരോപണമുണ്ട്. പിന്നീട് അനുയായികളോട് അക്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കുറിപ്പ് അവർ വായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതിനുശേഷം രാജ്യം വിട്ടു അവർ അയൽരാജ്യമായ ലിത്വനിയയിൽ അഭയം തേടി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് താൻ രാജ്യം വിട്ടതെന്ന് സ്വെറ്റ്ലാന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply