സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപത്തെ വെച്ച് പൊറുപ്പിക്കില്ല. : മുഖ്യമന്ത്രി
സമൂഹ മാധ്യമങ്ങളില്‍ ശക്തമായിരിക്കുന്ന ദുഷ്പ്രവനതകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അസന്നിഗ്ദമായി വ്യക്തമാക്കി. ആര്‍ക്കെതിരെയായാലും നടപടി സ്വീകരിക്കുമെന്ന്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ വിവാദ പോസ്റ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മറുപടി നല്‍കി. ഡിജിപി നടത്തുന്ന അന്വേഷണം ശരിയായ രീതിയില്‍ നടക്കട്ടെ.ഇത്തരത്തില്‍ വ്യക്തികളെ അധിക്ഷേപിക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ മാത്രമല്ല മറ്റ് മാധ്യമങ്ങളും ഒഴിഞ്ഞ് നില്‍ക്കുകയാണ് നല്ലത്.അതാണ് അഭികാമ്യം.
ഇപ്പോഴുള്ള നിയമം പോരെങ്കില്‍ ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകുമെന്നും ഇതിന് പൊതു അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമത്തിന് കുറേക്കൂടി കരുത്തു വേണം.ആള്‍ മാറാട്ടം,എന്തും വിളിച്ചുപറയുന്ന ശൈലി,അവയെല്ലാം കര്‍ക്കശമായി കൈകാര്യം ചെയ്യണം. അതേസമയം ഇതില്‍ ഇരട്ടത്താപ്പ് പാടില്ല.മറ്റാരെയെങ്കിലും ആക്ഷേപിക്കുകയാണെങ്കില്‍ അത് പ്രോത്സാഹിക്കുകയും തങ്ങള്‍ക്കെതിരെ അത്തരം വൃത്തികേടുകള്‍ പറയുമ്പോള്‍ രോഷം കൊള്ളുകയും ചെയ്യുന്നത് ശരിയല്ല.ആശയ സംവാദത്തെ പ്രോത്സാഹിപ്പിക്കാം, പക്ഷെ അധിക്ഷേപ പ്രചാരണത്തെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.