നിന്ദ്യമായ മാധ്യമ പ്രവര്‍ത്തനം എന്ന് അതീവ ക്ഷുഭിതനായ മുഖ്യമന്ത്രി
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഒഫീസ്സിനെയും കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നിന്ദ്യമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി .മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് കഠിനമായ വാക്കുകളും പ്രയോഗങ്ങളും ആണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്.
എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്‍ ഐ എ പറയാത്ത കാര്യങ്ങള്‍ ആണ് എന്‍ ഐ എ യുടെ പേരില്‍ മാധ്യമങ്ങളാരോപിക്കുന്നത്.മാധ്യമങ്ങള്‍ ഉപജാപക സംഘത്തിന്‍റെ വക്താക്കളായി മാറുകയാണ്.ഇതെല്ലാം എന്‍ ഐ എ പറഞ്ഞതോ മാധ്യമങ്ങള്‍ പറയുന്നതോ? മുഖ്യമന്ത്രി ചോദിച്ചു. എന്നെ താഴെ ഇറക്കുകയാണ് ലക്ഷ്യം.ഈ കസേരയില്‍ മറ്റൊരാളെ ഇരുത്തണം.അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി പറഞ്ഞു, മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെ കുറിച്ച് എന്തും എഴുതാമെന്ന് കരുതരുത്. നാട്ടുകാര്‍ക്ക് എല്ലാം അറിയാം അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമുണ്ട്.ഇതെല്ലാം എന്‍ ഐ എ പറഞ്ഞതോ മാധ്യമങ്ങള്‍ പറയുന്നതോ? മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.
സ്വപ്ന സുരേഷിനെ പരിചയമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പലരുമായും പരിചയമുണ്ടാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു.നിങ്ങള്‍ക്ക് എന്താണ് വേണ്ടത്.സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് നിങ്ങള്‍ക്ക് വരുത്തിത്തീര്‍ക്കണോ? അതാണോ നിങ്ങളുടെ ആവശ്യം? ഇതിന് എത്ര അധാനിച്ചാലും ഫലമില്ല.
ഇതിലൊക്കെ പ്രതികരിക്കേണ്ട കാര്യമില്ല. എന്‍ ഐ എ കണ്ടെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകട്ടെ.അവര്‍ അന്വേഷിക്കേണ്ടിടത്തെല്ലാം പോയി അന്വേഷിക്കട്ടെ. മാധ്യമങ്ങളില്‍ നിന്ന് സ്വാഭാവിക ചോദ്യങ്ങള്‍ ആണോ ഉണ്ടാകുന്നത്? അങ്ങിനെയെങ്കില്‍ ഒരു ഉദ്യോഗസ്ഥനില്‍ ഒതുങ്ങി നില്‍ക്കുമല്ലോ.അതാണ് എന്‍ ഐ എ റിപ്പോര്‍ട്ടിന്റെ പൊരുള്‍. വേറെപലര്‍ക്കും മറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടാകും.ഈ ഭരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഉണ്ടാകും.അവരുടെ കൂടെ മാധ്യപ്രവര്‍ത്തകര്‍ നില്‍ക്കണോ? ഇന്ന് ഒരു പത്രത്തില്‍ ഞാന്‍ ഉപ്പും വെള്ളവും കൊണ്ടുപോകുന്ന ചിത്രം കണ്ടല്ലോ.ഞാന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നാണോ.എനിക്ക് ഒരു ആശങ്കയുമില്ല.എന്‍ ഐ എ കോടതിയില്‍ അഭിനന്ദിച്ചത്, ഞാന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ കുറിച്ചാണ്. ഇനി അധികദിവസം വേണ്ടിവരില്ല.ഞാന്‍ മുമ്പ് പറഞ്ഞതല്ലേ.ഇനി അധികദിവസം വേണ്ട. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോള്‍കാണാം.
എന്നെയും എന്‍റെ ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തല്‍ ആണ് നിങ്ങള്‍ക്ക്ആവശ്യം.ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവര്‍ ഇവിടെ ഉണ്ടല്ലോ.നിങ്ങളുടെ മാധ്യമ ധര്‍മ്മം ഇതാണോ? ഇത് നിന്ദ്യമായ മാധ്യമപ്രവര്‍ത്തനം ആണ്.നിങ്ങളുടെ ചോദ്യങ്ങള്‍ ഒന്നും ശുദ്ധാത്മാക്കള്‍ ആയി ചോദിക്കുന്നതല്ല.നിങ്ങളെ ഈ വഴിക്ക് പറഞ്ഞ് വിടുന്നവര്‍ വിചാരിച്ചാല്‍ എന്നെ താഴെയിറക്കാന്‍ കഴിയില്ല. അതിന് ജനങ്ങള്‍ക്ക് തോന്നണം.അവര്‍ക്ക് എന്നെ നന്നായി അറിയാം.– മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു