ലെബണനിൽ കലാപം പടരുന്നു; മൂന്നു ലക്ഷം പേർ ഭവനരഹിതരായി

ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാന നഗരത്തിലെ തുറമുഖത്തു കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അതിഭീകരമായ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 158 ആയി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ തകർന്ന് ഭവനരഹിതരായവർ മൂന്നുലക്ഷത്തിലേറെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും നടമാടുന്ന ലെബനൻ സർക്കാരിനെതിനെ വെള്ളിയാഴ്‌ച ആരംഭിച്ച ജനകീയ കലാപം തുടരുകയാണ്.വിദേശകാര്യ വകുപ്പിന്റെ കാര്യാലയം പിടിച്ചെടുത്ത പ്രക്ഷോഭകർ അത് വിപ്ലവത്തിന്റെ കേന്ദ്ര ഓഫീസായി പ്രഖ്യാപിച്ചു. 

ആറുവർഷം മുമ്പ് തുറമുഖത്തു എത്തി കേടായി കിടന്ന റഷ്യൻ കപ്പലിൽ വന്ന 2700 ടണ്ണിൽ ഏറെയുള്ള സ്‌ഫോടകവസ്തുവാണ് കഴിഞ്ഞയാഴ്‌ച തീപിടിച്ചു പൊട്ടിത്തെറിച്ചത്. തുറമുഖവും സമീപപ്രദേശങ്ങളും പൂർണമായും നശിച്ചു. കിലോമീറ്ററുകൾ അകലെപ്പോലും ആഘാതം അനുഭവപ്പെട്ടു. സംഭവസ്ഥലത്തു ഉണ്ടായ കുഴിയുടെ ആഴം 43 മീറ്റർ വരുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു. മൊത്തം നാശനഷ്ടം 1500 കോടി ഡോളർ വരുമെന്ന് അന്താരാഷ്ട്ര ഏജൻസികൾ പറയുന്നു.

പട്ടിണിയുടെ വക്കത്തുള്ള ലെബനൻ ജനതയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം ബെയ്‌റൂത്തിലെത്തി. ഐക്യരാഷ്ട്ര സഭയും ഫ്രാൻസും ഇന്നലെ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് അടക്കം നിരവധി നേതാക്കൾ പങ്കെടുത്തു. ലെബനാന് സഹായമായി  30 കോടി ഡോളർ സമ്മേളനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടു.

എന്നാൽ സഹായത്തുക ലെബനൻ സർക്കാരിനെ ഏല്പിക്കുകയില്ല എന്ന് അന്താരാഷ്ട്ര പ്രതിനിധികൾ അറിയിച്ചു. യു എൻ, മറ്റു മാനുഷിക സഹായ ഏജൻസികൾ എന്നിവ വഴി അതു നേരിട്ടു ജനങ്ങൾക്ക് എത്തിക്കാനാണ് തീരുമാനം. ലബനാനിലെ ഹസ്സൻ ദിയാബിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ അവിശ്വാസമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. സഹായത്തുക ഭരണകക്ഷിക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കും എന്ന ഭീതിയാണ് ജനങ്ങൾക്കുള്ളത്.

മധ്യപൂർവദേശത്തെ വംശീയവും രാഷ്ട്രീയവുമായ ഭിന്നതകൾ സങ്കീർണമാക്കിയ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളാണ് ലെബനൻ അഭിമുഖീകരിക്കുന്നത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തമുണ്ട്. പ്രദേശത്തെ ശിയാ, സുന്നി തർക്കങ്ങളുടെ പ്രധാനവേദിയുമാണ് ഈ ചെറുരാജ്യം. ഇറാൻ നിയന്ത്രണത്തിലുള്ള സൈനികവിഭാഗമായ ഹിസ്ബുള്ള രാജ്യത്തിൻറെ ഒരു ഭാഗം നിയന്ത്രിക്കുന്നു. സൗദി അറേബിയയും ലെബണനിൽ സ്ഥിരമായി ഇടപെടുന്നു. സിറിയൻ ആഭ്യന്തരയുദ്ധം കാരണം ലക്ഷക്കണക്കിന് അഭയാർത്ഥികളും ലെബണനിൽ എത്തിയിട്ടുണ്ട്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്നത്. തൊഴിലില്ലായ്‌മ ഇപ്പോൾ മുപ്പതു ശതമാനത്തിൽ അധികമാണ്.

പ്രതിസന്ധി നേരിടുന്നതിന് സർക്കാരിന് ശേഷിയില്ല എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിസഭയിലെ രണ്ടു അംഗങ്ങൾ രാജിവെച്ചു. വാർത്താവിതരണ മന്ത്രി മനാൽ അബ്ദുൽ സമദ്, പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കട്ടർ എന്നിവരാണ് രാജിവെച്ചത്.

Leave a Reply