രാവണന്‍ കോട്ടയിലകപ്പെട്ട പ്രവാസികള്‍
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുരുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള രാവണന്‍ കോട്ടയിലെന്ന പോലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണ ഇന്‍ഡ്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ കൊവിഡ് കാല ജീവിതം. മാസങ്ങള്‍ നീണ്ടുനിന്ന ലോക് ഡൗണ്‍ കാരണം പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇനിയൊരിക്കലും തുറക്കാന്‍ കഴിയാത്തവിധം താഴ് വീണതിനാല്‍ തൊഴിലോ വരുമാനമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

വന്‍കിട സ്ഥാപനങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്തതിനാല്‍ പിരിച്ചുവിടപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ നിസ്സഹായരായി കഴിയുന്നവര്‍. എങ്ങനെയെങ്കിലും സ്വന്തം നാടുകളിലേക്ക് പോകാന്‍ വല്ലപ്പഴോ എത്തുന്ന ഒരു വിമാനത്തില്‍ ടിക്കറ്റിനായി എംബസ്സിയുടെയോ എയര്‍ ഇന്‍ഡ്യയുടെയോ പടിവാതില്‍ക്കല്‍ കുത്തിയിരിക്കുന്നവര്‍. രോഗത്തിന്‍റെ വാഹകരെന്ന തരത്തില്‍ സ്വദേശികളുടെ വംശീയ അധിക്ഷേപങ്ങള്‍ നിരന്തരം കേട്ടുകൊണ്ട് രോഷവും അമര്‍ഷവും ഉള്ളിലടക്കുന്നവര്‍. ഇന്‍ഡ്യക്കാരുടെ മാത്രമല്ല, സാധാരണ ബംഗ്ളാദേശിയുടെയും പാകിസ്താനിയുടെയും നേപ്പാളിയുടെയും ശ്രീലങ്കന്‍റെയും ഈജിപ്തുകാരന്‍റെയും പാലസ്തീന്‍ കാരന്‍റെയും അവസ്ഥ ഏറെക്കുറെ ഒരുപോലെ തന്നെയാണ്.
കോടിക്കണക്കിന് രൂപ ക്ഷേമനിധിയിലുണ്ടായിട്ടും അതൊന്നും കഷ്ടപ്പെടുന്ന പ്രവാസികളുടെ ഭക്ഷണത്തിനോ മരുന്നിനോ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിനോ ഉപയോഗിക്കാതെ നിധികാക്കുന്ന ഭൂതങ്ങളെപ്പോലെ വന്‍തുകക്ക് കാവലിരിക്കുന്ന അംബാസഡര്‍മാരും കോണ്‍സുലേറ്റ് ജനറല്‍മാരും സാധാരണ ഇന്‍ഡ്യന്‍ പ്രവാസികളുടെ കോവിഡ് കാല ദുരന്ത കാഴ്ചകളിലൊന്നാണ്.
വിശപ്പ്, മാനസിക പിരിമുറുക്കം, മരണം
മാറിത്താമസിക്കാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ രോഗം സ്ഥിരീകരിച്ചവരും രോഗം സംശയിക്കുന്നവരും രോഗമില്ലാത്തവരും ഇടകലര്‍ന്നുള്ള വൃത്തിഹീനമായ സാഹചര്യങ്ങളിലെ ജീവിതം.
ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണസാധനങ്ങള്‍ എത്തിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ മലയാളി പൊതുപ്രവര്‍ത്തകരുടെ മൊബൈലുകളില്‍ നിരന്തരമായി എത്തുന്നു.
ആദ്യകാലങ്ങളില്‍ അവര്‍ സന്ദേശങ്ങളുമായി എംബസ്സി/കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കുമായിരുന്നു. ക്ഷേമനിധിയില്‍ നിന്നും നയാപൈസ മുടക്കാ ന്‍ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ കൂട്ടാക്കിയില്ല.
ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളുടെ അവസ്ഥയാണ് പരമദയനീയം. കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥ. ക്രോണിക് രോഗാവസ്ഥയിലുള്ളവര്‍ക്ക് മരുന്നുവാങ്ങാന്‍ കാശില്ലാതായി.വിളിച്ചാലും വിളിച്ചാലും ആംബുലന്‍സുകള്‍ വരാതായി. സ്വന്തം നിലയില്‍ സുഹൃത്തുക്കളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സ്വകാര്യവാഹനങ്ങളില്‍ ആശുപത്രിയില്‍ പോയവരെ മടക്കിയയച്ചു. ചിലര്‍ വാഹനങ്ങള്‍ക്കുള്ളിലിരുന്നും ചിലര്‍ താമസ സ്ഥലത്തും മരിച്ചുവീണു. ആല്‍ബേര്‍ കാമുവിന്‍റെ ‘പ്ളേഗ്چല്‍ എലികള്‍ വഴിവക്കിലും അകത്തളങ്ങളിലും തെരുവിലും ചത്തുകിടക്കുന്നതുപോലെ തൊഴിലാളികളുടെയും ജീവിതം ഗള്‍ഫില്‍ അവസാനിച്ചുകൊണ്ടേയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൂടി ഇതുവരെ മരണമടഞ്ഞത് 1715 പേരെന്നാണ് ഈ ലേഖനം എഴുതുന്നതുവരെയുള്ള (16 ജൂണ്‍) ഔദ്യോഗിക കണക്ക്. ഇതില്‍ 219 പേരും മലയാളികളാണ് (13 ശതമാനം).
പൊതുജനാരോഗ്യ സംവിധാനങ്ങളില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍
മഹാമാരികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഗള്‍ഫ് രാജ്യങ്ങളിലെ പൊതുജനാരോഗ്യമേഖല പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ്.
സര്‍ക്കാര്‍ മേഖലയിലെ പരിമിതമായ ഹൈടെക്ക് ആശുപത്രികള്‍ സ്വാഭാവികമായും സ്വദേശി പൗരന്മാരെ ചികില്‍സിക്കുന്നതിനാണ് മുന്‍ഗണന കൊടുക്കുന്നത്. സ്വദേശികളില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് വിദേശികളെ ആശുപതിക്കുള്ളില്‍ കയറ്റുന്നതും ചികിത്സ കൊടുക്കുന്നതും.
വിദേശ തൊഴിലാളികള്‍ മാത്രമല്ല കൊവിഡിന്‍റെ ഇരകളായത്. നിരവധി സ്വദേശികളും കൊവിഡ് വിധിക്ക് കീഴടങ്ങികൊണ്ടിരിക്കുകയാണ്. വിദേശ തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ താരതമ്യേനെ സുരക്ഷിതരാണ്. സമ്പന്നരായ ഷെയ്ക്കുമാര്‍ക്കും രാജകുമാരന്മാര്‍ക്കും കുമാരിമാര്‍ക്കും ലോക് ഡൗണ്‍ കാലത്ത് തങ്ങളുടെ കൊട്ടാരങ്ങളില്‍ സുഖജീവിതം നയിക്കാം. സമഗ്രാധിപതികളായ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കെതിരെ സ്വദേശികളുടെ പ്രതിഷേധമുണ്ടാകാതിരിക്കാന്‍ സര്‍ക്കാരുകള്‍ പരമാവധി ശ്രമിക്കുകയാണ്. സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക കൊവിഡ് സാമ്പത്തിക
പാക്കേജുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആശുപതികളും മറ്റ് പൊതുജനാരോഗ്യ സംവിധാനങ്ങളും കൊവിഡിന് മുമ്പുതന്നെ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തുകഴിഞ്ഞിരുന്നു. വിദേശതൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും നിര്‍ബന്ധമല്ല. തൊഴില്‍ നഷ്ടപ്പെടുകയും തെരുവുകളില്‍ അലഞ്ഞുതിരിയുകയും ചെയ്യുന്ന വിദേശതൊഴിലാളികളാണ് കൊവിഡിന്‍റെ വ്യാപകരും നാടിന്‍റെ ശാപവുമെന്ന തരത്തില്‍ പ്രചാരണവും തീവ്രമായി നടക്കുന്നുണ്ട്.മോര്‍ച്ചറികളിലെ അവസ്ഥ പരിതാപകരമാണ്. കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ സ്ഥലമില്ലാതായിരിക്കുന്നു.

വിദേശ തൊഴിലാളികളെ മരുഭൂമിയില്‍ കൊണ്ടുപോയി തള്ളണമെന്നാണ് കുവൈറ്റിലെ പ്രമുഖ അഭിനേത്രി ഹയാത്ത് അല്‍ ഫഹദ് ട്വിറ്ററില്‍ കുറിച്ചത്.കുവൈറ്റ് പാര്‍ലമെന്‍റ് അംഗം സഫ അല്‍ ഹാഷിമും ഏറെക്കുറെ ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ഈ വിദേശ തൊഴിലാളികളെക്കൊണ്ട് ഞങ്ങള്‍ മടുത്തിരിക്കുന്നു. ഇവരെ നാടുകടത്തിക്കൊണ്ട് രാജ്യം ശുദ്ധീകരിക്കണം എന്നാണു അവര്‍ അഭിപ്രായപ്പെട്ടത്.
തിരിച്ചറിയല്‍ രേഖകളില്ലെന്ന കാരണത്താല്‍ ഇന്‍ഡ്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികളെയാണ്, എണീറ്റുനില്ക്കാന്‍ പോലും സൗകര്യമില്ലാത്ത നാടുകടത്തല്‍ കേന്ദ്രത്തില്‍ കുവൈറ്റ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ നിലപാടുതന്നെയാണ് ഖത്തറും എടുത്തിട്ടുള്ളത്. കുവൈറ്റ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കലാപം തന്നെയുണ്ടായി. എങ്കിലും തൊഴിലാളികളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ല. അവരെ ഇന്‍ഡ്യയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തെങ്കിലും ഒന്നും ഫലം കാണുന്നില്ല.
വ്യാപകമായ പിരിച്ചുവിടലും ആനുകൂല്യങ്ങളുടെ നിഷേധവും
വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ മേയ് 7 മുതല്‍ നടപ്പാക്കിവരുന്ന ‘വന്ദേ ഭാരത്’ എന്ന ഒഴിപ്പിക്കല്‍ നടപടി പോലും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ നിര്‍ബന്ധത്തിനും പ്രതികാരനടപടികള്‍ ഭയന്നുമാണ്. അതാണ് പേരിനുവേണ്ടി മാത്രം ആദ്യം ചില ഫ്ളൈറ്റുകള്‍ അയക്കുകയും പിന്നീട് വേണമെങ്കില്‍ തൊഴിലാളികള്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ വന്നോട്ടേയെന്ന നിലപാടെടുക്കുകയും സര്‍ക്കാരുകള്‍ ചെയ്തത്. അയാട്ട നിരക്കിനേക്കാള്‍ കൂടിയ തുകയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കല്‍ പ്രക്രിയ തുടങ്ങിയത്. ദീര്‍ഘനാളുകളായി തൊഴില്‍രഹിതരായ തൊഴിലാളികള്‍ക്ക് ഈ വര്‍ദ്ധിച്ച ഫ്ളൈറ്റ് ചാര്‍ജ്ജ് താങ്ങാവുന്നതായിരുന്നില്ല. ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങളെ സമീപിച്ച തൊഴിലാളികളെ അംബാസഡര്‍മാരും കോണ്‍സുലേറ്റ് ജനറല്‍മാരും പുശ്ചത്തോടെയാണ് തിരിച്ചയച്ചത്. ഇതിനിടക്ക് ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന് പറഞ്ഞതുപോലെ ചില സെക്റ്ററുകളില്‍ എയര്‍ ഇന്‍ഡ്യ വിമാനക്കൂലി നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കി. റിയാദ് കോഴിക്കോട് ഫ്ളൈറ്റ് ചാര്‍ജ്ജ് വന്ദേ ഭാരതത്തിന്‍റെ തുടക്കത്തില്‍ 900 റിയാല്‍ (18200 രൂപ) ഉണ്ടായിരുന്നത് ഇപ്പോള്‍ 1750 സൗദി റിയാലായി (35400 രൂപ).
എംബസികളുടെ കുറ്റകരവുമായ അനാസ്ഥ
ഈ ദുരന്തഭൂമിയില്‍ ഏറ്റവും വലിയ കുറ്റകരമായ അനാസ്ഥ കാണിച്ചുകൊണ്ടിരിക്കുന്നത് 6 എംബസ്സികളും 2 കോണ്‍സുലേറ്റുകളും ഉള്‍പ്പെടുന്ന ഗള്‍ഫിലെ 8 ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങളാണ്. ഈ സ്ഥാപനങ്ങളിലെല്ലാം കൂടി 100 കൊടിയില്‍പ്പരം രൂപ ക്ഷേമനിധിയില്‍ ഉണ്ടായിരുന്നിട്ടും ഭക്ഷണത്തിനും മരുന്നിനും ആംബുലന്‍സിനും മെച്ചപ്പെട്ട ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കുമായി സമീപിച്ചവരെ ആട്ടിയോടിക്കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.
പ്രവാസികള്‍ നേടിയെടുത്ത ചരിത്രവിധി
വന്ദേഭാരത മിഷന്‍ പ്രകാരം നാട്ടിലേക്ക് ഫ്ളൈറ്റ് ടിക്കറ്റ് ചോദിച്ചവരോട് ‘ഞങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ക്ഷേമനിധിയില്‍ നിന്നും ചെലവഴിക്കാന്‍ കഴിയില്ല എന്ന തീര്‍ത്തും നിഷേധാത്മകമായ മറുപടിയാണ് സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്നും ഉണ്ടായത്. ഗള്‍ഫിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി മുരളീധരനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അത് അതാത് രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ അംബാസഡര്‍മാര്‍ക്ക് തീരുമാനിക്കാമല്ലോ എന്നാണ് പറഞ്ഞത്. ചുരുക്കത്തില്‍ ഒരു കേന്ദ്രമന്ത്രിയും അംബാസഡര്‍മാരും തൊഴിലാളികളുടെ ജീവന്‍ വച്ച് കാല്‍പ്പന്ത് കളിക്കുന്ന ഈ നീതി നിഷേധത്തിനെതിരെ ചില സന്നദ്ധ സംഘടനകളുടെ (ഇടം സാംസ്കാരികവേദി റിയാദ്, ഗ്രാമം ദുബായ്, കരുണ ഖത്തര്‍) ശ്രമഫലമായി ഗള്‍ഫിലെ മൂന്ന് തൊഴിലാളികളുടെ ഭാര്യമാരും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരത്തുമാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളുടെ പണം കൊണ്ടുതന്നെ ഏര്‍പ്പെടുത്തിയ ഇന്‍ഡ്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് വിദേശങ്ങളില്‍ കഷ്ടപ്പെടുന്ന ഇന്‍ഡ്യക്കാരെ എല്ലാ തരത്തിലും സഹായിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് ഈ ഫണ്ട്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വൈദ്യസഹായം, നിയമസഹായം, വിമാന ടിക്കറ്റ്, മൃതദേഹം നാട്ടിലെത്തിക്കുക, തുടങ്ങിയ കാര്യങ്ങളില്‍ സ്പോണ്‍സര്‍മാര്‍ കയ്യൊഴിയുന്ന അവസരങ്ങളില്‍ ഈ ഫണ്ടില്‍ നിന്നും അതാത് രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നതാണ് വ്യവസ്ഥ. എന്തുകൊണ്ട് ഈ ഫണ്ടില്‍ നിന്നും പണമെടുത്ത് പാവപ്പെട്ട വിദേശ ഇന്‍ഡ്യക്കാരെ സഹായിച്ചു കൂടെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന് ഇതില്‍ യാതൊരെതിര്‍പ്പുമില്ലെന്നും അതാത് സ്ഥാനപതി കാര്യാലയങ്ങള്‍ ഫണ്ടിന്‍റെ പ്രോട്ടോക്കോള്‍ പ്രകാരം തീരുമാനം എടുക്കട്ടെ എന്ന മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൊടുത്തത്. മേയ് 27ന് പുറപ്പെടുവിച്ച വിധിയില്‍ വിദേശങ്ങളില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട ഇന്‍ഡ്യക്കാര്‍ക്ക് ഫ്ളൈറ്റ് ടിക്കറ്റ് ഭക്ഷണം, മരുന്ന്, യാത്രാച്ചെലവുകള്‍ തുടങ്ങിയവ കൊടുക്കാമെന്ന സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചു. പ്രവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചരിത്രപരമായ വിധിപ്രസ്താവമാണിത്.

അര്‍ഹരായ പ്രവാസികള്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബന്ധപ്പെട്ട രേഖകള്‍, ടിക്കറ്റിനുള്ള അപേക്ഷ, പാസ്പോര്ട്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പികളുമായി ഇന്ത്യന്‍ എംബസ്സിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപെട്ടാല്‍ അവര്‍ക്ക് വൈകാതെതന്നെ അവരുടെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ടിക്കറ്റിനുള്ള തുക നല്‍ക്കേണ്ടതാണ് എന്നാണു കോടതി നിര്‍ദേശിച്ചത്.100 കോടിയില്‍പ്പരം രൂപയാണ് 8 സ്ഥാനപതി കാര്യാലയങ്ങളില്‍ ഇപ്പോഴുള്ളത്.
പ്രവാസികള്‍ മടങ്ങിവരുമ്പോഴുള്ള അവസ്ഥ
പടപേടിച്ചു പന്തളത്ത് പോയപ്പോള്‍ ചൂട്ടും കെട്ടി പടയെന്ന് പറയുന്നതുപോലെയാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിവന്നാലത്തെ അവസ്ഥ. പ്രവാസികളുടെ മടങ്ങിവരവുതന്നെ ചതുര്‍ത്ഥിയായാണ് സംസ്ഥാനസര്‍ക്കാര്‍ കാണുന്നത്. ഓരോ ദിവസവും പുതിയ പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നു; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നു. പ്രതിഷേധമുണ്ടാവുമ്പോള്‍ മാറ്റുന്നു, അല്ലങ്കില്‍ പിന്‍വലിക്കുന്നു. കെ എന്‍ ഗണേഷിനെപ്പോലുള്ള എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകര്‍ പോലും പ്രവാസികള്‍ രോഗവാഹകരാണെന്നും അവരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇടണമെന്നുമുള്ള പ്രവാസികള്‍ക്കെതിരായ പൊതുജന വികാരങ്ങളെ ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നു.പ്രവാസികള്‍ തേനാണ് പാലാണ് എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാര്‍ ഇപ്പോള്‍ പഴയ ആവേശമൊന്നും കാണിക്കുന്നില്ല.

എന്താണ് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിവച്ചിട്ടുള്ള പുനരധിവാസ പദ്ധതികള്‍? കേന്ദ്രസര്‍ക്കാരിന്‍റെ പക്കല്‍ കഴിഞ്ഞ യു പി എ സര്‍ക്കാരിന്‍റെ കാലത്ത് വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ചുരുക്കം ചില പദ്ധതികളല്ലാതെ (അതിലൊന്നാണ് ഇവിടെ പരാമര്‍ശിച്ച കഇണഎ) മറ്റൊന്നുമില്ല. ഈ സര്‍ക്കാരിന്‍റെ 6 വര്‍ഷത്തെ ഭരണനേട്ടം പഴയ സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തിവയ്ക്കുകയാണ്. കേരളം സര്‍ക്കാരിന്‍റേതായി പ്രവാസി ക്ഷേമനിധിയും (ജൃമ്മശെ ണലഹളമൃല എൗിറ), നോര്‍ക്കയുടെ ചില പാദ്ധതികളുമല്ലാതെ (അവയൊക്കെ അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടാക്കിയതാണ്, 2019ല്‍ ) പുതുതായി ഒന്നുമില്ല. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് 60 വയസ്സുകഴിയുമ്പോള്‍ കിട്ടുന്ന 2000 രൂപയുടെ പെന്‍ഷനാണ് അതിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. 2013ല്‍ തുടങ്ങിയ ചഛഞഗഅയുടെ ലോണ്‍ പദ്ധതിയായ ചഉജഞഋങ (ചഛഞഗഅ ഉലുമൃാലേിേ ജൃീഷലരേ ളീൃ ഞലൗൃിലേറ ഋാശഴൃമിേെ) ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിവച്ചുനോക്കുമ്പോള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോയെന്നറിയില്ല. ഈ പദ്ധതി പ്രകാരം 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ ഇളവും സര്‍ക്കാരാണ് വഹിക്കേണ്ടത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച ലോക കേരള സഭ എന്ന ആശയവും ഏട്ടിലെ പശുവായി നിലനില്‍ക്കുകയാണ്.