ഓണ്‍ലൈന്‍ പഠനമല്ല, ഓണ്‍ലൈന്‍ വിപണിയാണ് പൊടി പൊടിക്കുന്നത്
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
കേരളത്തിന്‍റെ ചരിത്രം വീരരാജ ചരിതങ്ങളില്‍ നിന്നും മോചനം നേടുന്നത് ജാതിവിരുദ്ധ നവോത്ഥാനത്തോടെയാണ്. ജാതിയില്‍ താണവര്‍ ആര്‍ജിച്ച വിവേകവും വിജ്ഞാനവും വിമോചനവുമാണതിന്‍റെ ഉള്ളടക്കം.അതിനായുള്ള ദീര്‍ഘസമരങ്ങളും സഹനങ്ങളും പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ സജീവമാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ മതം മാറ്റങ്ങളും അതിനായുള്ള വിദ്യാഭ്യാസ സാര്‍വത്രികതയുമൊക്കെ കേരളത്തില്‍ സംഭവിച്ചു. അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്‍റെയുമൊക്കെ പരിശ്രമങ്ങളും ഈ വിദ്യാഭ്യാസ സാര്‍വത്രികതയുടെ ആദ്യകിരണങ്ങള്‍ നമുക്ക് നല്‍കി.അനിതരസാധാരണമായ ആ ശ്രമങ്ങളുടെ അന്തര്‍ധാര ജാതി വിരുദ്ധമായ സമത്വമായിരുന്നു. ചേറില്‍ മുളച്ച പുല്ലല്ല പുലയന്‍, അവന്‍ മാടിനെപ്പോലെ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവനല്ല എന്ന ബോധം അക്കാലത്തേ ഉടലെടുക്കുന്നുണ്ട്. കേവലം ശരീരം മാത്രമല്ല ചിന്തയും വികാരവും ഭാവനയും ഒക്കെയുള്ള മനുഷ്യ ജന്മമാണ് കീഴാളനും എന്ന ബോധം അന്നേ ഉടലെടുത്തതിന്‍റെ ബഹിര്‍സ്ഫുരണമാണ് അന്നത്തെ വിദ്യാഭ്യാസ പരിശ്രമങ്ങള്‍.
പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും കടലോരവാസികളായ മത്സ്യത്തൊഴിലാളികളുമൊക്കെയായ ബഹുഭൂരിപക്ഷം കേരളീയ വിദ്യാഭ്യാസത്തില്‍ നിന്ന് എന്നും തീണ്ടാപ്പാടകലെയായിരുന്നു.
കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‍റെ കാലമാണ്. അതിന് നേതൃത്വം കൊടുത്തത് മിഷനറിമാരുമാണ്. അക്കാലം വരെയുള്ള നമ്പൂതിരിമാരുടെ ഓത്തിന്‍റെ അപരരൂപമായിരുന്നു അന്നത്തെ വിദ്യാഭ്യാസമെന്ന് പറയാം. വേദശാസ്ത്രത്തിനൊപ്പം ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു എന്നതാണു ഒരു വ്യതിരിക്തത.ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടങ്ങള്‍ വെട്ടി പുല്ലുമുളപ്പിക്കും എന്ന പ്രഖ്യാപനമൊക്കെ വിദ്യാലയ പ്രവേശത്തിനായുള്ള ജനാധിപത്യ ഗര്‍ജനമായിരുന്നു. അന്നും പക്ഷേ പേരാമ്പ്രയിലെ പറയ സ്കൂള്‍ പോലെ പഞ്ചമസ്കൂളുകള്‍ ഉണ്ടായിരുന്നു. ആധുനിക കാലത്ത് പൊതുവിദ്യാലയങ്ങള്‍ സാര്‍വത്രികമായി. എല്ലാ വിഭാഗം കുട്ടികളും ഒരു മുറിയിലിരുന്ന് പരസ്പരം കൊണ്ടും കൊടുത്തും വിദ്യയഭ്യസിച്ച് പോരുന്ന പൊതു ഇടമോ സരസ്വതി ക്ഷേത്രമോ ഒക്കെയായി അവ മാറി. അപ്പോഴും പറയനും പുലയനും ചെറുമനും പണിയനും അടിയനും കാട്ടുനായ്ക്കനും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ആയ അരയനും ഒക്കെ ഈയൊരു സരസ്വതീ ക്ഷേത്രപ്രവേശനം കിട്ടാതെ കാട്ടിലും വയലിലും കടലിലുമൊക്കെ നായാടി. കാലാന്തരത്തില്‍ മലയാളിയുടെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടു.ഇംഗ്ലീഷ് മീഡിയം എന്നാല്‍ വരേണ്യമായെന്നും വിശ്വപൗരനാവാന്‍ അത് അനിവാര്യമാണെന്നുമുള്ള ചിന്ത വന്നു. ദരിദ്ര ഒബിസി ക്ക് മേലുള്ള മലയാളി മക്കളെ കോട്ടും ടൈയും ഷൂസും ഇടീച്ച് അവിടങ്ങളിലേക്കയച്ചു.പൊതു വിദ്യാലയം ദരിദ്ര ഒബിസി മുതല്‍ പട്ടിക വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടു.
നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങാന്‍ തീരുമാനിച്ചു.ചെലവു കുറവായതിനാല്‍ മധ്യവര്‍ഗക്കാര്‍ കുഞ്ഞുങ്ങളെ അങ്ങോട്ടു വിടാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ വരേണ്യ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും കീഴാള മലയാളം ക്ലാസുകളും രൂപമെടുത്തു. സത്യത്തില്‍ ഈ മാറ്റമാണ് ഇപ്പോള്‍ വിളിച്ചു കൂവുന്ന പൊതു വിദ്യാലയങ്ങളിലേക്കുള്ള കുത്തൊഴുക്കിന്‍റെ യാഥാര്‍ത്ഥ്യം. നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ ഇംഗ്ലീഷ് മീഡിയത്തിലും അല്ലാത്തവര്‍ മലയാളത്തിലും എന്നുകൂടി ഒരവസ്ഥ സ്കൂളുകളില്‍ ഇന്നുണ്ട്.
ഇനി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് വരാം. യഥാര്‍ത്ഥത്തില്‍ എന്താണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം? ഓണ്‍ലൈനിലെ എല്ലാ സാധ്യതയും ഉപയോഗിച്ച് കൊണ്ടുള്ള ബദല്‍ പഠന ബോധന പ്രക്രിയയാകണ്ടേ അത്? ഇപ്പോള്‍ റിക്കാര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്യാനുള്ള സാധ്യത മാത്രമാണ് ഉപയോഗിക്കാനാവുന്നത്. അവിടെ പ്രേഷണവും പ്രേക്ഷകനുമേ ഉള്ളു. പ്രേഷകനും പ്രക്രിയയും ഇല്ല. അതു കൊണ്ട് തന്നെ നിലവിലുള്ള പഠന ബോധന പ്രക്രിയക്ക് ബദലാകുന്നില്ല ഇപ്പോഴത്തെ ‘ഓണ്‍ലൈന്‍ പഠനം’. കൊറോണ വന്നു മനുഷ്യരെല്ലാം വീടകങ്ങളില്‍ ഒന്നും ചെയ്യാതിരിക്കുമ്പോഴും കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കണം എന്നാണ് നിര്‍ബന്ധബുദ്ധി.
സാധാരണ സ്കൂള്‍ തുറക്കുന്ന അന്നു തന്നെ ഓണ്‍ലൈന്‍ പഠനം തുടങ്ങണമെന്നും വാശി. അതു കൊണ്ടുണ്ടായ ഒരേ ഒരു ഫലം ഈ വിദ്യാഭ്യാസത്തില്‍ നിന്നും അരികു വത്കരിക്കപ്പെട്ട മിടുക്കിയായ,നന്നായി പഠിക്കുന്ന, ദളിത് വിഭാഗക്കാരിയായ ദേവിക എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയാണ്.
ജൂണ്‍ ഒന്നാം തിയതി തന്നെ കേരള വിദ്യാഭ്യാസത്തെ ഒന്നാമതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വകുപ്പിന് പക്ഷേ ന്യായവാദങ്ങള്‍ പലതുണ്ട്. ഈ ക്ലാസുകള്‍ കാണാന്‍ സൗകര്യം ഇല്ലാത്ത രണ്ടര ലക്ഷം കുഞ്ഞുങ്ങള്‍ ദളിത് ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിലുണ്ടെന്ന്. സര്‍ക്കാറിനറിയാമായിരുന്നു. അവര്‍ക്ക് സൗകര്യങ്ങളൊരുക്കണമെന്ന് അധ്യാപകരോടും പഞ്ചായത്തുകളോടും നിര്‍ദേശിച്ചു കൊണ്ട് മേയ് 30 ന് ഉത്തരവിറക്കിയിരുന്നു. എന്നിട്ടും സര്‍ക്കാരിനെ കുറ്റം പറയുന്നു എന്ന മട്ടിലാണ് ഇടതു ചാനല്‍ ചര്‍ച്ചക്കാരും സോഷ്യല്‍ മീഡിയക്കാരുമൊക്കെ പറഞ്ഞത്. പെട്ടെന്ന് ഈ വിദ്യാഭ്യാസം തുടങ്ങിയതിനു മുമ്പില്‍ തോമസ് ഐസക്കിന്‍റെ വിപണി സാമ്പത്തിക ശാസ്ത്രവുമുണ്ടോ എന്നും സംശയിക്കണം. കടം മേടിച്ചെങ്കിലും ജനത്തിന് പൈസ കൊടുത്ത് വിപണി ഉണര്‍ത്തണമെന്നാണല്ലോ അദ്ദേഹം പറയാറ്.
സര്‍ക്കാറിന്‍റെ ‘ഓണ്‍ലൈന്‍ പഠനം’ കൊണ്ട് കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ടി വി വിപണിയില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. കടം ജനം വാങ്ങിക്കൊള്ളും. പ്രത്യേകിച്ച് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നു കരുതുന്ന മധ്യ വര്‍ഗ മലയാളി പൊതു ജനം.
പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നു വരുന്ന കുട്ടികള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ട് അധികകാലമൊന്നുമായിട്ടില്ല. ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ എല്ലാ വിഭാഗം ആദിവാസികളുമുണ്ട്. 1967ല്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗങ്ങളില്‍ നിന്നും ഒരു കുട്ടി പോലും കോളിയാടി ഏ യു പി സ്കൂളില്‍ പഠിച്ചിരുന്നില്ല. ആകെ കുറുമ വിഭാഗത്തില്‍ പെട്ട കുറച്ച് ആദിവാസി വിദ്യാര്‍ഥികള്‍ മാത്രമാണ് അന്നവിടെ ഉണ്ടായിരുന്നത്.അവരില്‍ ഭൂരിപക്ഷവും പഠനത്തില്‍ മോശവും പ്രൈമറി വരെ മാത്രം സ്കൂളില്‍ വന്നവരുമായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റു വിഭാഗക്കാരായ ആദിവാസി വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തുന്നത്. അവരില്‍ ഭൂരിപക്ഷവും ക്ലാസ് മുറികളില്‍ പഠന ബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും അരികുവത്കരിക്കപ്പെട്ടവരും കൂട്ടമായി വേര്‍തിരിക്കപ്പെട്ടവരുമായിരുന്നു. ആ അവസ്ഥ ഇന്നും തുടരുന്നു.2017ല്‍ വയനാട് ഡയറ്റില്‍ ജോലി ചെയ്യുമ്പോള്‍ സ്ക്കൂളുകളില്‍ നിന്നും ആദിവാസി കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്കായി നാടകം, സിനിമ, കല, സംഗീതം എന്നീ വിഷയങ്ങളില്‍ ക്യാമ്പ് നടത്തിയിരുന്നു. മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ നാടകത്തിലൊക്കെ നന്നായി അഭിനയിച്ച, സ്വന്തമായി സിനിമയുണ്ടാക്കിയ, പാട്ടു പാടിയ, ചിത്രവും ശില്പവും നിര്‍മിച്ച അവരില്‍ ഭൂരിപക്ഷത്തിനും രജിസ്റ്ററില്‍ പേരും അഡ്രസും എഴുതാന്‍ ബുദ്ധിമുട്ടായിരുന്നു. സ്കൂളുകള്‍ ഈ കുഞ്ഞുങ്ങളോട് നീതി പുലര്‍ത്തുന്നില്ല. ഇപ്പോള്‍ ഓണ്‍ ലൈനിനു പുറത്തും ഈ കുട്ടികള്‍ തന്നെ നിലകൊള്ളുന്നു. എന്നിട്ട് നാമവരോട് പറയുന്നു ഇത് വെറും ട്രയലാണെന്ന്.