കര്‍ക്കിടക പെരുമഴയിലും മുഖ്യമന്ത്രിക്ക് കോപം വരുന്നത് എന്തുകൊണ്ടാണ്
കർക്കിടകത്തിലെ ഉത്രട്ടാതിയാണ് എം ടി വാസുദേവൻ നായരുടെ പിറന്നാൾദിനം. ഇത്തവണ അടുത്ത ബന്ധുക്കൾക്കു പോലും എത്താൻ കഴിഞ്ഞില്ല. എല്ലാ പിറന്നാളിനും ഭഗവതി ക്ഷേത്രത്തിലെത്തി ദർശനം പതിവുള്ളതാണ്. ഇത്തവണ അതുപോലും നടന്നില്ല. വല്ലാത്ത ആകുലതകളുടെ കാലം. എന്നാലും ദുരന്തങ്ങളുടെ ഈ പെരുമഴക്കാലവും കഴിഞ്ഞു പോകുമെന്നും വരാനിരിക്കുന്ന പൂക്കാലത്തെപ്പറ്റിയുള്ള പ്രതീക്ഷാപൂർണമായ ഓർമകളിൽ കാത്തിരിക്കുകയാണ് പ്രധാനമെന്നും മലയാളത്തിന്റെ കഥാകാരൻ നമ്മെ ഓർമിപ്പിക്കുന്നു.
പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഇക്കാലം കടന്നുപോകാനുള്ള ഒരേയൊരു പോംവഴിയെന്ന എംടിയുടെ വാക്കുകൾ പ്രസക്തമാണ്. എത്രപേരാണ് ഈ ദുരന്തകാലത്തു ആത്മഹത്യയിൽ അഭയം പ്രാപിച്ചത് എന്നോർക്കുക. അതിൽ ഒരുപാടു പേർ കുട്ടികളായിരുന്നു. പലരും യുവജനങ്ങളും. പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് അവർ യാത്ര അവസാനിപ്പിച്ചത്. എന്തുകൊണ്ട് അവരെ സമൂഹം കൈവിട്ടു കളഞ്ഞു എന്ന് എപ്പോഴാണ് നമുക്ക് ഒരു ആത്മപരിശോധനക്കു അവസരം ലഭിക്കുന്നത്? അത്തരമൊരു പരിശോധന നമുക്ക് ഒഴിവാക്കാനാവുമോ?
ഇത് സമകാല ജീവിതത്തെ കുറിച്ചുള്ള ചില വിമർശന-സ്വയംവിമർശന ചിന്തകൾക്കും പഴയകാലത്തെ സംബന്ധിച്ച ചില ഗൃഹാതുര സ്മരണകൾക്കും കാരണമായിത്തീരുന്നു. പഴയകാലം എന്നതു അത്രപഴയ കാലമൊന്നുമല്ല. എഴുപതുകളിലാണ് എന്റെ തലമുറ പൊതുജീവിതത്തിലേക്ക് കാലെടുത്തു കുത്തുന്നത്. അതൊരു നല്ല കാലമായിരുന്നു എന്ന് ആരും അവകാശപ്പെടാനിടയില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളുടെ കാലം. നാട്ടിൻപുറങ്ങളിൽ കുടുംബങ്ങൾ അക്ഷരാർത്ഥത്തിൽ താളും തകരയും ചക്കക്കുരുവും കൊണ്ടു വറുതിയുടെ നാളുകൾ തള്ളിനീക്കിയ കാലം. അന്നത്തെ ഇരുണ്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ് അടിയന്തിരാവസ്ഥ. എന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യഓർമകളിൽ പലതും അക്കാലത്തെ ഇടതുപക്ഷ വിദ്യാർത്ഥിസംഘടനാ പ്രവർത്തനവുമായും സാംസ്‌കാരിക സംരംഭങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്.
അടിയന്തിരാവസ്ഥയുടെ മുഴുവൻ ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വന്നത് ഇന്നാട്ടിലെ സാധാരണജനങ്ങളാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് അവർ കുറ്റപ്പെടുത്തിയത്. അധികാരത്തിൽ ഒട്ടിപ്പിടിച്ചു നിൽക്കാനുള്ള അവരുടെ അത്യാഗ്രഹമാണ് രാജ്യത്തെ മഹാ ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ അതു സത്യത്തിൽ ഇന്ദിരക്കും ഒരു നേട്ടവും നൽകിയില്ല. ജനങ്ങളെ അകറ്റിയും പ്രതിപക്ഷത്തെ കാരാഗൃഹത്തിൽ അടച്ചും അവർ സ്വയമേവ ഒരു കാരാഗൃഹം തീർക്കുകയായിരുന്നു. അവിടെ അവർ ആകെ വിശ്വസിച്ചതും ആശ്രയിച്ചതും സ്വന്തം പുത്രൻ സഞ്ജയനെ മാത്രമായിരുന്നു. അന്ന് സഞ്ജയസംഘം നൽകിയ ഉത്തരവിന്റെ ബലത്തിൽ തുർക്മാൻഗേറ്റിൽ ബുൾഡോസറുകൾ ചെറിയ കുട്ടികളെ പോലും ചതച്ചരച്ച സംഭവം കേട്ടറിഞ്ഞു ഇന്ദിരയെ കാണാൻപോയ കഥ കെ പി ഉണ്ണികൃഷ്ണൻ ഈയിടെയാണ് എന്നോട് വിവരിച്ചത്. സുഭദ്രാ ജോഷിയും ഖുർഷിദ് അലംഖാനും ആയിരുന്നു കൂടെ. സന്ജയനെപ്പറ്റി പറഞ്ഞതോടെ ഇന്ദിരയുടെ മുഖം ചുവന്നു. “നിങ്ങൾ അവനെതിരെ ഗൂഢാലോചനയുമായി ഇറങ്ങിയിരിക്കുകയാണ്” എന്ന് അവർ ആക്രോശിച്ചു. ആട്ടി ഇറക്കിയില്ല എന്നു മാത്രം. അതോടെ അവരെപ്പറ്റിയുള്ള പ്രതീക്ഷയറ്റു എന്നാണ് കോഴിക്കോട്ടുകാരുടെ ഉണ്ണിയേട്ടൻ പറഞ്ഞത്.
തുർക്മാൻഗേറ്റിലെ കാര്യം പ്രധാനമന്ത്രിയോട് പറയാൻ ഉണ്ണികൃഷ്ണനും സംഘവും പോകേണ്ടിവന്നത് അന്ന് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയ കാലമായതു കൊണ്ടാണ്. പത്രങ്ങൾ ഇറങ്ങിയിരുന്നു. എന്നാൽ അഹിതമായ വാർത്തകളൊന്നും അവയിൽ വന്നിരുന്നില്ല. ഇന്ദിര അസുഖകരമായ ഒരു വാർത്തയും കേൾക്കുന്നില്ലെന്ന് കൊട്ടാരത്തിലെ ഉപജാപകസംഘം ഉറപ്പു വരുത്തിയിരുന്നു. ചോദ്യങ്ങൾ ചോദിക്കാൻ ഒരു പത്രക്കാരനും ഉണ്ടായിരുന്നില്ല. അപൂർവം ചില ധൈര്യശാലികൾ ചിലതൊക്കെ തുറന്നുപറഞ്ഞു. അവരൊക്കെ കാരാഗൃഹത്തിലുമായി. അന്ന് കാര്യം കണ്ടത് ഡി കെ ബറുവയെപ്പോലുള്ള കക്ഷികളാണ്. ഗുവാഹത്തി എ ഐ സി സി സമ്മേളനകാലത്തു “ഇന്ദിരയാണ് ഇന്ത്യ; ഇന്ത്യയാണ് ഇന്ദിര” എന്ന മുദ്രാവാക്യം രാജ്യത്തിനു നൽകിയ പ്രതിഭാശാലിയാണ് ബറുവ.
അക്കാലമൊക്കെ കഴിഞ്ഞിട്ടിപ്പോൾ അരനൂറ്റാണ്ടാവുന്നു. എന്തിന് ഈ കർക്കിടകക്കാലത്തു അതൊക്കെ വീണ്ടും ഓർക്കുന്നു എന്നു ചോദിക്കാം. ചരിത്രാനുഭവങ്ങളുടെ ആവർത്തനം ഉണർത്തുന്ന അസുഖകരമായ ചിന്തകൾ എന്നുതന്നെയാണ് ഉത്തരം. പലനിലക്കും ഇന്ന് രാജ്യം ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലാണ്. പാർലമെന്റ് സമ്മേളനം ഓർമയായി. നിയമസഭയുടെ സമ്മേളനവും അട്ടിമറിക്കപ്പെട്ടു. നമ്മുടെ നാട്ടിൽ കോവിഡിനെ തടയുന്ന ചുമതല പോലും പോലീസിനെ ഏല്പിച്ചുകഴിഞ്ഞു. രോഗവ്യാപനം ജനങ്ങളുടെ കുറ്റം കാരണമാണ് എന്നായി വിധിയെഴുത്ത്. രോഗത്തെ നേരിടുന്നതിൽ ഡൽഹിയും ഗുജറാത്തും പോലും കേരളത്തെ മറികടന്നു കഴിഞ്ഞു. എന്നാൽ നമുക്ക് എവിടെയാണ് പിഴച്ചത് എന്നു മുഖ്യമന്ത്രിയോട് ചോദിക്കാൻ പോലും ആർക്കും സാധ്യമാകുന്നില്ല. ഒരു ചോദ്യവും അദ്ദേഹത്തിനു രസിക്കുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുന്നതിലും ജനാധിപത്യ സമൂഹത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ അവഹേളിക്കുന്നതിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ തന്നെ സകല മുൻകാല റെക്കോർഡുകളെയും പിന്തള്ളിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലകാലബോധം പോലും മറന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം അടിയന്തിരാവസ്ഥയിൽ ജനങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരു ഏകാധിപതിയുടെ ദയനീയചിത്രമാണ് ഓർമയിൽ കൊണ്ടുവന്നത്.
ഒരു ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻറെ പൂർണ പരാജയവും തകർച്ചയുമാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രോശങ്ങളിലൂടെ അദ്ദേഹം കേരളീയസമൂഹത്തിനു മുന്നിൽ വിളംബരം ചെയ്യുന്നത്. തന്റെ വാക്കുകൾ പ്രേക്ഷകരിലും പൊതുസമൂഹത്തിലും എന്തു പ്രതികരണമാണ് സൃഷ്ടിക്കുന്നത് എന്നു തിരിച്ചറിയാൻ അദ്ദേഹത്തിന് സാധ്യമാകേണ്ടതാണ്. അല്ലെങ്കിൽ ചുറ്റിലുമുള്ള സേവകരിൽ വിവേകമുള്ള ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരത് അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടതാണ്. പക്ഷേ അതല്ല സംഭവിക്കുന്നത് എന്നതിനു തെളിവ് രണ്ടാം ദിവസവും തുടർച്ചയായി മാധ്യമപ്രവർത്തകർക്കു നേരെ നടന്ന അക്രമാസക്തമായ പെരുമാറ്റശൈലി തന്നെയാണ്.
ഒരു ചോദ്യം ഇപ്പോഴും പ്രസക്തമാണ്. എന്താണ് നമ്മുടെ മുഖ്യമന്ത്രിയെ പ്രകോപിതനാക്കുന്നത്? തന്റെ ഓഫീസും ഏറ്റവും അടുത്ത ഉദ്യോഗസ്ഥരും ചെന്നുപെട്ട ചളിക്കുഴികൾ എന്തുകൊണ്ട് അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നു? അതിനോട് സത്യസന്ധമായി പ്രതികരിക്കാൻ മടിക്കുന്നു? ഇരുട്ടുകൊണ്ട് ഓട്ടയട ക്കാം എന്നാണോ അദ്ദേഹം കരുതുന്നത്? സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നത് ഇന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ്. ആക്രോശം കൊണ്ടു മറികടക്കാവുന്ന പ്രതിസന്ധിയല്ല അദ്ദേഹം നേരിടുന്നത്. ശാന്തവും വിവേകപൂർണവുമായ നേതൃത്വമാണ് ഇന്ന് നാടിന് ആവശ്യമായിരിക്കുന്നത്. അതു നൽകാനുള്ള ശേഷി തനിക്കില്ല എന്നാണ് ഇപ്പോൾ ഓരോ ദിവസവും മുഖ്യമന്ത്രി തെളിയിച്ചു കൊണ്ടിരിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികൾ തന്റെ ദൈനംദിന പ്രകടനങ്ങൾ കാണുന്നുണ്ട് എന്നും അവർ സാമാന്യബുദ്ധി കൈമോശം വന്നുപോയ ഒരു സമൂഹമല്ലെന്നും അദ്ദേഹം ഓർമിക്കേണ്ടതാണ്.