മഹാമാരിയെ അവസരമാക്കി, രാജ്യം വിറ്റു തുലയ്ക്കുന്ന പാക്കേജ്
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
കൊവിഡ്-19 മൂലം രാജ്യത്താകെ ഉടലെടുത്ത ഗുരുതരമായ ആശങ്കയുടെ പശ്ചാത്തലത്തിലാണല്ലോ 2020 മെയ് 12ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം ‘സ്വാശ്രയത്വം’ കൈവരിക്കുക എന്നതാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഇതിലേക്ക് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ ലക്ഷ്യം പുത്തനായ ഒന്നല്ല. സാമ്പത്തികാസൂത്രണത്തിന് തുടക്കമിട്ട സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്‍റെ കാലഘട്ടം മുതല്‍ അക്കാദമിക്തല ചര്‍ച്ചകളുടെ ഭാഗമായി പലകുറി പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പദസമുച്ചയമാണിത്. എന്നാല്‍, ‘ആഗോളവല്ക്കരണത്തിന്‍റെ’ കാലഘട്ടമായതോടെ ‘സ്വാശ്രയത്വത്തി’ന്‍റെ പ്രസക്തിക്കു കോട്ടമുണ്ടാവുകയായിരുന്നു. ഇവ രണ്ടും പരസ്പര വിരുദ്ധമായ ആശയങ്ങളാണല്ലോ. ഇക്കാരണത്താലായിരിക്കണം സാമ്പത്തിക വികസനത്തിനായി പരാശ്രയത്വം ഒഴിവാക്കുക വഴി ആഗോളീകരണത്തിന് അന്ത്യം കുറിക്കാനും ഏകാധിപത്യത്തിലൂന്നിയ ഒരു വികസന തന്ത്രം സ്വീകരിക്കാനുമാണോ നരേന്ദ്ര മോദിയുടെ ആഹ്വാനം എന്ന് നിരവധിപേര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊവിഡ് അനന്തര കാലഘട്ടത്തില്‍ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം നല്കുന്നതിന് മോദി പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നാലുഘട്ടങ്ങളിലായി പുറത്തു വിടാനായിരുന്നല്ലോ ധനമന്ത്രാലയത്തിന്‍റെ തീരുമാനം .
നിലവിലെ സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമായിട്ടുള്ളത് സമ്പദ് വ്യവസ്ഥയിലെ പണത്തിന്‍റെ ലഭ്യതയും, പ്രചാരവും – ലിക്വിഡിറ്റിയും, സര്‍ക്കുലേഷനും- പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി തകര്‍ച്ചയുടെ അഗാധ ഗര്‍ത്തങ്ങള്‍ വരെ ചെന്നെത്തിയിരിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്തേജകത്തിനായി മൂന്ന് ലക്ഷം കോടി രൂപയുടെ ജാമ്യമില്ലാ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.തിരിച്ചടവിനെപ്പറ്റി ബാങ്കുദ്യോഗസ്ഥന്‍മാര്‍ ഭയപ്പെടേണ്ടതില്ലെന്നും അതിനാവശ്യമായ ഗ്യാറന്‍റി സര്‍ക്കാര്‍ നേരിട്ടുനല്‍കുമെന്നുമാണ്തീരുമാനം. ഈതീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും,ഏതാനും ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. ഇതിലൊന്ന് പലിശ നിരക്കിന്‍റെ കാര്യം വായ്പ അനുവദിക്കുന്ന ബാങ്കുകളുടെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തിരിക്കുന്നു എന്നതാണ്. രണ്ട്, ഈ പദ്ധതിയുടെ കാലാവധി 2020 ഒക്ടോബര്‍ 31 വരെ എന്നതിനു പകരം ധനകാര്യ വര്‍ഷാവസാനം വരെയാക്കി ദീര്‍ഘിപ്പിക്കുകയാണ് വേണ്ടിയിരുന്നത്.കാലവര്‍ഷം ഉടനടി വരുമെന്നതിനാല്‍, ഇതിന്‍റെ പ്രയോജനം എത്രമാത്രം സംരംഭകര്‍ക്ക് കിട്ടുമെന്നതും സംശയമാണ്.
മൂന്ന്, ഈ മേഖല മൊത്തത്തില്‍ ഡിമോണറ്റൈസേഷന്‍റെയും, ജി എസ് റ്റി പരിഷ്ക്കാരത്തിന്‍റേയും നൂലാമാലകളില്‍ കഴുത്തറ്റം മുങ്ങിപ്പോയിരിക്കുകയുമാണ്. ഇതേ തുടര്‍ന്ന് കുമിഞ്ഞു കൂടിയിരിക്കുന്ന കടബാദ്ധ്യതകളുടെ പരിഹാരത്തെപ്പറ്റിയും പാക്കേജില്‍ പരാമര്‍ശമില്ല. നാല്, മൊത്തം വായ്പയില്‍ 20,000 കോടി രൂപ ഭാഗികമായ തിരിച്ചടവു ഗ്യാരന്‍റി മാത്രമുള്ള ഉപകട പദ്ധതിയാണ്. കൂടാതെ, 50,000 കോടി രൂപയോളം വരുന്നൊരു തുക ഫണ്ടുകളുടെ ഫണ്ട് എന്ന നിലയില്‍ സ്ഥാപനങ്ങളുടെ ഇക്വിറ്റി മൂലധനമെന്ന നിലയിലുള്ളതുമാണ്. എന്നാല്‍, ഇത്തരം ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശങ്ങള്‍ക്കപ്പുറം വിശദാംശങ്ങള്‍ പദ്ധതിയുടെ ഭാഗമാക്കപ്പെട്ടിട്ടില്ല. “ആത്മ നിര്‍ഭര്‍ ഇന്ത്യ” എന്ന പേര് കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും, അതിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് വ്യക്തമായൊരു നിഗമനത്തിലെത്തുക സാദ്ധ്യമല്ല, ഒരു കാര്യം ഇതിനകം തന്നെ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്: “സ്വാശ്രയ ഭാരതം”, “മേക്ക് ഇന്‍ ഇന്ത്യ” എന്നീ പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ആഗോളീകരണ സാമ്പത്തിക നയങ്ങളില്‍ നിന്നുള്ള പിന്‍മാറ്റമാണെന്ന് ആരും ധരിക്കരുത്. ഇതിന്‍റെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം കോര്‍ത്തിണക്കപ്പെട്ടതും, സംയോജിതവുമായൊരു ഇന്ത്യ എന്നു മാത്രമാണ്. അതായത്, ഇത്തരം ലക്ഷ്യങ്ങള്‍ സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റേയും സ്വദേശി ധനശാസ്ത്രത്തിന്‍റേയും പുനഃരാവിഷ്ക്കരണമാണ്.
നെഹ്റു വിഭാവനം ചെയ്തിരുന്ന സാമ്പത്തികാസൂത്രണത്തിന്‍റെ കാലഘട്ടത്തില്‍ നിലവില്‍ വരുത്താന്‍ ‘സ്വാശ്രയത്വ’ത്തിലൂടെ ലക്ഷ്യമിട്ടിരുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ ചൂഷണത്തിന് ബദലായൊരു വികസന പാത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതായിരുന്നു. നെഹ്റുവിയന്‍ ഭരണാന്ത്യത്തോടെ ഈ ലക്ഷ്യവും താളം തെറ്റുകയാണുണ്ടായത്. തുടര്‍ന്ന്, അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സ് ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച പാളിച്ചകളുടെ ഫലമായി ഏറ്റവുമൊടുവില്‍ 1991ല്‍ നരസിംഹ റാവുവിന്‍റെ ഭരണകാലത്ത് നടപ്പാക്കപ്പെട്ട ഉദാരീകരണ, സ്വകാര്യ വല്ക്കരണ, ആഗോളീകരണ (എല്‍ പി ജി) നയങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യ വിധേയമാക്കപ്പെടുകയാണുണ്ടായത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ആഗോള മൂലധന കോര്‍പ്പറേറ്റുകള്‍, അമേരിക്ക അടക്കമുള്ള കോര്‍പ്പറേറ്റ് അനുകൂല വിദേശ സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ കൂടുതല്‍ ധീരമായ ആഗോളീകരണ പരിഷ്ക്കാരങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തി വന്നിരുന്നുവെന്നതും നമുക്കറിയാം. എന്നാല്‍, അന്നൊന്നും ഇതിന് വഴങ്ങാന്‍, ബി ജെ പി മുറുകെ പിടിച്ചിരുന്ന ദേശീയ ധനശാസ്ത്ര ചിന്ത ഇടം കൊടുത്തില്ല. നാളിതുവരേയും തല്‍സ്ഥിതി തുടരുകയും ചെയ്തു വരുകയാണ്.
എന്നാല്‍, ഇതില്‍ മാറ്റമുണ്ടായിരിക്കുന്നു എന്നതാണ് വസ്തുത.
തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട “മേക്ക് ഇന്‍ ഇന്ത്യ” എന്ന ലക്ഷ്യം സെല്‍ഫ് റിലയന്‍സിനോടൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ശക്തിപ്പെടുമെന്ന് വിശ്വസിക്കാന്‍, സമയമായിട്ടില്ല എന്നാണ് കാര്യവിവരമുള്ളവര്‍ പാക്കേജിന്‍റെ ആദ്യത്തെ മൂന്നുഘട്ടങ്ങളിലേയും നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിന്തിക്കുന്നത്.
ഈ ചിന്താഗതി ശരിയായിരുന്നു എന്നാണ് ഏറ്റവുമൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജിന്‍റെ നാലാം ഗഡു വായിക്കുന്നവരും ആദ്യ നിഗമനത്തില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായത്.
ദേഷൈകദൃക്കുകള്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നവര്‍ മെഗാ പാക്കേജിന്‍റെ ആദ്യ ഘട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ ഒരു വായ്പാ മേളയുടെ പ്രതീതി ഉളവാക്കുന്നവയാണെന്നാണ് വിലയിരുത്തിയതെന്നോര്‍ക്കുക. വായ്പ വാങ്ങാനോ, മുമ്പ് പലപ്പോഴായി വാങ്ങിയ വായ്പ തുകയും, പലിശയും, പിഴപ്പലിശയും തിരികെ നല്കാനോ കെല്പില്ലാത്തവര്‍ക്കു മുന്നില്‍ ധനമന്ത്രി അവര്‍ക്കു നേരെ നീട്ടുന്ന വായ്പാ വാഗ്ദാനം ഏതു തരത്തിലുള്ള ഉത്തേജനമാണുണ്ടാക്കുക എന്നത് ചിന്തിക്കാവുന്നതേയുള്ളൂ.
അവര്‍ക്കാവശ്യം ഉടനടി പണം കൈകളിലെത്തുക എന്നതാണ്. അതോടൊപ്പം ജീവനോപാധികളും, പുനരധിവാസ നടപടികളും അനിവാര്യമാണ്. കര്‍ഷകര്‍ക്കാണെങ്കില്‍ മിനിമം താങ്ങുവിലയാണ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളല്ല. ലോക് ഡൗണിനെ തുടര്‍ന്ന് വിപണികളിലെത്തിക്കാനെങ്കിലും കഴിയാത്തതുമൂലം നശിച്ചു പോകുന്ന ഉല്പന്നങ്ങളുടെ കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍, ധനമന്ത്രി മെഗാ ഉത്തേജന പദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട പാക്കേജിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ പ്രഖ്യാപനം പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു.
ഗുരുതരമായൊരു പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാണ് മോദി ഭരണകൂടവും, സംഘപരിവാറും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതെന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
ഒന്ന്, സ്വകാര്യവല്ക്കരണം വിവിധ മേഖലകളില്‍ വ്യാപകമാക്കുമെന്നും, പൊതു മേഖലയുടെ സാന്നിദ്ധ്യം ഏതാനും ചില മേഖലകളിലേക്കായി ഒതുക്കി നിര്‍ത്തുമെന്നും ഇതിനകം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതേപ്പറ്റി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ധനമന്ത്രി നല്കിയ വിശദീകരണം എന്തായിരുന്നു? കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്വകാര്യവല്ക്കരണം അല്ലാ, കോര്‍പ്പറേറ്റ്വല്ക്കരണം മാത്രമാണെന്ന്! ഈ രണ്ടു പ്രക്രിയകള്‍ തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായതുമല്ല. ഒരു കാര്യത്തില്‍ തര്‍ക്കമില്ല.
കൊവിഡ് പ്രതിരോധ പാക്കേജിന്‍റെ മറവില്‍ വിദേശ, സ്വദേശ കുത്തകകള്‍ക്ക് സമ്പദ് വ്യവസ്ഥയുടെ അക്ഷയ ഖനികളായ കല്‍ക്കരിയടക്കമുള്ള അമൂല്യ ധാതുനിക്ഷേപങ്ങളുടെ ചൂഷണത്തിനുള്ള കവാടങ്ങള്‍ തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. ‘സ്വദേശി പ്രേമവും’, ‘സെല്‍ഫ് റിലയന്‍സും’, ‘മേക്ക് ഇന്‍ ഇന്ത്യ’ യും കോര്‍പ്പറേറ്റ് പ്രീണന നയത്തിനായി മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
രണ്ട്, സാമ്രാജ്യത്വ മൂലധനം എക്കാലവും ലാഭകരമായ നിക്ഷേപത്തിനായി ഉറ്റുനോക്കിയിരുന്ന രാജ്യരക്ഷാ മേഖലയിലെ വിദേശ മൂലധന നിക്ഷേപ പരിധി നിലവിലുള്ള 49 ശതമാനം എന്നതു തന്നെ അതിരു കടന്നതാണെന്ന അഭിപ്രായം നിലവിലിരിക്കെ അത് 74 ശതമാനമാക്കി ഉയര്‍ത്തിയതിനു പിന്നിലെ ‘ദേശസ്നേഹം’ എന്താണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമാക്കിയാല്‍ നന്നായിരിക്കും. മൂന്ന്, രാജ്യസുരക്ഷക്കും, ഭീകരവാദ പ്രതിരോധത്തിനും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ക്കും, വ്യാപകമായ വിനിയോഗ സാദ്ധ്യതകളുള്ള ബഹിരാകാശ മേഖലയും വിദേശ മൂലധന നിക്ഷേപത്തിന് തുറന്നു കൊടുക്കാനും,അഞ്ചാം ഘട്ട പാക്കേജില്‍ നിര്‍ദ്ദേശമുണ്ട്. ഈ വിഷയത്തിലും സംഘപരിവാറിന്‍റെ പ്രതികരണം പ്രതീക്ഷിക്കുന്നു. നാല്, കൊവിഡ് ഉയര്‍ത്തിയ ഭീതിയുടെ പശ്ചാത്തലത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെ ചുമലിലേറ്റിയും പ്രായം ചെന്ന അച്ഛനമ്മമാരേയും, സഹോദരങ്ങളേയും കൂടെക്കൂട്ടിയും കിലോ മീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് വഴിയോരങ്ങളില്‍ സംഭവിക്കുന്ന ദുരന്തങ്ങളും സഹിച്ച് സ്വന്തം ജന്‍മ നാടുകളിലെത്താന്‍ പെടാപ്പാടുപെടുന്നവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്കുന്നതിനു പകരം, വിമര്‍ശനങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായിരിക്കാം സ്വയം തൊഴില്‍ പദ്ധതിക്കായി 40,000 കോടി രൂപ പാക്കേജിന്‍റെ ഭാഗമാക്കിയിരിക്കുന്നത്.
ജീവനുണ്ടെങ്കിലേ രാജ്യമുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുദ്രാവാക്യവുമായി അദ്ദേഹത്തിന്‍റെ കൂടി അംഗീകാരത്തോടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജിലെ ഉള്ളടക്കം ഒരര്‍ത്ഥത്തിലും പൊരുത്തപ്പെടുന്നില്ല.
അഞ്ച്, 2003ല്‍ നിലവില്‍ വന്ന ധനകാര്യ ഉത്തരവാദിത്വ ബജറ്റ്മാനേജ്മെന്‍റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ തയ്യാറാവാത്ത മോദി സര്‍ക്കാര്‍ 1955 മുതല്‍ നിലവിലിരിക്കുന്ന അവശ്യ ഉല്പന്ന നിയമം അപ്പാടെ ഉപേക്ഷിക്കാന്‍ കൊവിഡ് ദുരന്ത കാലത്ത് തന്നെ തയ്യാറായിരിക്കുന്നു എന്നത് സ്വകാര്യ വ്യാപാരികളെ സഹായിക്കാനാണെന്നതില്‍ സംശയിക്കേണ്ടതില്ല. ഭക്ഷ്യ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, പഞ്ചസാര തുടങ്ങിയ മുഴുവന്‍ അവശ്യനിത്യോപയോഗ വസ്തുക്കളുടേയും രൂക്ഷമായ വിലവര്‍ദ്ധനവിലേക്കായിരിക്കും ഈ തീരുമാനം ഇടയാക്കുക. ആറ്, മൊത്തം 20,97,053 കോടി രൂപക്കുള്ള ഉത്തേജക പാക്കേജ് അഞ്ച് ഘട്ടങ്ങളായിട്ടാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നമുക്കറിയാം. ഇതിന്‍റെ
ഭാഗമായി നേരത്തെ പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്‍റെ വക 1,92,800 കോടി രൂപയും ആര്‍ ബി ഐ യുടെ നടപടികളിലൂടെയുള്ള 8,01,603 കോടി രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉദ്ദേശം 4 ലക്ഷത്തോളം കോടി രൂപയുടെ ധനകാര്യ ബാദ്ധ്യത മാത്രമാണ് കേന്ദ്ര ഖജനാവിന് നേരിട്ട് ഏറ്റെടുക്കേണ്ടി വരുന്നതെന്നത് പ്രസക്തമായി കാണണം. ബാക്കിയുള്ള പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ ധനസഹായം ബാങ്കു വായ്പകളിലൂടെയാണ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതെല്ലാം തട്ടിക്കൂട്ടിയതിനു ശേഷമുള്ള തുകയാണ് ജി ഡി പി യുടെ 10 ശതമാനത്തില്‍ എത്തുക.
ഏഴ്,
കൊവിഡ് എന്ന ദുരന്തത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കുന്നതിനായിട്ടല്ല ഇത്തരമൊരു ബൃഹദ് പദ്ധതിക്കു രൂപം നല്കിയതു തന്നെ. എന്നാല്‍, ഇത്രയും വലിയൊരു, നിക്ഷേപത്തിന്‍റെ 10 ശതമാനമെങ്കിലും, അതായത് 2 ലക്ഷം കോടി രൂപ, ആരോഗ്യ മേഖലക്കായി നീക്കിവെക്കേണ്ടതായിരുന്നു. ഇതിനുപകരം ഈ നീക്കിയിരിപ്പു തുക വെറും 15,000 കോടി രൂപ മാത്രമാണ്.
എട്ട്, സംസ്ഥാന സര്‍ക്കാരുകള്‍, വിശിഷ്യാ, കേരളം നിരവധി വര്‍ഷങ്ങളായി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണ് കാര്യമായ ആഭ്യന്തര വായ്പാ പരിധി ഉയര്‍ത്തല്‍ എന്നത്. പാക്കേജിന്‍റെ ഭാഗമായി ഇത് 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി പലവട്ടം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞത്. ഈ തീരുമാനം തോമസ് ഐസക്ക് തന്‍റെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത,് അതിന്‍റെ ഭാഗമാക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ സംബന്ധമായിട്ടാണ്. കാരണം, കേരളം ഇതിനോടകം വാങ്ങിയിരിക്കുന്ന തുക നീക്കി വെച്ചാല്‍ വെറും അര ശതമാനം അധിക വായ്പ – അതായത്, ഉദ്ദേശം 4,500 കോടി രൂപ- മാത്രമാണ് ഉടനടി ലഭിക്കുക. ഇതുവഴി സ്തംഭനം താല്ക്കാലികമായി ഒഴിവാക്കാന്‍ കഴിയുമെന്നൊരു ആശ്വാസമുണ്ട്. അതുപോലെ തന്നെ വായ്പക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ 9 ശതമാനം വരെയുള്ള പലിശയാണ് ആവശ്യപ്പെടുന്നത്. ഇതിനുള്ള ഒരു പോംവഴി വായ്പകള്‍ ബോണ്ടുകള്‍ വഴി ആര്‍ ബി ഐ നേരിട്ട് തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുകയാണ്. ഇതിനു പുറമെ വായ്പാ പരിധി ഉയര്‍ത്തിയെന്ന കാര്യം പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ അനുവദിക്കപ്പെട്ട വായ്പാ ആനുകൂല്യത്തിൻ്റെ 84 ശതമാനവും പാഴാക്കിക്കളഞ്ഞിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് കുറ്റപ്പെടുത്താനും ധനമന്ത്രി സമയം കണ്ടെത്തിയിരുന്നു.വായ്പാ സംബന്ധമായി കേന്ദ്രം നിഷ്ക്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്കെതിരായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും, തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയുമുണ്ട്.
അഞ്ചുഘട്ടങ്ങളിലായി, കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് ഫലത്തില്‍ ഇന്ത്യാ രാജ്യത്തേയും, ജനങ്ങളേയും വിറ്റു തുലക്കുന്നൊരു പാക്കേജായി രൂപാന്തരപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. നടപ്പു ധനകാര്യ വര്‍ഷത്തേക്കുള്ള ബജറ്റ് പൊളിച്ചു പണിതതിനോടൊപ്പം, സ്വകാര്യവല്ക്കരണത്തിനും, അധികാര കേന്ദ്രീകരണത്തിനും കളമൊരുക്കുക എന്ന രഹസ്യ സംഘപരിവാര്‍ അജണ്ടയാണ് ഇതുവഴി ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
ലോകത്തെമ്പാടുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്തിട്ടുള്ളതുപോലെ ഇന്ത്യയിലെ നരേന്ദ്രമോദി ഭരണകൂടവും ഈ ദുരന്തത്തെ ചൂഷണത്തിനുള്ള അവസരമാക്കി മാറ്റുന്ന നിലപാടു തന്നെയാണ് സ്വീകരിച്ചുവരുന്നത്. വേണമെങ്കില്‍ ഈ നയപരിപാടിയെ ‘ഡിസാസ്റ്റര്‍ ക്യാപിറ്റലിസം’ എന്ന് വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജിനെ ഇതിന്‍റെ ഭാഗമായി വിശേഷിപ്പിക്കുന്നതിലും അപാകതയുണ്ടെന്നു തോന്നുന്നില്ല.